പെരുമ്പാവൂര്‍: കന്നിമാസത്തിന്റെ അവസാനവും തുലാമാസത്തിന്റെ ആരംഭവും വെങ്ങോലക്ക് നല്കിയത്കണ്ണീരില് കുതിര്‍ന്ന ദിനങ്ങളായിരുന്നു. തങ്ങളുടെ ഏറ്റവും പ്രിയപ്പെട്ടവനായ സുഹൃത്തും ബന്ധുവും വഴികാട്ടിയും നായകനുമെല്ലാമായിരുന്ന ഷാജിയും സഹോദരിമാരും സഹോദരീഭര്‍ത്താവും ഒറ്റനിമിഷം കൊണ്ട് ചേതനയറ്റ ശരീരങ്ങളായപ്പോള് ഒരു നാട് മുഴുവന്‍ കരഞ്ഞ് തളരുകയായിരുന്നു. മൂകാംബിക ദേവിയുടെ തിരുസന്നിധിയില്‍ മകളുടെ നൃത്ത പരിപാടിക്ക് പോയതാണ് ഷാജിയും കുടുംബവും. തിളങ്ങുന്ന ഉടുപ്പും മുണ്ടും സാരിയും ധരിച്ച് പോയവരില്‍ നാല് പേരെ ദിവസങ്ങള്‍ക്കുള്ളില്‍ വെള്ളപുതപ്പിച്ചെത്തിച്ചപ്പോള് നാട്ടുകാരുടെയും വീട്ടുകാരുടെയും മനസ് സങ്കടത്തിന്റെ അലകടലായി മാറി.
വാണിക്കും വന്ദനയ്ക്കും അച്ഛനെയും അമ്മയെയും നഷ്ടമായി, ശ്രീകേഷിന് അമ്മയും, രാജന് ഭാര്യയും, അഞ്ജനക്ക് അമ്മയെയും നഷ്ടപ്പെട്ടു. എന്നാല്‍ നടുക്കുടിയില്‍ ശിവരാമനും രുഗ്മണിക്കും നഷ്ടപ്പെട്ടത് മൂന്ന് മക്കളെയും ഒരു മകളുടെ ഭര്‍ത്താവിനെയും. ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടെങ്കിലും കുടുംബനാഥനായതിനാല്‍ സങ്കടത്തിന്റെ തിരയിളക്കം നെഞ്ചിലൊളിപ്പിച്ച മരപ്പണിക്കാരനായ അച്ഛന് ശിവരാമന്റെ അവസ്ഥ കാഴ്ചക്കാരില്‍ നൊമ്പര മുണര്‍ത്തി. വാഹനാപകടത്തില്‍ മരണമടഞ്ഞ വെങ്ങോല നടുക്കുടിയില്‍ ഷാജിയുടെയും കുടുംബാംഗങ്ങളുടെയും വിയോഗത്തില്‍ ദുഃഖസൂചകമായി വെങ്ങോല വ്യാപാരി വ്യവസായി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ബുധനാഴ്ച ഉച്ചവരെ ഹര്‍ത്താല്‍ ആചരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: