ന്യൂദല്‍ഹി: ബംഗളൂരു സ്ഫോടനക്കേസിലെ പ്രതി ഫാസിഹ് മുഹമ്മദിനെ(28) സൗദിഅറേബ്യ ഇന്ത്യക്കു കൈമാറി. ഇന്നലെ രാവിലെ ദല്‍ഹി വിമാനത്താവളത്തിലിറങ്ങിയെ ഫാസിഹിനെ ദല്‍ഹി പോലീസിന്റെ പ്രത്യേകസെല്‍ കസ്റ്റഡിയിലെടുത്തു. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലെ സ്ഫോനം, 2010ലെ ദല്‍ഹിയിലെ ജുമാമസ്ജിദ് സ്ഫോടനം, എന്നിവക്ക് പിന്നില്‍ ഫാസിഹിന് പങ്കുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍.
ബീഹാര്‍ സ്വദേശിയായ ഫാസിഹ് ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരസംഘടനയിലെ അംഗമാണ്. കഴിഞ്ഞ മെയിലാണ് ഫാസിഹിനെ സൗദി സര്‍ക്കാര്‍ അറസ്റ്റ് ചെയ്തത്. ഫാസിഹിന്റെ ഭീകരബന്ധം തെളിയിക്കുന്ന രേഖകള്‍ ഇന്ത്യ സൗദി സര്‍ക്കാരിന് കൈമാറിയിരുന്നു. വിചാരണക്കായി ഫാസിഹിനെ കൈമാറണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് ഫാസിഹിനെ സൗദി കൈമാറിയത്. ലഷ്കറെ തൊയ്ബയുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഫാസിഹിനെക്കുറിച്ച് വിവരമില്ലെന്ന് കാട്ടി ഇയാളുടെ ഭാര്യ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. സൗദി-ഇന്ത്യ അന്വേഷണ ഏജന്‍സികള്‍ സംയുക്തമായാണ് ഫാസിഹിനെ കസ്റ്റഡിയിലെടുത്തതെന്ന് കാട്ടിയാണ് കോടതിയെ സമീപിച്ചത്. പരാതിയില്‍ കേന്ദ്രത്തിന്റെ വിശദീകരണവും കോടതി തേടിയിരുന്നു.
മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ലഷ്കര്‍ ഭീകരന് അബുജുണ്ടാലിനെ സമാന രീതിയില്‍ സൗദി ഇന്ത്യക്ക് കൈമാറിയിരുന്നു. ഫാസിഹിനെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസും പുറപ്പെടുവിച്ചിരുന്നു. ദീര്‍ഘനാളത്തെ ശ്രമത്തെതുടര്‍ന്നാണ് ഫാസിഹിനെ സൗദി അറേബ്യ ഇന്ത്യക്കു വിട്ടുനല്‍കിയത്. ഭീകരസംഘടനകളുമായി ബന്ധപ്പെട്ടതിന് സൗദി അറേബ്യയിലും ഇയാള്‍ക്കെതിരെ കേസുണ്ടായിരുന്നു.
ഫാഹിസിന്റെ അറസ്റ്റ് വലിയ വഴിത്തിരിവായിരിക്കുമെന്ന് ആഭ്യന്തര സെക്രട്ടറി ആര്.കെ സിംഗ് പറഞ്ഞു. സൗദി അറേബ്യയിലെ ശിക്ഷാകാലാവധി പൂര്‍ത്തിയായതിനുശേഷമാണ് ഫാസിഹിനെ ഇന്ത്യയിലേക്കയച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ നടന്ന നിരവധി ഭീകരാക്രമണങ്ങളില്‍ ഹാഫിസിന് പങ്കുണ്ടെന്നും ഇതിന് അന്വേഷണ ഏജന്‍സിയുടെ കൈവശം വ്യക്തമായ തെളിവുകളുണ്ടെന്നും സിംഗ് പറഞ്ഞു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഫാസിഹിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, അറസ്റ്റിലായ ഫാസിഹിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെടുമെന്ന് ബംഗളൂരു പോലീസ് അറിയിച്ചു. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലെ ആക്രമണവുമായി ബന്ധപ്പെട്ടായിരിക്കും കസ്റ്റഡി ആവശ്യപ്പെടുകയെന്നും ബംഗളൂരു ജോയിന്റ് കമ്മീഷണര്‍ ബി.ദയാനന്ദ് പറഞ്ഞു. ഇത് സംബന്ധിച്ച് ഔദ്യോഗിക നടപടികളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. എന്നാല്‍ ഫാസിഹിനെതിരെ റെഡ്കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും, ഉടന്‍ തന്നെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: