പുത്തൂര്‍: പുരാണങ്ങള്‍ നെഞ്ചിലേറ്റുന്ന ഒരു തലമുറ ഭാരതത്തില്‍ വളര്‍ന്നു വന്നാല്‍ മാത്രമേ ഇന്നു കാണുന്ന മൂല്യച്യുതിയില് നിന്ന് രാഷ്ട്രത്തെ രക്ഷിക്കാന്‍ കഴിയു എന്ന് കേരളാ ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി സ്വാമി അയ്യപ്പദാസ് പറഞ്ഞു.
കൈതക്കോട് കന്യാര്‍കാവ് വന ദുര്‍ഗാ നാഗരാജക്ഷേത്രത്തിലെ വായു- ഭവിഷ്യ പുരാണയജ്ഞവേദിയില് മുഖ്യാതിഥിയായി എത്തി പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പുരാണങ്ങള്‍ അനുസരിച്ചുള്ള ജീവിത ശൈലിയാണ് ഓരോ പൗരന്റെയും ജീവിത പുരോഗതിക്കും ധാര്‍മ്മിക അടിത്തറയ്ക്കും ഉത്തമമായിട്ടുള്ളത്. രാജ്യത്തിന്റെ രാജാവ് ആരുതന്നെയായാലും ധാര്‍മ്മികമായ വിജയത്തിന് ധര്‍മ്മം എന്ന മുഴുക്കോല്‍ കൊണ്ട് അളന്നുള്ള ജീവിതം വേണം നയിക്കേണ്ടത്. എന്നാല്‍ മാത്രമേ രാജ്യത്തിന് ഐശ്വര്യവും സന്തോഷവും ലഭിക്കുകയുള്ളു. ഇഹത്തിലും പരത്തിലും ഉള്ള സുഖത്തിന് പുരാണങ്ങള്‍ വായിക്കുകയും കേള്‍ക്കുകയും ചെയ്യുകയും ഇതുപോലെയുള്ള യജ്ഞങ്ങള്‍ സാര്‍വത്രികമാകുകയും വേണം. ആരൊക്കെ ഭാരതത്തെ ആക്രമിച്ചാലും ധാര്‍മ്മികച്യുതികള്‍ അടിച്ചേല്‍പ്പിച്ചാലും ഭാരതത്തിന്റെ സനാതന സംസ്കാരത്തിന് ഒരുപോറല്‍ പോലും ഏല്പിക്കാന് കഴിയാത്തത് നമ്മുടെ സംസ്കാരത്തിന്റെ പ്രത്യേകതയാണെന്നും അദ്ദേഹം പറഞ്ഞു. യജ്ഞം നാലാംദിനത്തിലേക്ക് കടന്നതോടെ പ്രഭാഷണം കേള്‍ക്കാനും പ്രത്യേക പൂജയില്‍ പങ്കെടുക്കാനും എത്തുന്നവരുടെ വന്‍ തിരക്കാണ്. ഇന്ന് രാവിലെ 5 മുതല്‍ സൂക്തജപങ്ങള്‍, 7.30ന് വായുപുരാണ പാരായണം, ഉച്ചയ്ക്ക് 12ന് അഖണ്ഡഭാരത പരിചയം, ഡോ. പട്ടത്താനം രാധാകൃഷ്ണന്, പ്രധാനപൂജ, നവഗ്രഹ ശനീശ്വരപൂജ, മുഖ്യാതിഥിയായി എസ്എന്‍ ട്രസ്റ്റ് ട്രഷറര്‍ ഡോ. ജയദേവന് പങ്കെടുക്കും.
രാത്രി 8ന് വായുപുരാണ സമര്‍പ്പണം നടക്കും. യാഗാഗ്നിക്കും കാഞ്ഞിരമരത്തിലെ മഹാഗണപതി, വേദവ്യാസന്, തീര്‍ത്ഥകുളം, ഗ്രന്ഥപ്പുര എന്നിവയ്ക്ക് പ്രദക്ഷിണ നമസ്കാരവും ഇന്ന് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: