ന്യൂദല്‍ഹി: പുനെ നഗരത്തില്‍ സ്ഫോടനം നടത്തിയ കേസിലെ നാലാംപ്രതിയും അറസ്റ്റിലായി. ദല്‍ഹി പോലീസിലെ പ്രത്യേകസംഘമാണ് ഇന്ത്യന്‍മുജാഹിദ്ദീന്‍ ഭീകരനെ ആഗസ്ത് ഒന്നിലെ സ്ഫോടനക്കേസില്‍ അറസ്റ്റു ചെയ്തതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. കേസിലുള്‍പ്പെട്ട മൂന്നു പേര്‍ നേരത്തെ പിടിയിലായിരുന്നു.
നാലാംപ്രതിയായ ലാന്റ്ഗെ ഇര്‍ഫാന്‍ മുസ്തഫ എന്ന മുപ്പതുകാരനെ ജയ്പൂര്‍ ബസ് സ്റ്റാന്റിനു സമീപത്തു നിന്നും ഒക്ടോബര്‍ പത്തിനാണ് പിടികൂടിയതെന്നും പോലീസ് വ്യക്തമാക്കി. പുനെ സ്ഫോടനത്തിലെ പ്രതിയാണ് മുസ്തഫ. ഇതുവരെ ഈ കേസില്‍ ഉള്‍പ്പെട്ട നാലുഭീകരര്‍ പോലീസിന്റെ പിടിയിലായിട്ടുണ്ട്. രണ്ടു പേര്‍ ഇനിയും പിടിയിലാകാനുണ്ട്. പ്രത്യേക അന്വേഷണ സംഘത്തലവന്‍ കൂടിയായ സ്പെഷ്യല്‍ കമ്മീഷണര്‍ എസ്.എന്‍.ശ്രീവാസ്തവ പറഞ്ഞു.
മുസ്തഫയെ 20 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഇത് ഒക്ടോബര്‍ 30ന് അവസാനിക്കും. ആസാദ് ഖാന്‍ (33), ഇമ്രാന്‍ ഖാന്‍ (31) എന്നിവര്‍ സപ്തംബര്‍ 26ന് ദക്ഷിണ ദല്‍ഹിയില്‍ നിന്നുമാണ് പിടിയിലായത്. കൂടെ പ്രവര്‍ത്തിച്ചതായി ആരോപിക്കപ്പെടുന്ന മൂന്നാമന്‍ ഹംസ എന്ന പേരില്‍ അറിയപ്പെടുന്ന സയീദ് ഫിറോസി (38) നെ ഒക്ടോബര്‍ ഒന്നിന് നിസാമുദ്ദീന്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നുമാണ് അറസ്റ്റു ചെയ്തത്.
ഇവര്‍ ദല്‍ഹിയിലെത്തിയത് ഉത്സവക്കാലത്ത് ഭീകരാക്രമണം സംഘടിപ്പിക്കാനായിരുന്നു. ഏതാണ്ട് അഞ്ചു കിലോയോളം ആധുനിക സ്ഫോടക വസ്തുക്കളും പത്തു ഡിറ്റണേറ്ററുകളും മറ്റും ഇവരില്‍ നിന്നും പിടിച്ചെടുത്തതായി അദ്ദേഹം പറഞ്ഞു.
ഈ മൂന്നു പേരെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് മുസ്തഫയെ തിരിച്ചറിയാനും പിടികൂടാനും സാധിച്ചത്. 2012 ജൂലൈയില്‍ ഇന്ത്യന്‍ മുജാഹിദ് തലവനായ റിയാസ് ഭട്കലാണ് പുനെയില്‍ വാടകയ്‌ക്ക് താമസസൗകര്യം ഒരുക്കാന്‍ ആവശ്യപ്പെട്ടത്. ഇയാള്‍ ഫിറോസുമായി ചേര്‍ന്ന് പുനെയിലെ കാസര്‍വാഡിയില്‍ വേണ്ടത്ര തിരിച്ചറിയല്‍ രേഖകള്‍ നല്‍കാതെ ഒരു മുറി വാടകയ്‌ക്ക് എടുക്കുകയും ചെയ്തതായി ശ്രീവാസ്തവ വ്യക്തമാക്കി. ഇനിയും പിടികിട്ടാനുള്ള രണ്ടുപേരെ 2011 നവംബറില്‍ പുനെയില്‍ വച്ച് ഇയാള്‍ കണ്ടുമുട്ടിയത്രെ. ഇവരെ വാടകയ്‌ക്കെടുത്ത മുറിയില്‍ കൂട്ടിക്കൊണ്ടു പോയതും ഇയാളാണ്. ഇലക്ട്രോണിക് സംവിധാനത്തില്‍ പരിഷ്കരിച്ച ബോംബ് തയ്യാറാക്കിയത് ഇവിടെ വച്ചാണെന്ന് പോലീസ് പറഞ്ഞു.
റിയാസ് ഭട്കലില്‍ നിന്നും കൂടുതല്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനായി മുസ്തഫ ഹവാല പണം സ്വീകരിച്ചതായും അധികൃതര്‍ ആരോപിക്കുന്നു. മറ്റു മൂന്നു ഭീകരരോടൊപ്പം മുസ്തഫയുടെ പങ്കും വിശദീകരിച്ച ശ്രീവാസ്തവ അഹമദ് നഗറിലെ ഇയാളുടെ അയല്‍ക്കാരനായിരുന്നു ഇമ്രാന്‍ എന്നും വ്യക്തമാക്കി. ഇവര്‍ നിരന്തരം തങ്ങളുടെ ജിഹാദി ആശയങ്ങള്‍ പങ്കുവച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
2007 ജൂലൈയില്‍ ഇയാളുടെ ഇളയ സഹോദരി ഗോഹര്‍ ആസാദിനെ വിവാഹം ചെയ്ത് ഔറംഗാബാദിലേക്ക് പോയി. ഈ ബന്ധത്തിലൂടെ ഇയാള്‍ നിരന്തരം ഔറംഗാബാദ് സന്ദര്‍ശിക്കുകയും ആസാദിനെ ഇമ്രാനു പരിചയപ്പെടുത്തുകയും ചെയ്തു. 2010 പകുതിയോടെ ഇയാള്‍ ഫിറോസിനെ കണ്ടതായും ഉദ്യോഗസ്ഥന്‍ പറഞ്ഞു. ജനുവരി 2008 മുതല്‍ 2009 മെയ്-ജൂണ്‍ വരെ മുസ്തഫ ടി വി എസ് – ഐ സി എസ് കമ്പനിയില്‍ എന്‍ജിനീയറായി ജോലി നോക്കിയിരുന്നതായും ആസാദും ഇമ്രാനുമായി ചേര്‍ന്ന് ഔറംഗാബാദില്‍ ഭൂമിയിടപാടുകള്‍ നടത്തിയിരുന്നതായും തെളിവുകളുണ്ട്. പിടിയിലായ നാലു പ്രതികളും നിരവധി തവണ ആശയപരമായ പരിശീലനം നേടുന്നതിന് സൗദി അറേബ്യയില്‍ പോയിരുന്നതായും ശ്രീവാസ്തവ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: