കോട്ടയം: ദേശീയപാത 220-ല്‍ സ്വകാര്യ ബസുകളുടെ സൊസൈറ്റി രൂപീകരിച്ച് സര്‍വ്വീസുകള്‍ ആരംഭിക്കുന്നു. കണ്ണൂരില്‍ തുടക്കമിട്ട സ്വകാര്യ ബസ് സൊസൈറ്റി സര്‍വ്വീസ് വിജയം കണ്ടതോടെയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരം സംഘങ്ങള്‍ രൂപീകൃതമായത്.
കോട്ടയം ജില്ലയില്‍ മൂന്നാമത്തെ സൊസൈറ്റിയാണ് ഹൈറേഞ്ച് മേഖല കേന്ദ്രീകരിച്ച് വരുന്നത്. കോട്ടയം – ചേര്‍ത്തല റൂട്ടിലായിരുന്നു തുടക്കം. രണ്ടാമതായി കോട്ടയം – വൈക്കം റൂട്ടിലാണ് സൊസൈറ്റി രൂപീകൃതമായത്. സൊസൈറ്റി രൂപീകതൃമാകുന്നതോടെ റൂട്ടുകളിലെ മത്സരവും പരസ്പര സംഘര്‍ഷങ്ങളും ഒഴിവാക്കാന്‍ കഴിയുമെന്നാണ് വാഹന ഉടമകള്‍ വിശദീകരിക്കുന്നത്.
ജില്ലയില്‍ ഏറ്റവും കൂടുതല്‍ സ്വകാര്യ ബസുകള്‍ സര്‍വ്വീസ് നടത്തുന്നത് കുമളി സെക്ടറായ 220 ദേശീയപാതയിലാണ്.്കോട്ടയം, ചങ്ങനാശേരി സ്റ്റാന്‍ഡുകളില്‍ നിന്ന് ഹൈറേഞ്ചിലേയ്ക്ക് സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസുകളാണ് ഈ സൊസൈറ്റിയില്‍ ഉള്‍പ്പെടുന്നത്. പതിനാലാം മൈല്‍ മുതലാണ് സൊസൈറ്റിയുടെ പരിധി. നവംബര്‍ ഒന്നു മുതല്‍ പ്രവര്‍ത്തനമാരംഭിക്കുന്ന സ്വകാര്യ ബസുകളുടെ സൊസൈറ്റിയുടെ പേര് ഹൈറേഞ്ച് മോട്ടോര്‍ സൊസൈറ്റി എന്നായിരിക്കും.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കെഎസ്ആര്‍ടിസി കുമളി സെക്ടറിലേക്ക് കൂടുതല്‍ സര്‍വ്വീസുകള്‍ ആരംഭിച്ചതോടെ മത്സരഓട്ടവും അമിത വേഗതയും അപകടങ്ങളും ഉണ്ടാകുന്നത് വര്‍ധിച്ചതോടെയാണ് ഇതിന് പരിഹാരമെന്ന നിലയില്‍ സൊസൈറ്റി രൂപീകരിക്കാന്‍ ഉടമകള്‍ തീരുമാനിച്ചത്. സൊസൈറ്റി പ്രവര്‍ത്തിക്കുന്നിടങ്ങളില്‍ മത്സര ഓട്ടവും സംഘര്‍ഷവും പൂര്‍ണ്ണമായും ഒഴിവാക്കപ്പെട്ടതായും ഉടമകള്‍ അവകാശപ്പെടുന്നു. ഒപ്പം ഇന്ധനച്ചെലവ് 10 ശതമാനത്തോളം കുറവ് വന്നതായും ചൂണ്ടിക്കാണിക്കപ്പെടുന്നു.
സര്‍വ്വീസുകളില്‍ നിന്ന് ഓരോ ദിവസവും ലഭിക്കുന്ന കളക്ഷന്‍ എല്ലാ ഉടമകളും കൃത്യമായി വീതിക്കുകയും എല്ലാ ബസുകളിലെയും തൊഴിലാളികള്‍ക്ക് ഒരേ മാനദണ്ഡത്തില്‍ ശമ്പളം നല്‍കുകയും ചെയ്യുന്ന നയമാണ് സൊസൈറ്റി സര്‍വ്വീസിനുള്ളത്. സ്ഥിരംയാത്രക്കാര്‍ക്ക് സീസണ് ടിക്കറ്റ് സംവിധാനം ക്രമീകരിക്കാനും സൊസൈറ്റി പദ്ധതി തയ്യാറാക്കുന്നുണ്ട്. 20 ദിവസത്തെ പണം മുന്‍കൂട്ടി നല്കിയാല് ഒരുമാസം യാത്ര ചെയ്യാം. സൊസൈറ്റിയില്‍ അംഗമായ എതു ബസിലും ഈ പാസ് ഉപയോഗിച്ച് യാത്ര ചെയ്യാം. സൊസൈറ്റിയില്‍ അംഗങ്ങളായിട്ടുള്ള ബസുകളുടെ നിറം ഏകീകരിക്കാനും ഉദ്ദേശ്യമുണ്ട്.
ഒരു വര്‍ഷം മുന്‍പ് കോട്ടയംചേര്‍ത്തല റൂട്ടില്‍ വേമ്പനാട് ട്രാവത്സ് എന്ന പേരില്‍ 35 ബസുകള്‍ ചേര്‍ന്നാണ് ജില്ലയില്‍ ആദ്യം സൊസൈറ്റി രൂപീകരിച്ചത്. ഇത് വിജയം കണ്ടതോടെയാണ് സൊസൈറ്റി പ്രവര്‍ത്തനം കൂടുതല്‍ റൂട്ടുകളിലേയ്ക്ക് വ്യാപിപ്പിക്കാന്‍ ഉടമകളെ പ്രേരിപ്പിച്ചത്. രണ്ടാം ഘട്ടമായി കോട്ടയം വൈക്കം റൂട്ടില്‍ യൂണിറ്റിയെന്ന പേരിലും, എറണാകുളം-കോട്ടയം റൂട്ടില്‍ കൊച്ചി-കോട്ടയം സൊസൈറ്റിയെന്ന പേരിലും സൊസൈറ്റി ബസുകളുടെ സര്‍വീസ് തുടങ്ങി. കോട്ടയം -തിരുവാര്‍പ്പ് – ചെങ്ങളം, കോട്ടയം – മണര്‍കാട് – പാലാ റൂട്ടുകളിലും സൊസൈറ്റി ബസുകളുടെ സര്‍വീസുകള്‍ ആരംഭിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: