പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലക്കൂട്ടലിലൂടെ ഉല്‍പ്പാദനവിതരണ പൊതുമേഖലാ കമ്പനികള്‍ക്ക് കൂടുതലായി ലഭിക്കാന്‍ പോകുന്നതിന്റെ 1000 ഇരട്ടി സാമ്പത്തിക ഭാരം രാഷ്‌ട്രത്തിനും പൊതുജനത്തിനും ഉണ്ടാകുന്നു. കേന്ദ്രസര്‍ക്കാരിന്റെ സാരഥികള്‍ അന്ധന്മാര്‍ അല്ല അവര്‍ അതിബുദ്ധിമാന്മാരും വിവേകമുള്ളവരുമാണ്. എണ്ണ വ്യാപാര മേഖലയിലൂടെ ഒഴുകുന്ന കള്ളപ്പണത്തിന്റെ മുന്തിയ പങ്കും സ്വിസ്സ് ബാങ്കുകളില്‍ എത്തുന്നു. ഒരുപക്ഷേ ജനാധിപത്യ ഭാരതം കണ്ടറിഞ്ഞ കുംഭകോണങ്ങളില്‍ വച്ചേറ്റവും വലിയ സാമ്പത്തികക്കൊള്ള പെട്രോളിയം മേഖലയില്‍ നിന്നാണെന്നും സമീപഭാവിയില്‍ തെളിയും. പ്രകൃതി കനിഞ്ഞു നല്‍കിയ വന്‍ എണ്ണ-പ്രകൃതി വാതക ശേഖരം ഭാരതത്തിന്റെ കരകളിലും കടല്‍ത്തീരങ്ങളിലുമുണ്ട്. കഴിഞ്ഞ അരനൂറ്റാണ്ട് കാലമായി വിവിധതരം സര്‍വ്വേകള്‍ നടത്തി വ്യാവസായിക അടിസ്ഥാനത്തിലുള്ള നിക്ഷേപമുണ്ടെന്ന് ഉറപ്പ് വരുത്തിയിട്ടുള്ളതാണ്.
ഭാരതത്തിന്റെ എണ്ണ-വാതക പര്യവേഷണ ഉല്‍പ്പാദന ദൗത്യം ഒഎന്‍ജിസി എന്ന പൊതുമേഖലാ സംവിധാനത്തെ ഏല്‍പ്പിച്ചത് 1960-കളുടെ അവസാനമാണ്. ദൗത്യം ഏറ്റെടുത്ത കമ്പനി തുടക്കത്തില്‍ ദേശസ്നേഹത്തോടെ, ഉത്തരവാദിത്തത്തോടെ ദൗത്യം നടപ്പിലാക്കി വന്നു. കാലാന്തരത്തില്‍ അതിമോഹികളും ഭരണക്കാരുടെ ചാര്‍ച്ചക്കാരും ഒഎന്‍ജിസിയില്‍ അടിഞ്ഞു കൂടിയതോടെ സാധാരണ സര്‍ക്കാര്‍ വകുപ്പിന്റെ ജീര്‍ണ്ണിച്ച നിലവാരത്തിലേക്ക് ഒഎന്‍ജിസി കൊമ്പുകുത്തി. സ്വകാര്യ എണ്ണ ഉല്‍പ്പാദന-സംസ്ക്കരണ-വിതരണ സ്വദേശി കമ്പനികള്‍ രംഗത്ത് വരുന്നതിന് മുമ്പുതന്നെ അഴിമതിയും ഒറ്റിക്കൊടുക്കലും ഭാരിച്ച കൈക്കൂലിയും ഒഎന്‍ജിസിയുടെ മുഖമുദ്രയായിക്കഴിഞ്ഞു. മറ്റ് സമീപപ്രദേശങ്ങളിലെ ഓഫ്ഷോര്‍ എണ്ണപ്പാടങ്ങളിലേക്കുള്ള അടിയൊഴുക്കുകള്‍ കുറയുന്ന തരത്തില്‍ നമ്മുടെ ഓഫ്ഷോറില്‍ ഡ്രില്ലിംഗ് നടത്തി കണ്ടെത്തിയ വന്‍ നിക്ഷേപങ്ങള്‍ പുറത്തെടുക്കാതിരിക്കാന്‍ വേണ്ട വ്യാപാരതന്ത്രത്തിലൂടെ ഒഎന്‍ജിസിയുടെ വന്‍ സ്രാവുകളും ഭരണതലത്തിലെ ജന്മികളും കൂടിയാലോചിച്ച് ഭാരതത്തിന്റെ എണ്ണ സ്വയംപര്യാപ്തതാ സ്വപ്നത്തെ അട്ടിമറിച്ചു.
സ്വകാര്യ-സ്വദേശി എണ്ണക്കമ്പനികളുടെ രംഗപ്രവേശത്തോടെ എണ്ണ ഖാനന-വിപണന മേഖലയില്‍ ഒത്തുകളി നിലവില്‍ വന്നു. അന്താരാഷ്‌ട്ര ക്രിക്കറ്റ് കളിയിലെ “മാച്ച് ഫിക്സിംഗ്” എന്ന പ്രക്രിയ ഒഎന്‍ജിസി ഏറ്റെടുത്തു. ഒഎന്‍ജിസിയിലെ ഉന്നത ഉദ്യോഗസ്ഥരെല്ലാം സ്വകാര്യ കമ്പനികളുടെ വന്‍ തുകകള്‍ കൈപ്പറ്റിക്കൊണ്ടിരിക്കുന്നവരാണ്. ഓണ്‍ഷോര്‍-ഓഫ്ഷോര്‍ ഡ്രില്ലിംഗ് നടത്തി വന്‍ എണ്ണ-വാതക ശേഖരം കണ്ടെത്തിയ അനേകം എണ്ണക്കിണറുകള്‍ ഒത്തുകളിയുടെ ഭാഗമായി പ്ലസ് ചെയ്ത് ഇറക്കുമതി ചെയ്യാന്‍ നിരന്തരം അവസരമൊരുക്കുകയാണ് ചെയ്തുവരുന്നത്. മാറി മാറി വരുന്ന അന്തര്‍ദേശീയ വില നിലവാരത്തെയും ദൈനംദിനം നിലംപതിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ രൂപയുടെ മൂല്യശോഷണവും വിളിച്ചുകൂവി വ്യാപകമായ അന്തര്‍ദേശീയ അഴിമതി നടത്തി രാജ്യത്തെ നശിപ്പിക്കാന്‍ ഖാനന മേഖലയില്‍ സ്വയം പര്യാപ്തത ഉണ്ടാകരുതെന്നാണ് യജമാനന്മാരുടെ ഉത്തരവ്. അത് പഞ്ചപുശ്ചമടക്കി ഭരണകര്‍ത്താക്കള്‍ അനുസരിച്ചുവരുന്നു.
കേരളത്തിലെ വിവിധ പത്രങ്ങളില്‍, പ്രത്യേകിച്ച് മംഗളം ദിനപത്രത്തില്‍ 2007 ല്‍ പ്രസിദ്ധീകരിച്ച എണ്ണ ഖാനന മേഖലയെപ്പറ്റിയുള്ള ലേഖന പരമ്പരയെ അടിസ്ഥാനമാക്കി പി.സി.തോമസ് എംപി ലോക്സഭയില്‍ നടത്തിയ സമ്മര്‍ദ്ദങ്ങളെത്തുടര്‍ന്ന് “കൊച്ചി ഹായ്” എണ്ണപ്പാടങ്ങളില്‍ ഡ്രില്ലിംഗ് ആരംഭിച്ചു. കൊച്ചിയില്‍നിന്നും 40 കി.മീറ്റര്‍ ഉള്‍ക്കടലില്‍ ഒഎന്‍ജിസി നടത്തിയ എണ്ണക്കിണല്‍ കുഴിക്കല്‍ ദൗത്യത്തിന് “ധീരുഭായ് അംബാനി-1” എന്ന ഡ്രില്ലിംഗ് ഋഗ് ആണ് ഉപയോഗിച്ചത്. പ്രതിദിനം അന്ന് 6.7 കോടി രൂപ വാടക നല്‍കി രണ്ട് മാസത്തിലധികക്കാലം പലപല എണ്ണക്കിണറുകള്‍ കുഴിച്ചു. മേല്‍നോട്ടം ഒഎന്‍ജിസിക്ക്. ഒരു കിലോമീറ്റര്‍ താഴ്ചയെത്തിയപ്പോള്‍ ചില കിണറുകളില്‍നിന്നും അസാധാരണമായ മര്‍ദ്ദത്തില്‍ ക്രൂഡ് ഓയിലും വാതകവും പുറത്തുവന്നുകൊണ്ടിരുന്നതിനെ നിയന്ത്രിക്കാനും കിണറുകള്‍ പ്ലഗ് ചെയ്യാനും ഏറെ പണിപ്പെടേണ്ടി വന്നു. അവിടെനിന്നും താഴേക്ക് വീണ്ടും കുഴിച്ച് നാല് കി.മീറ്റര്‍ താഴ്ചയിലെത്തിയപ്പോള്‍ അവിടെനിന്നും ലഭിച്ച ഒഴുക്കിന്റെ മര്‍ദ്ദം താരതമ്യേന കുറവാണെന്ന കള്ളക്കാരണം പറഞ്ഞ് ഡ്രില്ലിംഗ് നിര്‍ത്തി. ഇതില്‍ ഒത്തുകളി ദൃശ്യമാണ്. കൊച്ചി ഹൈയിലെ ഓയില്‍ വാതക ഡാറ്റ മുഴുവന്‍ അംബാനിയുടെ പക്കലുണ്ട്.
കൊച്ചിഹൈ സര്‍വ്വേയ്‌ക്കും പര്യവേഷണത്തിനും യാതൊരുവിധ സാമ്പത്തിക മുതല്‍ മുടക്കുമില്ലാതെ സ്വകാര്യകമ്പനി ഭാവിയില്‍ എണ്ണഖനന വിപണന ദൗത്യം ഏറ്റെടുത്താല്‍, അഥവാ ജനാധിപത്യഭരണക്കാര്‍ റിലയന്‍സിനെ ദൗത്യം ഏല്‍പ്പിച്ചാല്‍ ജനം അത്ഭുതപ്പെടരുത്. ഇതാണ് “മാച്ച് ഫിക്സിംഗ്” ഈ കൂട്ടിക്കൊടുക്കല്‍ പ്രക്രിയ വ്യാപകമാണ് ഭാരതത്തില്‍. സ്വദേശത്ത് ഹൈഡ്രോ കാര്‍ബണ്‍ സ്വയം പര്യാപ്തത നേടിയെടുക്കാനുള്ള ദൗത്യം അരനൂറ്റാണ്ട് മുമ്പേ നാം ഏല്‍പ്പിച്ച ഒഎന്‍ജിസിയുടെ മുഖ്യ പ്രവര്‍ത്തനമേഖല ഇപ്പോള്‍ ഒഎന്‍ജിസിvidesh Ltd എന്ന തലപ്പാവണിഞ്ഞ് കാസ്പിയന്‍ കടലിലെ എണ്ണപ്പാടത്തേക്ക് കേന്ദ്രീകരിച്ചിരിക്കുന്നതാണ് കാണാന്‍ കഴിയുക. അവിടെ “അസര്‍ബയ്ണ്ടാല്‍” എണ്ണപ്പാടത്ത് പ്രതിദിനം 7,00,000 ബാരല്‍ കുഴിച്ചെടുക്കുന്നതിന്റെ കൂട്ടുപങ്കാളി ബ്രിട്ടീഷ് പെട്രോളിയം (ബി-പി) ആണെന്നുള്ളത് എണ്ണമേഖലയിലെ ധാരണയിലേക്ക് വിരല്‍ചൂണ്ടുന്നു. ഇതില്‍ ഒഎന്‍ജിസിയുടെ പ്രതിദിന വിഹിതം 19,000 ബാരല്‍ ആണ്. ഇത് ഇറക്കുമതിയുടെ കണക്കിലോ?
റിലയന്‍സ് ഇന്‍ഡസ്ട്രീസ് (ആര്‍ഐഎല്‍) ഖാനനദൗത്യം ഏറ്റെടുത്ത കെജി-ഡി6 ബ്ലോക്കിലെ ഉറപ്പുവരുത്തിയ പ്രതിദിന ഉല്‍പ്പാദനം 70 ശതമാനം വെട്ടിക്കുറച്ച് 10.3 ട്രില്യന്‍ ക്യുബിക്ക് ഫീറ്റില്‍നിന്നും 3-10 ക്യുബിക്ക് ട്രില്യന്‍ ഫീറ്റ് യൂണിറ്റാക്കിയതിന്റെ കാരണം ലോക്സഭയില്‍ 2012 ആഗസ്റ്റ് ഒമ്പതിന് വിശദീകരിച്ച പെട്രോളിയം വകുപ്പ് സഹമന്ത്രി ആര്‍.പി.എന്‍.സിംഗ് പാര്‍ലമെന്റിനെയും ജനാധിപത്യഭാരതത്തെയും തെറ്റിധരിപ്പിക്കുകയായിരുന്നു.
ധീരുഭായ്-1,3 ഫീല്‍ഡുകളിലെ ഉല്‍പ്പാദനം മൂന്നില്‍ ഒന്നായി കുറച്ചതിന്റെ കാരണമായി ചൂണ്ടിക്കാട്ടിയത് ഗ്യാസ് ഉല്‍പ്പാദനക്കിണറുകളുടെ ബോറുകളില്‍ വെള്ളവും മണലും കടന്നുകൂടിയെന്ന നിലനില്‍ക്കാത്ത ന്യായീകരണമാണ്. വാതകവും ക്രൂഡ് ഓയിലും ഉല്‍പ്പാദിപ്പിക്കുമ്പോള്‍ അതില്‍ വെള്ളവും മണലും കടന്നുകൂടുന്നത് പുതുമയല്ല. അതിനാലാണ് എണ്ണ മേഖലയില്‍ പ്ലാറ്റ്ഫോമില്‍ ഫില്‍റ്ററേഷനും സെപ്പറേറ്ററും സംവിധാനങ്ങള്‍ ഉണ്ടാക്കിയിട്ടുള്ളത്. ആര്‍ഐഎല്ലിന്റെ ഫീല്‍ഡിലും ഇതേ പ്രതിഭാസം ആവര്‍ത്തിക്കുന്നു. ആറ് കിണറുകളുള്ളതില്‍ ചിലതിലെ ഉല്‍പ്പാദനം വെള്ളം-മണല്‍ കാരണത്താല്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ക്രൂഡ് ഓയിലില്‍ ഇത്തരം “ഇംപ്യൂരിറ്റീസ്” ഉണ്ടാകും, അവര്‍ വേര്‍തിരിക്കുന്നതാണ് സാങ്കേതിക പ്രക്രിയകള്‍. മുന്‍കൂര്‍ അംഗീകരിച്ച് ഉറപ്പുവരുത്തിയ ഉല്‍പ്പാദന ഷെഡ്യൂളില്‍നിന്നും താഴേക്ക് പോയതിന്റെ കാരണം ചൂണ്ടിക്കാട്ടുന്നത് “”unforeseen geological surprises” എന്ന വില്ലനാണ്. ഇത് എന്തെന്ന് കണ്ടെത്താതെ, വിശദീകരിക്കാതെ ബന്ധപ്പെട്ട മന്ത്രാലയവും മന്ത്രിയും “തത്തമ്മേ പൂച്ച പൂച്ച” പറഞ്ഞ് പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിച്ചു.
The Director General of Hydro Carbon (DGH) എന്ന സര്‍ക്കാര്‍ ഏജന്‍സി ഉയര്‍ത്തുന്ന ആക്ഷേപം നേരത്തെ തീരുമാനമെടുത്തത്ര എണ്ണ-വാതക കിണര്‍ കുഴിച്ചില്ല എന്നാണ്. 31 കിണറുകള്‍ കുഴിച്ച് അതില്‍നിന്ന് പ്രതിദിനം 80 മില്യന്‍ ഘനമീറ്റര്‍ വാതകം ഉല്‍പ്പാദിപ്പിക്കാമെന്ന കണ്ടെത്തലിനനുസൃതമായി ഉറപ്പിച്ച കരാര്‍ മാനിക്കാതെ 29 മില്യന്‍ M3 മാത്രമാണ് ഉല്‍പ്പാദിപ്പിച്ചത് എന്നാണ്.
ആര്‍ഐഎല്‍ ഏറ്റെടുത്ത ദൗത്യം വെട്ടിച്ചുരുക്കി പ്രതിദിനം 59 മില്യന്‍ ഘനമീറ്റര്‍ വാതക ഉല്‍പ്പാദനം കുറച്ചതിലൂടെ അവരുടേതായ ലക്ഷ്യങ്ങളുണ്ട്. ഇന്ന് പാചകവാതക സിലിണ്ടറിന്റെ സര്‍ക്കാര്‍ നല്‍കിവരുന്ന സബ്സിഡി വെട്ടിക്കുറയ്‌ക്കാനും വില കൂട്ടാനും മുഖ്യകാരണം ഉല്‍പ്പാദനം വെട്ടിക്കുറയ്‌ക്കലാണ്. ഭാവിയില്‍ ഉല്‍പ്പാദനക്ഷമത പുനഃസ്ഥാപിക്കലും ഒരിക്കല്‍ ഉയര്‍ത്തിയ വില കുറയ്‌ക്കില്ല. ഭാരതത്തിന്റെ എണ്ണ-പ്രകൃതിവാതക മേഖലയില്‍ നിലനില്‍ക്കുന്ന ഒത്തുകളിയും ആര്‍ഭാടവും അവസാനിപ്പിക്കാന്‍ ഭരണതലത്തില്‍ തീരുമാനമെടുക്കാന്‍ താല്‍പ്പര്യമില്ലാത്തിടത്തോളംകാലം വിലക്കയറ്റം നിരന്തരം നാം അനുഭവിക്കേണ്ടിവരും.
കുറെ ഹാര്‍വാര്‍ഡ് സാമ്പത്തിക ആശാന്മാര്‍ അണിനിരന്ന് ഭരിക്കുന്ന സ്വതന്ത്രഭാരതത്തിന്റെ ജനാധിപത്യ സോഷ്യലിസം കാപ്പിറ്റലിസത്തിലേക്ക് നീങ്ങുന്നതില്‍ അത്ഭുതപ്പെടേണ്ടതില്ല. ജനാധിപത്യ സങ്കല്‍പ്പത്തെതന്നെ അവതാളത്തിലാക്കുന്ന തരത്തിലാണ് വ്യാപകമായ അഴിമതിയും വിലക്കയറ്റവും അവയുടെ നഗ്നവും ബാലിശവുമായ ന്യായീകരണവും ഭാരതത്തിലെ ജനിച്ചുവളരുന്ന തലമുറകള്‍ക്ക് പൈതൃകസ്വത്തായി ദൈവം കനിഞ്ഞു നല്‍കിയ അമൂല്യങ്ങളായ പ്രകൃതിവിഭവങ്ങള്‍ ഭരണക്കാര്‍ കട്ടുതിന്നുന്നു. കല്‍ക്കരിക്കുശേഷം പതിന്മടങ്ങ് വലിയ കുംഭകോണം പെട്രോളിയം സര്‍ക്കാരിനെ താങ്ങിനിര്‍ത്താന്‍ അവസരവാദികളുടെ നീണ്ടനിര-ഘടകകക്ഷികള്‍!!
പി.രാമചന്ദ്രന്‍ നായര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: