റലേഗന്‍ സിദ്ധി: വിവരാവകാശ പ്രവര്ത്തകന് അരവിന്ദ് കേജ്രിവാളിന് അണ്ണാഹസാരെയുടെ രൂക്ഷ വിമര്‍ശനം. ഒരു സമയം ഒരു വിഷയത്തില്‍ ശ്രദ്ധചെലുത്താനും ആ പ്രശ്നത്തിന് പരിഹാരം കാണാനും കേജ്രിവാളിനോട് ഹസാരെ ഉപദേശിച്ചു. അഴിമതിക്കെതിരെ പോരാടുന്നതില്‍ തനിക്ക് കേജ്രിവാളില് നിന്ന് വ്യത്യസ്തമായ മാര്‍ഗമാണ് ഉള്ളത്. എന്നാല്‍ രണ്ടു പേര്‍ക്കും ഒരേ ലക്ഷ്യമാണുള്ളതെന്നും ഹസാരെ പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം കേജ്രിവാളിനെതിരെ ആഞ്ഞടിച്ചത്.
എല്ലാ പ്രശ്നങ്ങളും ഒരു പോലെ കൈകാര്യം ചെയ്യണം. ഓരോ ആഴ്ച്ചയും ഓരോ രാഷ്ട്രീയ നേതാക്കളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നത് ശരിയല്ല. അഴിമതിക്കെതിരെയാണ് നാം പോരാടേണ്ടത്. ഇതിനെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്നും ഹസാരെ പറഞ്ഞു. അടുത്തിടെ നടന്ന സംഭവങ്ങളെക്കുറിച്ച് തനിക്ക് കൂടുതലൊന്നും അറിയില്ല. ശസ്ത്രക്രിയയെ ത്തുടര്‍ന്ന് ആശുപത്രിയിലായിരുന്നതിനാല്‍ ടിവിയോ, പത്രമോ വായിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ഇതേക്കുറിച്ച് കൂടുതല്ലൊന്നും പറയാനില്ലെന്നും ഹസാരെ പറഞ്ഞു. രാജ്യത്തെ ജനങ്ങള്‍ക്കു മുമ്പില്‍ കേജ്രിവാള് എന്തൊക്കെയാണ് തുറന്നുകാട്ടുന്നതെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേജ്രിവാളിന് പിന്തുണ പിഖ്യാപിച്ചിട്ടുള്ളവര്ക്ക് തന്റെ പുതിയ അഴിമതി വിരുദ്ധ സംഘത്തില്‍ സ്ഥാനമുണ്ടായിരിക്കില്ലെന്നും ഹസാരെ മുന്നറിയപ്പും നല്കി. നവംബര്‍ 24 നോ 25 നോ പുതിയ സംഘത്തിന്റെ ആദ്യ യോഗം റലേഗന്‍ സിദ്ധിയില്‍ ചേരുമെന്നും 50 അംഗങ്ങളായിരിക്കും ഉണ്ടായിരിക്കുകയെന്നും ഹസാരെ പറഞ്ഞു. എല്ലാ അംഗങ്ങളും അവരുടെ ആസ്തിയെക്കുറിച്ച് ആദ്യ യോഗത്തില്‍ വെളിപ്പെടുത്തും. അടുത്ത വര്‍ഷം ജനുവരി 30 മുതല്‍ പാറ്റ്നയിലെ ഗാന്ധി മൈതാനിയില്‍ നിന്ന് അഴിമതിക്കെതിരെ രാജ്യവ്യാപകപര്യടനം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനുള്ള കേജ്രിവാളിന്റെ തീരുമാനത്തിനുശേഷമാണ് ഹസാരെസംഘം വഴിപിരിഞ്ഞത്. കേജ്രിവാളിന്റെ രാഷ്ട്രീയ മോഹങ്ങളാണ് സംഘം പിരിയാനുള്ള കാരണമെന്ന് ഹസാരെ തുറന്ന് പറയുകയും ചെയ്തിരുന്നു. ഗാന്ധിജയന്തി ദിനത്തില്‍ പുതിയ രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപിച്ച കേജ്രിവാള് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്നും അറിയിച്ചിരുന്നു.
യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയുടെ മരുമകനും ബിസിനസുകാരനുമായ റോബര്‍ട്ട് വധേരയും ഡി എല്‍ എഫും തമ്മിലുള്ള അനധികൃത ഭൂമി ഇടപാടിന്റെ കഥകള്‍ കേജ്രിവാള് പുറത്ത് കൊണ്ടുവന്നിരുന്നു. തുടര്‍ന്ന് നാടകീയമായ സംഭവ വികാസങ്ങളാണ് ദല്‍ഹിയിലുണ്ടായത്. എന്നാല്‍ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ അഴിമതി ആരോപണമുന്നയിച്ച കേജ്രിവാള് സംഘം പ്രതിരോധത്തിലായിരിക്കുകയാണ്. സംഘാംഗങ്ങളായ പ്രശാന്ത് ഭൂഷന്, അഞ്ജലി ദമാനിയ, മായങ്ക ഗാന്ധി എന്നിവര്‍ക്കെതിരെ അഴിമതി ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ അവര്‍ക്കെതിരെ കേജ്രിവാള് അന്വേഷണം പ്രഖ്യപിക്കുകയും ചെയ്തു.
അതേസമയം, കേജ്രിവാളിനെതിരെ ആരോപണമുന്നയിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്വിജയ് സിംഗ് രംഗത്തെത്തി. 2005-2006 കാലയളവില്‍ സോണിയാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ദേശീയ ഉപദേശക സമിതിയില്‍ അംഗമാക്കണമെന്നാവശ്യപ്പെട്ട് കേജ്രിവാള് തന്നെ സമീപിച്ചിരുന്നുവെന്നാണ് ദിഗ്വിജയിന്റെ ആരോപണം. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് സ്വാമി അഗ്നിവേശിനൊപ്പമാണ് കേജ്രിവാള് തന്നെ സമീപിച്ചതെന്ന് ദിഗ്വിജയ് പറഞ്ഞു.
എന്നാല്‍ ആരോപണം കേജ്രിവാള് തള്ളിക്കളഞ്ഞു. ഉപദേശക സമിതിയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് താന്‍ ആരെയും സമീപിച്ചിട്ടില്ലെന്നും കേജരിവാള്‍ പറഞ്ഞു. ആറോ,ഏഴോ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇത്തരം കാര്യങ്ങള്‍ സംഭവിച്ചിട്ടുണ്ടാകാം പക്ഷെ താന്‍ അതൊന്നും ഓര്‍മ്മിക്കുന്നില്ലെന്നും അഗ്നിവേശ് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: