മരട്: സിപിഎമ്മിലെ വിഭാഗീയത രൂക്ഷമായതോടെ വിവിധ ലോക്കല്‍ കമ്മറ്റികളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലേക്ക്. തൃപ്പൂണിത്തുറ ഏരിയാ കമ്മറ്റിക്ക് കീഴില്‍ വരുന്ന മരട്, ഉദയംപേരൂര്‍, പെരുമ്പളം ലോക്കല്‍ കമ്മറ്റികളിലാണ് പ്രാദേശിക വിഷയങ്ങളിലുള്ള തര്‍ക്കം മൂലം കലാപം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. വിഎസ്-പിണറായി പക്ഷങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലെന്ന് വ്യാഖ്യാനിക്കാന്‍ കഴിയില്ലെങ്കിലും സംഘടനയുടെ കെട്ടുറപ്പിനെ തകര്‍ക്കുന്ന വിധത്തില്‍ മേല്‍ഘടകത്തിന്റെ നിയന്ത്രണം വകവെക്കാതെയാണ് കാര്യങ്ങള്‍ നീങ്ങുന്നത്.
ഭൂമാഫിയയെ സഹായിക്കുന്ന നിലപാട് സ്വീകരിച്ച ഔദ്യോഗിക നേതൃത്വത്തിനെതിരെ ഒരു വിഭാഗം രംഗത്തുവന്നതാണ് മരടിലെ ചേരിപ്പോരിന്റെ തുടക്കം. ഇതിനെ പ്രതിരോധിക്കാന്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.എ.ദേവസിക്കെതിരെ അടുത്ത സാമ്പത്തിക ആരോപണങ്ങളുമായി ലോക്കല്‍ കമ്മറ്റി സെക്രട്ടറിയുടെ നേതൃത്വത്തില്‍ മറുപക്ഷം രംഗത്തുണ്ട്. ഇതിനിടെ നെട്ടൂരിലെ ‘ക്യൂബന്‍’ ബ്രാഞ്ചിനെതിരെ അച്ചടക്ക നടപടി ഉണ്ടായതും പ്രശ്നം കൂടുതല്‍ വഷളാക്കി. മരട് ലോക്കല്‍ കമ്മറ്റി യോഗത്തില്‍ ഇരുചേരിയും പരസ്പ്പരം നടത്തിയ വാഗ്വാദങ്ങള്‍ കയ്യാങ്കളിയുടെ വക്കോളം എത്തിയാണ് അവസാനിച്ചത്. ‘ക്യൂബന്‍’ ബ്രാഞ്ചിനെ സസ്പെന്റു ചെയ്ത വിവരം ഏരിയാ കമ്മറ്റിയെ രേഖാമൂലം അറിയിച്ച് കൂടുതല്‍ കര്‍ശന നടപടിക്കായി കാത്തിരിക്കുകയാണ് ലോക്കല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക വിഭാഗം. മരടിലെ വിഷയം തൃപ്പൂണിത്തുറ ഏരിയാ കമ്മറ്റി യോഗത്തിലും ചൂടേറിയ ചര്‍ച്ചയായി എന്നാണ് വിവരം.
സാമ്പത്തിക ഇടപാടുകളും ഭൂമാഫിയയുമായി ബന്ധപ്പെട്ട വിഷയങ്ങളും തന്നെയാണ് ഉദയംപേരൂര്‍, പെരുമ്പളം ലോക്കല്‍ കമ്മറ്റികളിലും ചേരിതിരിവ് രൂക്ഷമാക്കിയിരിക്കുന്നത്. മുന്‍ ലോക്കല്‍ സെക്രട്ടറിയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതികള്‍ ഇപ്പോള്‍ ജില്ലാ കമ്മറ്റിയുടെ മുന്നിലാണുള്ളത്.
പെരുമ്പളം ലോക്കല്‍ കമ്മറ്റിയിലും കാര്യങ്ങള്‍ കൈവിട്ടു പോകുന്ന സ്ഥിതിയാണ് ഉടലെടുത്തിരിക്കുന്നത്. ഔദ്യോഗിക നേതൃത്വത്തിന്റെ നടപടികള്‍ക്കെതിരെ പരസ്യ നിലപാടുകളുമായാണ് ലോക്കല്‍, ബ്രാഞ്ച് തലത്തില്‍ ഒരു വിഭാഗം രംഗത്തുവന്നിരിക്കുന്നത്. അഭിപ്രായ വ്യത്യാസങ്ങളെത്തുടര്‍ന്ന് എണ്‍പതോളം പ്രവര്‍ത്തകര്‍ സിപിഎമ്മില്‍ നിന്നും രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നു എന്നത് പാര്‍ട്ടി മേല്‍ ഘടകങ്ങളെ ഞെട്ടിച്ചിട്ടുണ്ട്.
അവിഹിത മാര്‍ഗ്ഗത്തിലൂടെ മരടിലെ മുന്‍ പഞ്ചായത്ത് പ്രസിഡന്റും തൃപ്പൂണിത്തുറ ഏരിയാ കമ്മറ്റി അംഗവുമായിരുന്ന ആള് സാമ്പത്തിക നേട്ടമുണ്ടാക്കി എന്നതാണ് ഔദ്യോഗിക വിഭാഗം ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരുമായി പങ്കുകച്ചവടം നടത്തി എന്നതാണ് എതിര് ചേരി ഉന്നയിക്കുന്ന ആരോപണം. ഇത്തരം ആരോപണ പ്രത്യാരോപണങ്ങള്‍ പൊതുജനങ്ങളുടെ ഇടയില്‍ ചര്‍ച്ചയാകുന്നത് ഏരിയാ കമ്മറ്റി ഉള്‍പ്പെടെയുള്ള മേല്‍ഘടകങ്ങളെ അങ്കലാപ്പിലാക്കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: