കൊളംബോ: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസില്‍ ഇന്റര്‍പോളിന്റെ അറസ്റ്റ് വാറണ്ടുള്ള എല്‍ ടി ടി ഇ നേതാവ് സെല്‍വരശ് പത്മനാഥനെ ശ്രീലങ്ക മോചിപ്പിച്ചു. എല്‍ ടി ടിഇ വിരുദ്ധ പോരാട്ടത്തിനിടയില്‍ 2009 ആഗസ്റ്റിലാണ് സെല്വരശിനെ ലങ്കന്‍ സൈന്യം പിടികൂടുന്നത്. വടക്കന്‍ ശ്രീലങ്ക കേന്ദ്രീകരിച്ച് രാജ്യത്തിന്റെ പുരോഗതിക്കായി പ്രവര്‍ത്തിക്കാമെന്ന സെല്വരശിന്റെ ഉറപ്പിനെത്തുടര്‍ന്നാണ് വിട്ടയക്കുന്നതെന്ന് ലങ്കന്‍ സൈനിക വക്താവ് റുവാന്‍ വാങ്കിസൂര്യ പറഞ്ഞു. ശെല്വരശ് ഇനിമുതല്‍ തടവിലായിരിക്കില്ലെന്നു പറഞ്ഞ പ്രതിരോധമന്ത്രാലയം, സര്‍ക്കാരിനെതിരെ നിരന്തരം യുദ്ധം ചെയ്തിരുന്ന സെല്‍വരശ് രാജ്യത്തിന്റെ പുരോഗതിക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതില്‍ സന്തോഷമുണ്ടെന്നും അറിയിച്ചു. സെല്വരശയ്ക്ക് പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തുമെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.
അതേസമയം, 1991 മെയിലെ രാജീവ് ഗാന്ധി വധവുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ ആവശ്യപ്രകാരം ഇയാള്‍ക്കെതിരെ ഇന്റര്‍പോള്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഇത് മറച്ചുവെച്ചാണ് ശ്രീലങ്ക ഇത്തരമൊരു നടപടി സ്വീകരിച്ചിരിക്കുന്നത്. അറസ്റ്റ് വാറണ്ട് ഉണ്ടായിട്ടും ഇയാളെ മോചിപ്പിച്ചതില്‍ ലങ്കന്‍ അധികൃതര്‍ യാതൊരു വിവരങ്ങളും നല്കാന് തയ്യാറായില്ല. രാജീവ് ഗാന്ധി വധത്തില്‍ ഗൂഢാലോചന നടത്തിയത് സെല്‍വരശ് ആയിരുന്നു. ഇത് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഇന്റര്‍പോളിന്റെ സഹായത്തോടെ ഇന്ത്യ സെല്വരശിനെതിരെ വാറണ്ട് പുറപ്പെടുവിച്ചത്. എന്നാല്‍ സംഭവത്തെക്കുറിച്ച് ശ്രീലങ്കയിലെ ഇന്ത്യന്‍ എംബസി ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. എല്‍ ടിടിഇ തലവനായിരുന്ന വേലുപ്പിള്ള പ്രഭാകരന്റെ അടുത്ത അനുയായി ആയിരുന്ന സെല്‍വരശ് കെ.പി എന്നാണ് അറിയപ്പെട്ടിരുന്നത്. എല്‍ ടി ടി ഇക്കുവേണ്ടി കള്ളക്കടത്തും പുലിവേട്ടയും നടത്തിയിരുന്നത് കെ.പി ആയിരുന്നു. ലങ്കന്‍ സേനയുടെ പിടിയിലായ പ്രഭാകരന് 2009 മെയിലാണ് കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: