നാഗ്പൂര്‍: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി സര്‍സംഘചാലക് മോഹന്‍ ഭാഗവത് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. തന്നെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടുമോ എന്ന ചോദ്യത്തിന് ഇത്തരം കാര്യങ്ങളില്‍ ആര്‍എസ്എസ് ഇടപെടാറില്ലെന്ന് മോഡി മറുപടി പറഞ്ഞു. നീണ്ട ഇടവേളയ്ക്കു ശേഷമാണ് താന്‍ ഇവിടെയെത്തി സര്‍സംഘചാലകിനെയും മറ്റും കാണുന്നത്. വിവിധ വിഷയങ്ങളെക്കുറിച്ച് അവരുമായി ചര്‍ച്ച നടത്തുകയും ചെയ്തതായി മോഡി കൂട്ടിച്ചേര്‍ത്തു.
പ്രത്യേക വിമാനത്തില്‍ നഗരത്തിലെത്തിയ മോഡി ചര്‍ച്ചയ്ക്കു ശേഷം ഉടനെ മടങ്ങുകയും ചെയ്തു. മോഡിയുടെത് സാധാരണ കൂടിക്കാഴ്ചയാണെന്നും അതിന് പ്രത്യേക രാഷ്ട്രീയ അര്‍ഥങ്ങളില്ലെന്നും ചര്‍ച്ചയെക്കുറിച്ച് ബിജെപി പ്രതികരിച്ചു. നരേന്ദ്രമോഡിയോ ബിജെപിയിലെ മറ്റു മുതിര്‍ന്ന നേതാക്കളോ ആര്‍എസ്എസ് നേതാക്കളെ പലപ്പോഴും കാണാറുണ്ട്. ഈ കൂടിക്കാഴ്ചയെയും അങ്ങനെ കരുതിയാല്‍ മതി. അതിന് എന്തെങ്കിലും രാഷ്ട്രീയ നിറം നല്‍കുന്നത് ശരിയല്ലെന്നും ബിജെപി വക്താവ് മുഖ്താര്‍ അബ്ബാസ് നഖ്വി ദല്‍ഹിയില്‍ പറഞ്ഞു.
പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ആരെ ചൂണ്ടിക്കാട്ടിയാലും തീരുമാനമെടുക്കേണ്ടത് ബിജെപിയാണെന്ന് ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി അംഗം രാംമാധവ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഇതിലെല്ലാം തീരുമാനമെടുക്കാനുള്ള അധികാരം പാര്‍ട്ടിക്കാണ്. ഇക്കാര്യത്തില്‍ പാര്‍ട്ടിയാണ് തീരുമാനമെടുക്കേണ്ടതെന്ന നിലപാടില്‍ ആര്‍എസ്എസ് വളരെ മുമ്പു തൊട്ടെ ഉറച്ചുനില്‍ക്കുകയാണെന്നും രാംമാധവ് പറഞ്ഞു. പലരും തങ്ങളുടെ കാഴ്ചപ്പാട് പുറത്തു പറയും. അവരുടെ വികാരവിചാരങ്ങള്‍ ഇതുപോലുള്ള വിഷയങ്ങളില്‍ പ്രകടിപ്പിക്കുമെങ്കിലും ദൈനംദിന രാഷ്ട്രീയ വിഷയങ്ങള്‍ അനുസരിച്ചല്ലേ തീരുമാനമെടുക്കേണ്ടത്. ഇത്തരത്തില്‍ എപ്പോഴെങ്കിലും ചര്‍ച്ച വേണ്ടി വന്നാല്‍ സംഘടനയിലെ മുതിര്‍ന്ന നേതാക്കള്‍ അതിനു വേണ്ട നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അവര്‍ ഒരുമിച്ചിരുന്ന് ചര്‍ച്ച ചെയ്ത് കാര്യങ്ങള്‍ തീരുമാനിക്കും. ജനങ്ങളും പ്രവര്‍ത്തകരും ആര്‍എസ്എസ് നേതൃത്വത്തിനു മുന്നിലെത്തി തങ്ങളുടെയും കാഴ്ചപ്പാട് അവതരിപ്പിക്കുക പതിവാണ്, രാംമാധവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: