ആലുവ: നൊച്ചിമയില് വീട് കയറി ഗര്‍ഭിണിയുള്‍പ്പെടെ നാലുപേരെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഘത്തില്‍പ്പെട്ട 14 പേര് പിടിയിലായി. കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാസംഘത്തില്‍പ്പെട്ട നൊച്ചിമ ചാലേപ്പിള്ളി വെളുങ്ങാടന് സുലൈമാന്‍ മകന് ബിലാല്‍ (20), ഞാറയ്ക്കല്‍ പെരുമ്പിളളി പുത്തന്ചാലക്കല് പ്രവീണ്‍ ജോണ്‍ (24), എളങ്കുന്നപ്പുഴ പണിക്കാശ്ശേരി ലെനീഷ് (25), ഫോര്‍ട്ടുകൊച്ചി രാമേശ്വരം ഈരാശേരി മനോജ് (22), നൊച്ചിമ പോട്ടച്ചിറ സ്വദേശികളായ പെരിങ്ങോട്ടില്‍ ശരത് (22), പാലപ്പുറം സനല്‍കുമാര്‍ (23), ചാലേപ്പിള്ളി തണ്ടാലിപറമ്പില് ഷെബിന്‍ (27), നായരമ്പലം കാവുങ്കല്‍ സരുണ്‍ (24), നെട്ടൂര്‍ കൈതവന റിയാസ് (28), മരട് ചാലയത്ത് കുന്ന് നിയാസ് എന്ന് വിളിക്കുന്ന നിയാസ് (30), നെട്ടൂര്‍ പുളിക്കല്‍ ജെന്സണ് (27), നെട്ടൂര്‍ കൊടവത്ത് പറമ്പ് വിജേഷ് (26), മരട് ധന്യ ജംഗ്ഷനില്‍ വെളിപ്പറമ്പ് ഷറഫുദ്ദീന് (30) എന്നിവരാണ് പിടിയിലായത്. ഡിവൈഎസ്പി പി.ആര്. സലീം, സിഐ എസ്. ജയകൃഷ്ണന് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ബുധനാഴ്ച രാത്രിയും ഇന്നലെ പുലര്‍ച്ചെയുമായി ഫോര്‍ട്ടുകൊച്ചി, നൊച്ചിമ, നായരമ്പലം ഭാഗങ്ങളില്‍നിന്നായാണ് പ്രതികളെ പിടികൂടിയത്.
കഴിഞ്ഞ 13 ന് പുലര്‍ച്ചെ നൊച്ചിമ പോട്ടച്ചിറ ക്ഷേത്രത്തിന് സമീപം പന്നിയങ്കര വിജയന്റെ കുടുംബത്തിന് നേരെയായിരുന്നു അതിക്രമം. വിജയന്റെ മകന് വിശാഖ് (28), വിശാഖിന്റെ ഗര്‍ഭിണിയായ ഭാര്യ അമ്മു എന്ന് വിളിക്കുന്ന നീതു (20), വിശാഖിന്റെ മാതാവ് ശോഭന (48), ശോഭനയുടെ അമ്മ കമലു (76) എന്നിവരെയാണ് വടിവാള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായി എത്തി പ്രതികള്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. വിശാഖിന്റെ വലത് കൈപ്പത്തി അറ്റുപോകുന്ന നിലയിലായിരുന്നു. ശോഭനയുടെ രണ്ട് കൈയിലും ഒടിവുണ്ട്. ഇവര്‍ സ്പെഷ്യലിസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. മൂന്ന് മാസം ഗര്‍ഭിണിയായ നീതുവിന്റെ തലയില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തുകയും വാഷ്ബേയ്സിനില്‍ തലയിടിപ്പിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. കമലുവിനെ കമ്പിവടിക്കടിക്കുകയായിരുന്നു. പരിക്കേറ്റവരാരും ഇപ്പോഴും ആശുപത്രി വിട്ടിട്ടില്ല.
ഓട്ടോമൊബെയില്‍ വര്‍ക്ക്ഷോപ്പ് തൊഴിലാളിയായ വിജയന് സംഭവം നടക്കുമ്പോള്‍ വര്‍ക്ക്ഷോപ്പിലായിരുന്നു. വീടിന്റെ മുന്‍വാതില്‍ തകര്‍ത്ത് അകത്ത് കടന്ന അക്രമികള്‍ വിശാഖിന്റെ ബെഡ്റൂമിന്റെ വാതിലും തകര്‍ത്തു. പിന്നീട് മിന്നല്‍ ആക്രമണമായിരുന്നു. വീടിനും നാശനഷ്ടം വരുത്തി. ജനല്‍ചില്ലുകളും വാതിലുകളും ഫര്‍ണീച്ചറുകളും തകര്‍ത്തു. ടിവി, ഡിവിഡി എന്നിവയും സംഘം നശിപ്പിച്ചു. ബഹളം കേട്ട് അയല്‍വാസികള്‍ ഉണര്‍ന്നെങ്കിലും ഇവരെ ഭീഷണിപ്പെടുത്തി അകറ്റി. അഞ്ച് കാറിലും മൂന്ന് ഓട്ടോയിലും രണ്ട് ബൈക്കുകളിലുമായാണ് സംഘമെത്തിയതെന്ന് പോലീസ് പറഞ്ഞു. ഇതില്‍ രണ്ട് കാറുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. വരുന്ന വഴി തെരുവ് വിളക്കുകളും നശിപ്പിച്ചു. ആക്രമണത്തില്‍ പങ്കാളികളായ 27 ഒാളം പേരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. 12 ന് രാത്രി കളമശ്ശേരി ചാന്ദ്നി പാര്‍ക്കിലെ 204-ാം നമ്പര്‍ മുറിയില്‍ പ്രതികളെല്ലാം ഭായി നസീറിന്റെ നേതൃത്വത്തില്‍ ഒത്തുചേര്‍ന്നാണ് ആക്രമണത്തിന് പദ്ധതി തയ്യാറാക്കിയത്.
കുപ്രസിദ്ധ ഗുണ്ടകളായ വടുതല കുഞ്ഞുമോന്, മുനമ്പം പുക്കാട്ട് പേപ്പന് റെജി എന്നിവരും ഉണ്ടായിരുന്നു. കഴിഞ്ഞയാഴ്ച ബിലാലിന്റെ നേതൃത്വത്തിലുള്ള സംഘം കോമ്പാറ സ്വദേശി രാജേഷിന്റെ കാല് തല്ലിയൊടിച്ചിരുന്നു. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന രാജേഷിന് ആവശ്യമായ ഭക്ഷണം എത്തിച്ച് നല്കിയതും പണം നല്കിയതും വിശാഖിന്റെ ജ്യേഷ്ഠന് വിനീതായിരുന്നു. പ്രശ്നം രമ്യതയിലാക്കുന്നതിന് തടസം നിന്നതും വിനീതായിരുന്നു. ഈ വൈരാഗ്യമാണ് വീടുകയറിയുള്ള ആക്രമണത്തിന് കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: