കൊച്ചി: പെട്രോനെറ്റ് എല്‍എന്‍ജി പ്രദേശത്ത് നടന്നുവന്ന സമരം എക്സൈസ് മന്ത്രി കെ.ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഒത്തുതീര്‍ന്നു. എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്തിന്റെയും പ്രദേശവാസികളുടെയും നേതൃത്വത്തിലായിരുന്നു വിവിധ ആവശ്യങ്ങളുന്നയിച്ചുളള സമരം. ഒത്തുതീര്‍പ്പുവ്യവസ്ഥയുടെ ഭാഗമായി പഞ്ചായത്തിന്റെ വികസനത്തിനായി ഈ സാമ്പത്തികവര്ഷമുള്പ്പെടെ നാലു വര്‍ഷമായി 12 കോടി രൂപ ചെലവിടും. എറണാകുളം ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ ഇതുള്‍പ്പെടെയുളള കാര്യങ്ങള്‍ അവലോകനം ചെയ്യാന്‍ ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്ക്പരീതിനെ മന്ത്രി ചുമതലപ്പെടുത്തി.
ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍ പ്രകാരം പഞ്ചായത്തിലെ സ്കൂള്‍, ആശുപത്രി എന്നിവയുടെ പുനരുദ്ധാരണത്തിന് എല്‍എന്‍ജി സഹായം നല്‍കും. പഞ്ചായത്ത് സ്ഥലം കണ്ടെത്തി നല്കിയാല് ശ്മശാനം നിര്‍മിച്ചുകൊടുക്കുന്നതിനും ധാരണയായിട്ടുണ്ട്. പ്രദേശത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതിനൊപ്പം മത്സ്യ-കക്ക വാരല്‍ തൊഴിലാളികള്‍ക്കായി കൊച്ചി പോര്‍ട്ടിന്റെയും എല്‍.എന്‍.ജിയുടെ സഹകരണത്തോടെ പ്രത്യേക പുനരധിവാസ പദ്ധതി നടപ്പാക്കും. ഫിഷറീസ് വകുപ്പിനായിരിക്കും ഇതിന്റെ നടത്തിപ്പു ചുമതലയെന്നും മന്ത്രി ബാബു വ്യക്തമാക്കി.
പദ്ധതി പ്രദേശത്തെ കരാര്‍ തൊഴിലുകളിലും എല്‍എന്‍ജിയിലെ തൊഴില്‍ അവസരങ്ങളില്‍ സാങ്കേതിക വൈദഗ്ധ്യം ആവശ്യമില്ലാത്തയിടങ്ങളിലും പ്രദേശവാസികള്‍ക്കു മുന്‍ഗണന നല്‍കും. ബെല്‍ബോ റോഡ് അറ്റകുറ്റപ്പണിക്കായി കൊച്ചി റിഫൈനറിയുടെ സാമ്പത്തിക സഹായം ലഭ്യമാക്കുന്നതു സംബന്ധിച്ച് ചര്‍ച്ച നടത്താന്‍ മന്ത്രി കളക്ടറെ ചുമതലപ്പെടുത്തി. ഭാവിയില്‍ ഏതെങ്കിലും പ്രശ്നങ്ങളുണ്ടായാല്‍ ഗ്രാമപഞ്ചായത്ത് ഭരണ സമിതി ജില്ലാ കളക്ടറുടെ ശ്രദ്ധയില്‍പെടുത്തി പരിഹരിക്കാന്‍ ശ്രമിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു.
ആറിന ആവശ്യങ്ങളുന്നയിച്ചായിരുന്നു ഇവിടെ സമരം നടന്നു വന്നത്. പഞ്ചായത്ത് വികസന പ്രവര്‍ത്തനങ്ങള്‍ക്കു കോര്‍പ്പറേറ്റ് സാമൂഹിക ഉത്തരവാദിത്തത്തിന്റെ ഭാഗമായി കൊച്ചി റിഫൈനറി നല്കുന്ന പദ്ധതി തുകയുടെ മൂന്നു ശതമാനം പെട്രോനെറ്റും നല്‍കണമെന്നായിരുന്നു ആവശ്യം. ഇതിനു പുറമെ പഞ്ചായത്തിലെ സ്കൂള്‍, ശ്മശാനം, ആശുപത്രി എന്നിവയ്ക്കും സഹായം നല്‍കുക. മത്സ്യ-കക്കവാരല്‍ തൊഴിലാളികള്‍ക്കായി പുനരധിവാസ പദ്ധതി നടപ്പാക്കുക, പെട്രോനെറ്റില്‍ പ്രദേശവാസികള്‍ക്ക് തൊഴിലവസരം നല്‍കുക, പഞ്ചായത്തിലെ റോഡുകളുടെ വികസനത്തിന് സഹായം നല്‍കുക, പരിസ്ഥിതി മലിനീകരണം അവസാനിപ്പിക്കുന്നതിനുളള സുരക്ഷ ക്രമീകരണം ഏര്‍പ്പെടുത്തുക എന്നിവയായിരുന്നു മറ്റാവശ്യങ്ങള്‍.
സാമ്പത്തിക ലാഭമുണ്ടാക്കുന്ന കമ്പനികളെ ബാധിക്കുന്നതാണ് സാമൂഹിക ഉത്തരവാദിത്തം. ഇതുവരെയും പ്രവര്‍ത്തനം തുടങ്ങിയില്ലെങ്കിലും പെട്രോനെറ്റ് ഇപ്പോള്‍ തന്നെ ആ ഉത്തരവാദിത്തം നിറവേറ്റുന്നതായും ചര്‍ച്ചയിലൂടെ തുക വര്‍ധിപ്പിക്കാനായതായും മന്ത്രി പറഞ്ഞു. റോഡ് വികസനമുള്‍പ്പെടെയുളള വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 12 കോടി രൂപ ഈ സാമ്പത്തിക വര്‍ഷമുള്‍പ്പെടെ നാലുവര്‍ഷത്തിനകം ചെലവഴിക്കും. ഇത്തരം പദ്ധതികളില്‍ എംപി, എംഎല്‍എ, പഞ്ചായത്ത് എന്നിവയുടെ വിഹിതം കൂടിയുണ്ടാകണമെന്ന് പെട്രോനെറ്റിന്റെ ആവശ്യം അംഗീകരിച്ചിട്ടുണ്ട്. പദ്ധതി നിര്‍വഹണം ജില്ല കളക്ടര്‍, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി, പെട്രോനെറ്റ്, പൊതുമരാമത്ത് പ്രതിനിധികള്‍ അടങ്ങിയ സമിതി വിലയിരുത്തും.
സമരം ഒത്തുതീര്‍പ്പാക്കുന്നതിനായി കഴിഞ്ഞ എട്ടിന് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം എക്സൈസ് മന്ത്രി യോഗം വിളിച്ചിരുന്നു. എസ്.ശര്‍മ എംഎല്‍എ, ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്ക്ക് പരീത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിയാട്രീസ് ജോസഫ് ഉള്‍പ്പെടെ 25 പേര് അന്നത്തെ യോഗത്തില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ തീരുമാനമാകാതെ പിരിഞ്ഞതിനാല്‍ യോഗം ഇന്നത്തേക്കു മാറ്റുകയായിരുന്നു. ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ അംഗീകരിച്ച് ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്ക്ക് പരീത്, പെട്രോനെറ്റിനായി സീനിയര്‍ വൈസ് പ്രസിഡന്റ് പി. ഖേത്രപാല്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിയാട്രിസ് ജോസഫ് എന്നിവര്‍ മന്ത്രിയുടെ സാന്നിധ്യത്തില്‍ ഒപ്പുവച്ചു. യോഗത്തില്‍ ഡൊമിനിക് പ്രസന്റേഷന് എംഎല്‍എ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെന്നി, പെട്രോനെറ്റ് ജനറല്‍ മാനേജര്‍ ടി.എന്‍.നീലകണ്ഠന്, ജില്ലാ പഞ്ചായത്തംഗം കെ.ജെ.ടോമി, പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കെ.ജി.ഡോണോ,സമരസമതി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: