കാറല്‍ മാര്‍ക്സിന്റെ വിഖ്യാതമായ മതവിമര്‍ശനം ഇങ്ങനെയാണ്: വിണ്ണിനെതിരെയുള്ള വിമര്‍ശനം മണ്ണിനെതിരെയുള്ള വിമര്‍ശനമായി മാറണം. എന്നാല്‍ മതമുള്ള കാലത്തോളം ചൂഷക സംവിധാനങ്ങള്‍ക്കെതിരെ തിരിയുവാന്‍ മനുഷ്യന് കഴിയില്ല. കാരണം മതം മര്‍ദ്ദിതരുടെ നിശ്വാസമാണ്. ഹൃദയമില്ലാത്തിടത്തെ ഹൃദയവും ആത്മാവില്ലാത്തിടത്തെ ആത്മാവുമാണത്. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്. പ്രജ്ഞയും പ്രതികരണശേഷിയും നഷ്ടപ്പെട്ടവനാണ് മതവിശ്വാസി. മതം മനുഷ്യന്റെ ചിന്താശക്തിയെ നശിപ്പിക്കുന്നു. താന്‍ അനുഭവിക്കുന്ന അനീതി നിറഞ്ഞ സാഹചര്യങ്ങളെ ചോദ്യം ചെയ്യാനും അവയ്ക്കെതിരെ പടപൊരുതാനുമുള്ള ശക്തിയെ മതം ചോര്‍ത്തിക്കളയുന്നു. അനീതിക്കെതിരെ ശബ്ദിക്കുവാനാകാതെ മതം മനുഷ്യന്റെ വായ മൂടികെട്ടുന്നു. അവന്റെ നാവിന് ചങ്ങലയിടുന്നു. അനീതിയും ചൂഷണവും സൃഷ്ടിക്കുന്ന അന്തരീക്ഷത്തില്‍നിന്ന് പുറത്തുകടക്കാനുള്ള വാതിലുകളെ മതം മനുഷ്യന്റെ നേര്‍ക്ക് കൊട്ടിയടക്കുക കൂടി ചെയ്യുന്നു.
മതം എങ്ങനെയാണ് മനുഷ്യന് മയക്കുന്നത്, ഒരാള്‍ എന്തുകൊണ്ട് മതവിശ്വാസിയാവാതിരിക്കണം എന്നാണ് മാര്‍ക്സ് വിശദീകരിക്കുന്നത്. ജൂത, ക്രൈസ്തവ, ഇസ്ലാം മതങ്ങളെ മുന്‍നിര്‍ത്തിയാണ് ഈ വിമര്‍ശനം. മാര്‍ക്സിന്റെ മതവിമര്‍ശനത്തില്‍ ഒരേസമയം ശരിയും തെറ്റുമുണ്ട്. സെമറ്റിക് മതങ്ങളുടെ ദൈവസങ്കല്പ്പം മാര്‍ക്സിന്റെ വിമര്‍ശനത്തെ സാധൂകരിക്കുന്നു. എന്നാല്‍ മണ്ണിനെയും വിണ്ണിനെയും വേറിട്ടു കാണാത്ത ഹൈന്ദവ മതങ്ങളുടെ ആത്മീയതയെക്കുറിച്ച് മാര്‍ക്സ് തികച്ചും അജ്ഞനായിരുന്നു. മനുഷ്യനെക്കുറിച്ചും പ്രപഞ്ചത്തെക്കുറിച്ചും ഹൈന്ദവമതങ്ങള്‍ അവതരിപ്പിക്കുന്ന അഗാധദര്ശനങ്ങളെക്കുറിച്ച് പ്രത്യക്ഷമോ പരോക്ഷമോ ആയ ജ്ഞാനമുണ്ടായിരുന്നെങ്കില്‍ മാര്‍ക്സിന്റെ മതവിമര്‍ശനം മറ്റൊന്നാകുമായിരുന്നു. ഭാരതീയ ഋഷിമാരേയും ഗൗതമബുദ്ധനേയും മഹാവീരനെയുമൊക്കെ അറിഞ്ഞിരുന്നെങ്കില്‍ ‘മര്‍ദ്ദിതന്റെ നിശ്വാസമാണ് മതം’ എന്ന അബദ്ധ പ്രസ്താവന പ്രതിഭാശാലിയായ മാര്‍ക്സില്‍നിന്ന് ഉണ്ടാകുമായിരുന്നില്ല.
താന്‍ മനസ്സിലാക്കിയ മതത്തെ മാര്‍ക്സ് ഏതെങ്കിലും തലത്തില്‍ അംഗീകരിക്കുന്നുവെന്നതിന് തെളിവില്ല. വിചിത്രമെന്ന് പറയട്ടെ, “മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്” എന്ന വിമര്‍ശനത്തെ നിര്‍വീര്യമാക്കാന്‍ മതം “ഹൃദയമില്ലാത്തിടത്തെ ഹൃദയവും ആത്മാവില്ലാത്തിടത്തെ ആത്മാവുമാണ്” എന്ന അദ്ദേഹത്തിന്റെ വാക്കുകളെ വഞ്ചനാത്മകമായി ദുര്‍വ്യാഖ്യാനം ചെയ്യുകയാണ് ഇന്ത്യന്‍ മാര്‍ക്സിസ്റ്റുകള്‍ ചെയ്യാറുള്ളത്. ആത്മാവില്ലാത്ത ലോകത്തെ ആത്മാവെന്നും ഹൃദയമില്ലാത്ത ലോകത്തെ ഹൃദയമെന്നും മാര്‍ക്സ് മതത്തെക്കുറിച്ച് പറഞ്ഞത് കൊടിയ അമര്‍ഷത്തോടും നിന്ദാഗര്ഭമായുമാണ്. സംഘടിത മതങ്ങളെ പ്രീണിപ്പിക്കാന്‍ മാര്‍ക്സിന്റെ ഈ വാചകങ്ങളെ മറയാക്കുന്ന ഇന്ത്യന്‍ മാര്‍ക്സിസ്റ്റുകള്‍ മാര്ക്സിന് ഉപരിപ്ലവമായ ധാരണ മാത്രമുണ്ടായിരുന്ന ഹൈന്ദവ മതങ്ങളെ തള്ളിപ്പറയാന്‍ “മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെ”ന്ന അദ്ദേഹത്തിന്റെ വാചകം ആയുധമാക്കുകയും ചെയ്യുന്നു.
ആശയവാദത്തില്‍ അധിഷ്ഠിതമായ വൈരുദ്ധ്യാത്മകതയെ ഭൗതികവാദത്തിന്റെ അടിസ്ഥാനത്തില്‍ വ്യാഖ്യാനിക്കുക വഴി ഹെഗലിനെ തലകുത്തി നിര്‍ത്തുകയായിരുന്നു കാറല്‍ മാര്‍ക്സ് എന്നാണ് പറയാറുള്ളത്. എന്നാല്‍ മാര്‍ക്സിന്റെ മതവിമര്‍ശനം ഇന്ത്യന്‍ സാഹചര്യത്തില്‍ പ്രയോഗിച്ച മാര്‍ക്സിസ്റ്റുകള്‍ മാര്‍ക്സിനെയാണ് തലകുത്തി നിര്‍ത്തിയത്. ഇതിനാലാണ് പശ്ചിമബംഗാളിലെ സിപിഎം നേതാവും മുന്‍മന്ത്രിയുമായ അബ്ദുര്‍ റസാഖ് മൊല്ലക്ക് ഇപ്പോള്‍ ഹജ്ജിന് പോകാന്‍ അനുമതി നല്കിയ സിപിഎം ആറ് വര്‍ഷം മുമ്പ് കോടിയേരി ബാലകൃഷ്ണന് കാടാമ്പുഴ ക്ഷേത്രത്തില്‍ നടത്തിയ പൂമൂടല്‍ വഴിപാടിനെ അംഗീകരിക്കാന്‍ വിസമ്മതിച്ചത്.
ഹജ്ജിന് പോകാന്‍ ആഗ്രഹം പ്രകടിപ്പിച്ച അബ്ദുര്‍ റസാഖ് മൊല്ലയോട് സിപിഎം ബംഗാള്‍ ഘടകം ഇതിനായി ഒരു അപേക്ഷ സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. സംസ്ഥാന സെക്രട്ടറി ബിമന്‍ ബോസ് ആദ്യം എതിര്‍ത്തു നോക്കിയെങ്കിലും ഫലമുണ്ടായില്ല. “നിങ്ങള്‍ വിലക്കിയാല്‍ ഞാന്‍ പോകില്ല. ഞാന്‍ ഒഴിവാക്കപ്പട്ടാല് അതെന്തുകൊണ്ടാണെന്ന് ജനങ്ങള്‍ ചോദിക്കും. നിങ്ങളുടെ നിര്‍ദ്ദേശപ്രകാരമാണെന്ന് ഞാനവരോട് പറയുകയും ചെയ്യും” എന്നാണ് ബിമന്‍ ബോസിനോട് മൊല്ല പറഞ്ഞത്. ബംഗാളിലെ സിപിഎം നേതാവ് എന്നതിനുപരി മുസ്ലീം നേതാവായാണ് മൊല്ല അറിയപ്പെടുന്നത്. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയായിരുന്ന ബുദ്ധദേവ് ഭട്ടാചാര്യപോലും ഒലിച്ചുപോയപ്പോള്‍ എംഎല്‍എയായി ജയിച്ചുകയറിയ വ്യക്തിയാണ് മൊല്ല. ഇങ്ങനത്തെയൊരാളെ ഹജ്ജിന് വിടാതിരുന്നാലുള്ള പ്രത്യാഘാതം മനസ്സിലാക്കിയാണ് പാര്‍ട്ടി സെക്രട്ടറിയേറ്റിന് അപേക്ഷ സമര്‍പ്പിക്കാന്‍ ബിമന്‍ ബോസ് നിര്‍ദ്ദേശിച്ചത്. മൊല്ല അപേക്ഷ സമര്‍പ്പിച്ചു, സെക്രട്ടറിയേറ്റ് അനുമതിയും നല്കി. ഹജ്ജിന് പോകാന്‍ അനുവദിക്കണമെന്നല്ല, മെക്ക സന്ദര്‍ശിക്കാന്‍ അനുവദിക്കണമെന്നായിരുന്നു അപേക്ഷയെന്ന് മാത്രം. തങ്ങള്‍ അനുമതി നല്‍കിയത് ഹജ്ജ് യാത്രയ്ക്കല്ല, മെക്ക സന്ദര്‍ശനത്തിനാണ് എന്ന് ബിമന്‍ ബോസിനെപ്പോലുള്ളവര്‍ ഇനി വാദിക്കുമായിരിക്കും!
മൊല്ലയുടെ അപേക്ഷയില്‍ ഹജ്ജിന് പകരം മെക്ക എന്നാക്കിയതുകൊണ്ടെന്നും ആരെയും തെറ്റിദ്ധരിപ്പിക്കാനാവില്ല. മൊല്ല പോകുന്നത് മെക്കയിലെ കാഴ്ച കാണാനല്ല. ഹജ്ജ് കര്‍മ്മം ചെയ്യാനാണ്. തന്റെ യാത്രയെക്കുറിച്ച് മൊല്ല പറയുന്നത് ശ്രദ്ധിക്കുക: വ്യക്തിജീവിതത്തില്‍ വിശ്വാസിയായിരിക്കുകയെന്നത് ഒരു കമ്മ്യൂണിസ്റ്റിന് സംബന്ധിച്ചിടത്തോളം സാധാരണ കാര്യമാണ്. അതാണ് യാഥാര്‍ത്ഥ്യവും. നാം ജീവിക്കുന്നത് പാര്‍ലമെന്ററി ഡെമോക്രസിയിലാണ്. സ്വത്വരാഷ്ട്രീയത്തിന്റെ പ്രാധാന്യത്തെ നിങ്ങള്‍ക്കൊരിക്കലും നിഷേധിക്കാനാവില്ല. ഈ പാര്‍ട്ടിയില്‍ ഒരുപാട് കാപട്യക്കാരുണ്ട്. മക്കളുടെ രജിസ്റ്റര്‍ മാര്യേജ് നടത്തിയശേഷം മതപരമായ ചടങ്ങ് നടത്തുന്നവരാണവര്‍.
ബുദ്ധദേവ് ഭട്ടാചാര്യയുടെ ബദ്ധവൈരിയായാണ് മൊല്ല ബംഗാളിലെ സിപിഎം ഘടകത്തില്‍ അറിയപ്പെടുന്നത്. മെക്കയില്‍ ഭട്ടാചാര്യക്കും മുന്‍വ്യവസായ മന്ത്രി നിരുപം സെന്നിനുംവേണ്ടി പ്രാര്‍ത്ഥിക്കുമെന്നാണ് മൊല്ല പരിഹസിച്ചത്. സ്വത്വരാഷ്ട്രീയത്തെ എതിര്‍ക്കുന്നതാണ് സിപിഎമ്മിന്റെ ഔദ്യോഗിക നയം. എന്നാല്‍ തന്റെ മുസ്ലീം സ്വത്വത്തെ വിസ്മരിക്കാന്‍ മൊല്ല ഒരിക്കലും തയ്യാറല്ല. “ഞാന്‍ ജനിച്ചുവീണ മതവിശ്വാസത്തോട് കൂറു പുലര്‍ത്തേണ്ടത് എന്റെ കടമയാണ്. ഈദ് നമസ്ക്കാരത്തില്നിന്നും ഞാന്‍ വിട്ടുനില്‍ക്കാറില്ല. സര്‍വശക്തനിലുള്ള എന്റെ വിശ്വാസം എല്ലായിപ്പോഴും സമ്പൂര്‍ണമാണ്. അത് അങ്ങനെയായിരിക്കാനെ തരമുള്ളൂ. ഞാന്‍ മതപരമായാണ് വിവാഹം ചെയ്തത്. അതൊരു നിക്കാഹ് ആയിരുന്നു.” ഇങ്ങനെ പറയുന്ന റസാഖ് മൊല്ലയോട് ഒരര്‍ത്ഥത്തില്‍ നമുക്ക് ആദരവ് തോന്നും; ഹിന്ദു കമ്മ്യൂണിസ്റ്റുകള്‍ എന്നറിയപ്പെടുന്നവരുടെ ഭീരുത്വത്തെയോര്ത്ത്.
സിപിഎമ്മിന്റെ സംഘടനാ ശ്രേണി പരിശോധിക്കുമ്പോള്‍ അബ്ദുള്‍ റസാഖ് മൊല്ലയെക്കാള് ഒട്ടും താഴെയല്ല പാര്‍ട്ടി പൊളിറ്റ് ബ്യൂറോയിലും കേന്ദ്ര കമ്മറ്റിയിലും അംഗമായ കോടിയേരി ബാലകൃഷ്ണന്. എന്നിട്ടും മതവിശ്വാസത്തിന്റെ കാര്യത്തില്‍ ഇപ്പോള്‍ മൊല്ലയോട് പാര്‍ട്ടി കാണിച്ച അനുഭാവം കോടിയേരിയ്ക്ക് ലഭിച്ചില്ല. 2006 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കാടാമ്പുഴ ഭഗവതി ക്ഷേത്രത്തില്‍ കോടിയേരി ബാലകൃഷ്ണന്റേയും മകന് ബിജോയിയുടേയും പേരില്‍ പൂമൂടല്‍ വഴിപാട് നടത്തിയ വിവരം ‘ജനശക്തി’ മാസികയാണ് വെളിപ്പെടുത്തിയത്. കോടിയേരിയുടെ ഭാര്യ വിനോദിനിയാണ് വഴിപാട് വാങ്ങിയത്. എന്നാല്‍ സംഭവം വിവാദമായതോടെ പൂമൂടല്‍ വഴിപാട് നടത്തിയിട്ടില്ലെന്ന് കോടിയേരിയും സിപിഎം നേതൃത്വവും ആവര്‍ത്തിച്ചു. ഇത് തെളിയിക്കാന്‍ തലശ്ശേരിക്കാരനായ മറ്റൊരു ബാലകൃഷ്ണനെ ഹാജരാക്കുകയുണ്ടായി. ഇയാള്ക്കുമുണ്ടായിരുന്നു ബിജോയ് എന്ന് പേരുള്ള ഒരു മകന്. എന്നാല്‍ കോടിയേരിയെപ്പോലെ വിനോദിനി എന്നൊരു ഭാര്യ ഇയാള്‍ക്കുമുണ്ടോ എന്ന് ആരും ചോദിച്ചില്ല. 2013 വരെ ബുക്കിംഗ് പൂര്‍ത്തിയായ പൂമൂടല്‍ വഴിപാട് നടത്താന്‍ ‘വിഐപി’ ലിസ്റ്റിലൂടെയാണ് കോടിയേരി കയറിപ്പറ്റിയതെന്ന് വെളിപ്പെട്ടതോടെ കോടിയേരിയുടെ അപരന് അപ്രത്യക്ഷനായി. കോടിയേരിയുടെ പൂമൂടല്‍ വഴിപാട് വിവരം ചോര്‍ത്തിയതിന് ക്ഷേത്രജീവനക്കാരനും മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന് സംസ്ഥാന കമ്മറ്റിയംഗവുമായ കൃഷ്ണഭട്ടിനെ സംഘടനയില്‍നിന്ന് പുറത്താക്കി. മറ്റൊരംഗമായ അനില്‍കുമാറിനെ ജില്ലാ കമ്മറ്റിയിലേക്ക് തരംതാഴ്ത്തി. ഒടുവില്‍ പൂമൂടല്‍ വിവാദത്തിന് പിന്നിലെ ‘ഗൂഢാലോചന’ പുറത്തുകൊണ്ടുവരാന്‍ ആഭ്യന്തരമന്ത്രിയായ കോടിയേരി വിജിലന്‍സ് അന്വേഷണം വരെ പ്രഖ്യാപിച്ചു! ആലോചിച്ചു നോക്കൂ, എത്ര പരിതാപകരമാണ് സിപിഎമ്മിലെ ഒരു ഹിന്ദു കമ്മ്യൂണിസ്റ്റിന്റെ അവസ്ഥ.
മതവിശ്വാസത്തിന്റെ കാര്യത്തില്‍ കോടിയേരിക്ക് സിപിഎമ്മിനകത്ത് ലഭിക്കാതിരുന്ന ആനുകൂല്യം റസാഖ് മൊല്ല അതേ പാര്‍ട്ടിയില്‍ അനുഭവിക്കുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിക്കുമ്പോള്‍ മാര്‍ക്സിന്റെ മതവിമര്‍ശനത്തെ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ തലകുത്തി നിര്‍ത്തിയിരിക്കുന്നത് കൂടുതല്‍ വ്യക്തമാവും. പശ്ചിമബംഗാളിന്റെ കാര്യമെടുത്താല്‍ ഇതിന് വേറെയും ഉദാഹരണങ്ങളുണ്ട്. സിപിഎമ്മിന്റെ പ്രമുഖ നേതാവും ഗതാഗതമന്ത്രിയും ജ്യോതിബസുവിന്റെ ഇഷ്ടക്കാരനുമായിരുന്ന സുഭാഷ് ചക്രവര്‍ത്തി താരകേശ്വരി ക്ഷേത്ര ദര്‍ശനത്തിനെത്തിയപ്പോള്‍ ഒരു പ്രസ്താവന നടത്തുകയുണ്ടായി. താന്‍ ആദ്യം ഒരു ബ്രാഹ്മണനും രണ്ടാമത് ഹിന്ദുവുമാണ്. മൂന്നാമതാണ് കമ്മ്യൂണിസ്റ്റാകുന്നത് എന്നായിരുന്നു വിവാദത്തിനിടയാക്കിയ പ്രസ്താവന. ഒടുവില്‍ ചക്രവര്‍ത്തിയ്ക്ക് പാര്‍ട്ടിയോട് മാപ്പ് പറയേണ്ടി വന്നു. നവവധുവുമൊത്ത് തിരുപ്പതി ദര്‍ശനം നടത്തിയതിന് ദിവംഗതനായ പാര്‍ട്ടി നേതാവ് ബിനോയ് ചൗധരിയും വിമര്‍ശിക്കപ്പെട്ടു.
മെക്കയില്‍ പോയി ‘ഉമ്റ’ ചെയ്തതിന്റെയും ഈദ് ഗാഹ് അനുഷ്ഠിച്ചതിന്റെയും പശ്ചാത്തലത്തിലാണ് എ.പി.അബ്ദുല്ലക്കുട്ടിക്കെതിരെ സിപിഎം അച്ചടക്ക നടപടി എടുത്തതെങ്കിലും അതിന് പറഞ്ഞ കാരണം നരേന്ദ്രമോഡിയുടെ ഗുജറാത്ത് വികസന മാതൃകയെ പ്രകീര്‍ത്തിച്ചുവെന്നാണ്. നരേന്ദ്രമോഡി സര്‍ക്കാര്‍ ഗുജറാത്തില്‍ നിക്ഷേപം കൊണ്ടുവരുന്നതിനെ കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ മാതൃകയാക്കണമെന്ന് ദുബായിയില്‍ നടന്ന ഒരു പരിപാടിയില്‍ അബ്ദുല്ലക്കുട്ടി പറഞ്ഞിരുന്നു. സമാനമായ അഭിപ്രായം അന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന ബുദ്ധദേവ് ഭട്ടാചാര്യയും പ്രകടിപ്പിച്ചിരുന്നുവെങ്കിലും പാര്‍ട്ടി അതിനുനേര്‍ക്ക് കണ്ണടച്ചു. പാര്‍ട്ടി നേതൃത്വത്തിലിരിക്കെ മതാനുഷ്ഠാനം ചെയ്തത് അബ്ദുല്ലക്കുട്ടിയ്ക്കെതിരായ അച്ചടക്ക നടപടി ക്ഷണിച്ചുവരുത്തുന്നതായിരുന്നെങ്കിലും അക്കാര്യത്തില്‍ പാര്‍ട്ടി നിശ്ശബ്ദത പാലിച്ചു. കാരണം വ്യക്തമായിരുന്നു; അബ്ദുല്ലക്കുട്ടിയുടെ മതം. അതേസമയം കണ്ണൂരിലെ മലപ്പട്ടത്ത് വെള്ളാട്ട് നടത്തിയ പാര്‍ട്ടി അംഗത്തെ പുറത്താക്കാന്‍ സിപിഎമ്മിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. മതവിശ്വാസത്തിന്റെ കാര്യത്തില്‍ അബ്ദുല്ലക്കുട്ടിയോട് കാണിച്ച അനുഭാവമാണ് ഇപ്പോള്‍ ഹജ്ജ് യാത്രയ്ക്ക് തയ്യാറായ അബ്ദുള്‍ റസാഖ് മൊല്ലയോടും സിപിഎം കാണിക്കുന്നത്. ഹിന്ദുവായ കോടിയേരിമാര്‍ക്ക് സ്വന്തം മതവിശ്വാസം വിനയാകുമ്പോള്‍ അബ്ദുള്‍ റസാഖുമാരുടെ മതവിശ്വാസം അവരെ പ്രത്യേക പരിഗണനയ്ക്ക് അര്‍ഹരാക്കുന്നു.
ഇഎംഎസ് നമ്പൂതിരിപ്പാടിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭാര്യയുമൊത്ത് രഹസ്യമായിട്ടേ പഴനി സന്ദര്‍ശിക്കാനായുള്ളൂ. ഇതിന്റെ ചിത്രം പിന്നീട് പുറത്തുവന്നു. തിരുവനന്തപുരം പഴവങ്ങാടി ക്ഷേത്രത്തിനുമുന്നില്‍ കാര്‍ കൊണ്ടുനിര്‍ത്തി ഭാര്യ തൊഴാനായി പോകുമ്പോള്‍ ഇഎംഎസ് കാറില്‍ത്തന്നെ ഇരിക്കാറാണ് പതിവ്. താന്‍ പുട്ടപര്‍ത്തിയിലെ സത്യസായി ആശ്രമം സന്ദര്‍ശിച്ചിട്ടുണ്ടെന്ന് വളരെ കഴിഞ്ഞാണ് കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനായ പി.ഗോവിന്ദപിള്ള വെളിപ്പെടുത്തിയത്. ഇതേ പാര്‍ട്ടിയില്‍ത്തന്നെയാണ് ഇപ്പോള്‍ സര്‍വശക്തനായ ഇസ്ലാമിക ദൈവത്തിലുള്ള തന്റെ വിശ്വാസം സമ്പൂര്‍ണമാണെന്ന് റസാഖ് മൊല്ല അഭിമാനത്തോടെ പ്രഖ്യാപിക്കുന്നത്. “ഞാന്‍ ഈ ദൈവങ്ങളെയൊക്കെ വെറുക്കുന്നു” എന്നാണ് കാറല്‍ മാര്‍ക്സ് പറഞ്ഞത്. മാര്‍ക്സ് വെറുത്ത ദൈവങ്ങളെയാണ് മൊല്ലമാര്‍ വാരിപ്പുണരുന്നത്. മൊല്ലമാരുടെ ഈ ധാര്‍ഷ്ട്യത്തിന് മുന്നില്‍ ബുദ്ധനും ബിമനുമൊക്കെ നോക്കുകുത്തികള്‍ മാത്രം.
മുരളി പാറപ്പുറം
പ്രതികരിക്കാൻ ഇവിടെ എഴുതുക: