മൗലികാവകാശമായ വിദ്യാഭ്യാസത്തില്‍ നിന്ന് എന്നെ മാറ്റി നിര്‍ത്താന്‍ താലിബാന് എന്ത് ധൈര്യമാണുള്ളതെന്ന ഒരു ചെറിയ പെണ്‍കുട്ടിയുടെ ചോദ്യത്തിന് മുന്നില്‍ താലിബാന്റെ മനോധൈര്യം ചോര്‍ന്നു പോയോ? പാക്കിസ്ഥാനിലെ താലിബാനിസത്തിന്റെ അടിത്തറയിളക്കാന്‍ അവളുടെ വാക്കുകള്ക്കാകുമെന്ന ഉള്വിളിയില് വെറിപൂണ്ടാകും മലാലക്ക് നേരെ തോക്കുചൂണ്ടപ്പെട്ടത്. പക്ഷേ താലിബാന് തെറ്റി. മലാല യൂസഫ്സായി തിരിച്ചുവരും.താനുള്‍പ്പെടെയുള്ള പെണ്‍കുട്ടികളോട് താലിബാന് കാട്ടുന്ന നെറികേടിന്റെ കഥ മുഴുവന്‍ ലോകത്തെയും വിളിച്ചറിയിച്ച ചാരിതാര്‍ത്ഥ്യത്തോടെ.
പതിന്നാല് വയസുകാരിയുടെ കൗതുകത്തോടെയല്ല മലാല തനിക്ക് ചുറ്റം സംഭവിക്കുന്നത് നോക്കിക്കണ്ടത്. മനുഷ്യാവകാശത്തിന്റെ പേരില്‍ പതിറ്റാണ്ടുകളായി പ്രസ്താവനകിളറക്കുന്ന മുഴുവന്‍ വ്യക്തികള്‍ക്കും സംഘടനകള്‍ക്കുമുള്ള മറുപടിയാണ് ഈ പെണ്‍കുട്ടി. ആരെയും കൊല്ലുന്ന താലിബാന്റെ തോക്കുകള്‍ മുന്നില്‍ കണ്ടിട്ടും ശിലപോലെ ഉറച്ചുനിന്ന മലാല യൂസഫ്സായിയുടെ ധൈര്യത്തിന് മുന്നില്‍ തലകുനിച്ചുകൊണ്ട് എഴുതട്ടെ.
ന്യൂനപക്ഷ വികാരത്തെ വ്രണപ്പെടുത്തുന്ന ചെറുപ്രസ്താവനകളുടെ പേരില്‍ മതസാമുദായിക സാംസ്ക്കാരിക നേതാക്കള്‍ കലാപക്കൊടി ഉയര്‍ത്തുന്നത് പതിവ്കാഴ്ച. മനുഷ്യാവകാശ ധ്വംസനത്തിന്റെ പേരിലും എത്രയോ കലാപക്കൊടികള്‍ നമ്മുടെ കൊച്ചുകേരളത്തിലും ഉയര്‍ന്നുകഴിഞ്ഞിരിക്കുന്നു. പക്ഷേ മലാലയുടെ പേരില്‍ ആരും കൊടി പിടിച്ചില്ല. പ്രസ്താവനായുദ്ധം നടത്തിയില്ല. കഷ്ടം എന്നൊരുവാക്കുപോലും പറഞ്ഞില്ല. ആഗോളമുസ്ലീംപ്രശ്നങ്ങള് ഏറ്റുപിടിക്കുന്ന സാമുദായിക സംഘടനാനേതാക്കളും നിശബ്ദരായിരുന്നു. മതത്തിന്റെ പേരില്‍ മനുഷ്യാവകാശം നിഷേധിക്കപ്പെടുമ്പോള്‍ മത വക്താക്കള്‍ മിണ്ടാതിരിക്കരുത്. അത് പാക്കിസ്ഥാനിലായാലും അമേരിക്കയിലായാലും.
ലോകം മുഴുവനും മലാല യൂസഫ്സായിക്കായി പ്രാര്‍ത്ഥിക്കുമ്പോള്‍ സമപ്രായക്കാരിയായ ഒരു വിദ്യാര്‍ത്ഥിനിയുടെ ധീരത നമ്മുടെ സ്കൂളുകളില്‍ പരാമര്‍ശിക്കപ്പെടേണ്ടതല്ലേ. അവള്‍ക്കായി വേദനിച്ച് , ഒരുമിനിട്ട് മൗനപ്രാര്‍ത്ഥന നടത്താന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം കൊടുക്കാന്‍ ജാതി മതഭേദമില്ലാതെ സംസ്ഥാനത്തെ മുഴുവന്‍ സ്കൂളുകളും തയ്യാറാകേണ്ടിയിരിക്കുന്നു. പാക്കിസ്ഥാനിലെ സ്വാത്ത് താഴ്വരയിലെ സ്കൂളുകള്‍ അടച്ചുപൂട്ടാനുള്ള താലിബാന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് താനടക്കമുള്ള പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നതിനെക്കുറിച്ച് മലാല ലോകത്തോട് പറഞ്ഞതും അതിന്റെ പേരില്‍ അവള് ക്രൂരമായി വേട്ടയാടപ്പെട്ടതും നമ്മുടെ കുട്ടികളുമറിയട്ടെ.
അമ്പരപ്പോടും ആത്മരോഷത്തോടുമാണ് ലോകം മലാലക്കെതിരെ നടന്ന ആക്രമണത്തോട് പ്രതികരിക്കുന്നത്. സ്വാത്തിലെ ഓരോ പെണ്‍കുട്ടിയും മലാലയാണ്. ഞങ്ങള്‍ സ്വയം പഠിക്കും, ജയിക്കും ആര്‍ക്കും ഞങ്ങളെ തോല്‍പ്പിക്കാനാകില്ല- മലാലയുടെ സഹപാഠികള്‍ പറയുന്നു. ഐക്യരാഷ്ട്രസഭയിലെ അമേരിക്കന്‍ അംബാസിഡര്‍ പറഞ്ഞു- പാക്കിസ്ഥാന്റെ ഭാവി മലാലയെപ്പോലുള്ള ധൈര്യശാലികള്‍ക്കൊപ്പമാണ്. അവരെ ആക്രമിച്ച ഭീരുക്കള്‍ക്ക് ചരിത്രം മാപ്പ് നല്‍കില്ല.
അമേരിക്ക, ബ്രിട്ടന്, തുടങ്ങി ലോകരാഷ്ട്രങ്ങളും ഐക്യരാഷട്രസഭയും ആംനെസ്റ്റി ഇന്റര്‍നാഷണലും മലാലയ്ക്കൊപ്പമുണ്ട്. ഹോളിവുഡ് താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ കൊച്ചുകുട്ടിയുടെ ധീരതയില്‍ അഭിമാനിച്ച് പിന്തുണ അറിയിക്കുന്നു. കണ്ണും കാതും കൂര്‍പ്പിച്ച ലോകം മുഴുവന്‍ നോക്കി നില്ക്കുമ്പോള് പാക്കിസ്ഥാന് ഒഴിഞ്ഞുമാറാനാകില്ല.
മലാലയെ ആക്രമിച്ചവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാക്കിസ്ഥാന് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു. മലാലക്കെതിരെ നടന്ന ആക്രമണം രാജ്യത്തെ ഓരോ പെണ്കുട്ടിക്കുമെതിരെയുമുള്ള ആക്രമണമാണെന്ന് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി പറഞ്ഞു. ബുള്ളറ്റിന്റെ ശക്തികൊണ്ട് സ്വാതന്ത്യത്തെ ഹനിക്കാമെന്ന് താലിബാന് കരുതേണ്ടെന്നും മലാല രക്ഷപ്പെട്ടാലും ഇല്ലെങ്കിലും പാക്കിസ്ഥാന് വിട്ട് പോകുന്നില്ലെന്നുമാണ് മലാലയ്ക്ക് എന്നും ശക്തിപകരുന്ന പിതാവിന്റെ പ്രതികരണം.
തലയോട്ടി തകര്‍ന്ന് ഗുരുതരമായി പരിക്കേറ്റ മലാലയെ സുരക്ഷിതയായി തിരിച്ചയക്കാന്‍ ബ്രിട്ടന് രണ്ടുകയ്യും നീട്ടി അവളെ ഏറ്റുവാങ്ങിക്കഴിഞ്ഞു. ബ്രിട്ടനിലെ ബര്‍മിങ്ന്‍ഘാമിലെ ക്വീന്‍ എലിസബത്ത് ആശുപത്രിയില്‍ ലോകത്തിന്റെ മുഴുവന്‍ പ്രാര്‍ത്ഥനയും ഏറ്റുവാങ്ങി മലാലയുണ്ട്. മാനസികമായി മലാല ശക്തയാണെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തിക്കഴിഞ്ഞു. ശക്തമായ സുരക്ഷാസംവിധാനങ്ങള്ക്കിടെ അബോധാവസ്ഥയില്‍ കഴിയുന്ന മലാലയുടെ സ്വപ്നങ്ങളില്‍ ഇപ്പോഴും സ്വാത്ത് താഴ്വാരയിലെ സ്കൂളുകളാകും. തുടങ്ങിവച്ച പോരാട്ടം പൂര്‍ത്തിയാക്കേണ്ടതുണ്ട്, മടങ്ങിവരാതിരിക്കാനാകുമോ മലാലക്ക്.
>> രതി എ. കുറുപ്പ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: