കൊച്ചി: തുറമുഖത്ത് ലക്ഷദ്വീപ് കപ്പലിലെ മര്‍ച്ചന്റ് നേവി ഓഫീസര്‍ തിങ്കളാഴ്ച പണിമുടക്കിലേര്പ്പെട്ടെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് ഓഫീസര്‍മാര്‍ വ്യക്തമാക്കി. പുറപ്പെടേണ്ട കപ്പലിലെ എയര്‍ക്കണ്ടീഷന്‍ തകരാറായതിനാല്‍ കപ്പലില്‍ യാത്ര തുടരുവാന്‍ യാത്രക്കാര്‍ വിസമ്മതിക്കുകയായിരുന്നു. ക്ഷുഭിതരായ ഇവര്‍ ലക്ഷദ്വീപ് ഓഫീസില്‍ അതിക്രമിച്ച് കടക്കുകയും ചെയ്തു. മറ്റൊരു കപ്പല്‍ അനുവദിക്കാതെ യാത്ര തുടരാന്‍ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു യാത്രക്കാര്‍. ഇതിന്റെ പേരില്‍ ബോധപൂര്‍വം ഓഫീസര്‍മാര്‍ക്കെതിരെ ലക്ഷദ്വീപ് ഡെവലപ്പ്മെന്റ് കോര്പ്പറേഷന് ആരോപണം മെനഞ്ഞുണ്ടാക്കുകയാണത്രെ.
ലക്ഷദ്വീപ് കപ്പല്‍ ‘അമിന്‍ദിവി’യാണ് തിങ്കളാഴ്ച തുറമുഖത്തുനിന്നും പുറപ്പെടേണ്ടിയിരുന്നത്. ചൊവ്വാഴ്ച വൈകിട്ടോടെ ‘അമിന്‍ദിവി’യിലെ യാത്രക്കാരുമായി അറേബ്യന്‍ സി ലക്ഷദ്വീപിലേക്ക് യാത്ര പുറപ്പെടുകയും ചെയ്തു. എന്നാല്‍ മര്‍ച്ചന്റ്നേവി ഓഫീസര്‍മാരെ കരിവാരിത്തേക്കാന്‍ ലക്ഷദ്വീപ് ഡെവലപ്പ്മെന്റ് കോര്പ്പറേഷന് ആരോപണങ്ങള്‍ സൃഷ്ടിക്കുമ്പോള്‍തന്നെ ‘അറേബ്യന്‍ സീ’ യാത്ര പുറപ്പെടുകയും ചെയ്തുവെന്നുള്ളത് ജീവനക്കാര്‍ പ്രത്യക്ഷസമരത്തില്‍ ഏര്പ്പെട്ടില്ലെന്നതിന് തെളിവാണെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥന് ചൂണ്ടിക്കാട്ടുന്നു.
സീഫാറേഴ്സ് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ (ബിഎംഎസ്)യുമായി മുന്‍ധാരണ പ്രകാരമുണ്ടാക്കിയിട്ടുള്ള വേതനവര്‍ധനവ് ലക്ഷദ്വീപ് കപ്പലുകളില്‍ ഇനിയും നടപ്പാക്കിയിട്ടില്ലെന്ന് സംഘടനാ ഭാരവാഹികള്‍ വ്യക്തമാക്കി. ഇതിന്റെ പേരില്‍ സംഘടന നിസ്സഹകരണ സമരത്തിന് നോട്ടീസ് നല്‍കിയിട്ടുമുണ്ട്. എന്നാല്‍ ഇത് കപ്പല്‍ സര്‍വീസ് മുടക്കി യാത്രക്കാരെ ബുദ്ധിമുട്ടിച്ചുകൊണ്ടാകരുതെന്ന് സംഘടനയ്ക്ക് നിര്‍ബന്ധമുണ്ടെന്ന് പ്രസിഡന്റ് കെ.എസ്.അനില്‍ കുമാര്‍ വ്യക്തമാക്കി. കപ്പലിലെ ഓഫീസര്‍മാര്‍ക്ക് ഷിപ്പിംഗ് കോര്പ്പറേഷന് ഓഫ് ഇന്ത്യ നല്കുന്ന ശമ്പളസ്കെയിലനുസരിച്ചുള്ള വേതനം നല്‍കാമെന്ന് ഉറപ്പ് നല്കി ലക്ഷദ്വീപ് അധികൃതര്‍ കബളിപ്പിക്കുകയായിരുന്നു. കപ്പലിലെ സാധാരണ തൊഴിലാളിക്ക് ശമ്പളം വര്‍ധിപ്പിച്ചപ്പോഴും ഓഫീസര്‍മാരെ തഴയുകയായിരുന്നു.
ഇതേത്തുടര്‍ന്നാണ് നിസ്സഹകരണസമരത്തിന് ബിഎംഎസ് നോട്ടീസ് നല്‍കിയത്. ഓഫീസര്‍മാരെ ഒന്നിച്ച് അണിനിരത്തി ശക്തമായ സമരം ആരംഭിക്കുമെന്ന് സീഫാറേഴ്സ് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ബിഎംഎസ്) ഭാരവാഹികളായ കെ.എസ്.അനില്‍ കുമാര്‍, കെ.എസ്.ബിജു, ജോസ് ഗ്രേയ്നര് എന്നിവര്‍ പറഞ്ഞു.
ഇതിനിടെ, ലക്ഷദ്വീപ് ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്റെ കീഴില്‍ 42ഓളം വരുന്ന ദ്വീപ് നിവാസികള്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് കപ്പലുകളില്‍ ജോലി ചെയ്തുവരികയാണെന്നും ഇതേപ്പറ്റി അന്വേഷണം വേണമെന്നും ബിഎംഎസ് ജില്ലാ പ്രസിഡന്റ് എ.ഡി.ഉണ്ണികൃഷ്ണന് ആവശ്യപ്പെട്ടു. ലക്ഷദ്വീപ് അധികൃതരുടെ അനുമതിയോടെയാണ് ഇത്തരം നിയമനങ്ങളെന്നും വേണ്ടിവന്നാല്‍ ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: