‘ബെറ്റര്‍ ലേറ്റ് ദാന്‍ നെവര്‍’, നരേന്ദ്രമോഡി ട്വിറ്ററില്‍ കുറിച്ചു. “ഗുജറാത്തിനോട് സജീവമായി ഇടപെട്ട് ബന്ധങ്ങള്‍ ശക്തിപ്പെടുത്താനുള്ള ബ്രിട്ടീഷ് സര്‍ക്കാരിന്റെ നടപടിയെ ഞാന്‍ സ്വാഗതം ചെയ്യുന്നു. ദൈവം മഹത്വമുള്ളവനാണ്.”
മോഡി ഇങ്ങനെയാണ്. മഹത്തായ കാര്യങ്ങളോട് ലളിതമായി പ്രതികരിക്കുക, ലളിതമായ പ്രവൃത്തിയിലൂടെ മഹത്തായ കാര്യങ്ങള്‍ക്ക് വഴിയൊരുക്കുകയെന്നത് അദ്ദേഹത്തിന്റെ രീതിയാണ്. പശ്ചിമബംഗാളിലെ സിംഗൂരില്‍ ‘നാനോ’കാര്‍ നിര്‍മാണശാല തുടങ്ങാന്‍ പദ്ധതിയിട്ട രത്തന്‍ ടാറ്റയെ ഗുജറാത്തിലെത്തിച്ചത് ‘സ്വാഗതം’ എന്ന മോഡിയുടെ ഒരൊറ്റ എസ്‌എംഎസാണ്. 2002 ലെ കലാപത്തെത്തുടര്‍ന്ന് ഗുജറാത്തിനെതിരെ പ്രഖ്യാപിച്ച പത്ത് വര്‍ഷത്തെ നയതന്ത്രവിലക്ക് പിന്‍വലിക്കാനുള്ള ബ്രിട്ടന്റെ തീരുമാനം നരേന്ദ്രമോഡി എന്ന ഭരണാധികാരിയുടെ അജയ്യതയ്‌ക്കും ആഗോള സ്വീകാര്യതയ്‌ക്കും അടിവരയിടുകയാണ്.
“ഗുജറാത്തില്‍ ചെന്ന് മുഖ്യമന്ത്രി നരേന്ദ്രമോഡിയെയും മുതിര്‍ന്ന ഉദ്യോഗസ്ഥരെയും കാണാന്‍ ദല്‍ഹിയിലെ ബ്രിട്ടീഷ് ഹൈക്കമ്മീണറോട് ഞാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുക എന്ന ബ്രിട്ടീഷ് സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യത്തിന് അനുസൃതമായി ഉഭയതാല്‍പ്പര്യമുള്ള പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനും കൂടുതല്‍ സഹകരണത്തിനുള്ള സാധ്യതയാരായാനും ഇതിലൂടെ കഴിയും. ഗുജറാത്തില്‍ ബ്രിട്ടന് വിശാലതാല്‍പ്പര്യമുണ്ട്. 2002 ല്‍ കൊല്ലപ്പെട്ട ബ്രിട്ടീഷ് പൗരന്മാരുടെ കുടുംബങ്ങള്‍ക്ക് നീതി ലഭിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. സംസ്ഥാനത്തെ സല്‍ഭരണത്തെയും മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളെയും ഞങ്ങള്‍ പിന്തുണയ്‌ക്കുന്നു. ഗുജറാത്തില്‍ ജീവിക്കുകയും ജോലി നോക്കുകയും സന്ദര്‍ശനം നടത്തുകയും ചെയ്യുന്ന ബ്രിട്ടീഷ് പൗരന്മാര്‍ക്ക് കഴിയാവുന്ന സഹായങ്ങളെല്ലാം ലഭ്യമാക്കാന്‍ ഞങ്ങളാഗ്രഹിക്കുന്നു.” ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ഹ്യൂഗോ സ്വിയറുടെ ഈ വാക്കുകള്‍ മോഡിയെപ്പോലെ ഗുജറാത്തി ജനതയും സ്വാഗതം ചെയ്തപ്പോള്‍ കോണ്‍ഗ്രസും കേന്ദ്രസര്‍ക്കാരും ചില ‘മതേതര മാധ്യമ’ങ്ങളും വല്ലാതെ അസ്വസ്ഥരാവുകയുണ്ടായി.
ഗുജറാത്തുമായുള്ള ബന്ധം സാധാരണ നിലയിലാക്കാനുള്ള ബ്രിട്ടീഷ് സര്‍ക്കാരിന്റെ തീരുമാനം അവിശ്വസനീയമായി തോന്നിയവര്‍ അത് നരേന്ദ്രമോഡി നടത്തിയ ‘നയതന്ത്ര അട്ടിമറി’യാണെന്ന് വിശേഷിപ്പിക്കുകയുണ്ടായി. എന്നാല്‍ ഇക്കാര്യത്തില്‍ എന്തെങ്കിലും അട്ടിമറി നടത്തേണ്ട ആവശ്യം മോഡിക്കുണ്ടായിരുന്നില്ല എന്നതാണ് വസ്തുത. “മോഡി ഒരിയ്‌ക്കലും ഒറ്റപ്പെട്ടിട്ടില്ല. നിരവധി വന്‍ കമ്പനികള്‍ ഗുജറാത്തില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. ബ്രിട്ടനെപ്പോലുള്ള ഒരു വന്‍ശക്തിയും ഇക്കാര്യം അംഗീകരിച്ചത് പ്രാധാന്യമര്‍ഹിക്കുന്നു” എന്ന ബിജെപിയുടെ പ്രതികരണമാണ് ശരി. ബ്രിട്ടീഷ് സര്‍ക്കാരിന്റെ പുതിയ തീരുമാനവും ഒരു അപവാദമല്ല. വിലക്ക് നിലനില്‍ക്കുമ്പോള്‍തന്നെ അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ പതിനൊന്ന് ബില്യണ്‍ ഡോളറിന്റെ കരാര്‍ ലഭിക്കാന്‍ 2009 ല്‍ 17 ബ്രിട്ടീഷ് കമ്പനികളാണ് തിക്കിത്തിരക്കിയത്. ഇതേവര്‍ഷം നടന്ന ഗുജറാത്ത് നിക്ഷേപ സംഗമത്തില്‍ പങ്കെടുത്ത ബ്രിട്ടീഷ് എംപി ഗുജറാത്ത് സിംഹമെന്നാണ് മോഡിയെ പുകഴ്‌ത്തിയത്. ബ്രിട്ടനെ സംബന്ധിച്ചിടത്തോളം മോഡി വികസന നായകനാണ്. ചൈനയിലും ജപ്പാനിലും ഇസ്രയേലിലും അങ്ങനെ തന്നെ.
2011 നവംബറില്‍ അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിന് നരേന്ദ്രമോഡിക്ക് കമ്മ്യൂണിസ്റ്റ് ചൈന ചുവപ്പ് പരവതാനി വിരിച്ചത് പലരെയും അമ്പരിപ്പിക്കുകയുണ്ടായി. സന്ദര്‍ശനത്തിന് സമാപനം കുറിച്ച് സിചുവാന്‍ പ്രവിശ്യയില്‍ 200-ലേറെ വരുന്ന വാണിജ്യ പ്രതിനിധികളെ മോഡി അഭിസംബോധന ചെയ്യുകയുണ്ടായി. വാണിജ്യ ബന്ധം വികസിപ്പിക്കുന്നതിനുള്ള ധാരണാ പത്രത്തില്‍ സിചുവാനും ഗുജറാത്തും ഒപ്പുവച്ചു. ഇന്ത്യയുടെ ചൈനയിലെ കോണ്‍സല്‍ ജനറലും പ്രവിശ്യാ ഭരണകൂടവും ചേര്‍ന്ന് സംഘടിപ്പിച്ച ഗുജറാത്ത്-സിചുവാന്‍ ബിസിനസ് ഫോറത്തെ അഭിസംബോധന ചെയ്ത് സംസ്ഥാനത്ത് നിക്ഷേപം നടത്താന്‍ ചൈനീസ് വ്യവസായികളെ ക്ഷണിച്ചു. ആഗോള സാമ്പത്തിക ഇടനാഴിയാവാനുള്ള മുന്നേറ്റത്തിലാണ് ഗുജറാത്ത് എന്ന് പ്രഖ്യാപിച്ച മോഡി 2008 ലെ ഭൂകമ്പത്തില്‍ തകര്‍ന്നടിഞ്ഞ യിംഗ്ഷു സിറ്റിയിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചു. ഇവിടുത്തെ ചെലവുകുറഞ്ഞ വീടുകളുടെ നിര്‍മാണ രീതി മോഡി പരിശോധിച്ചു. ഭൂകമ്പത്തില്‍ മരിച്ചവര്‍ക്ക് സ്മരണാഞ്ജലി അര്‍പ്പിച്ച മോഡി ചെങ്ങ്ചുവിലെ പ്രസിദ്ധമായ വെന്‍ഷു ബുദ്ധവിഹാരത്തിലും ദര്‍ശനം നടത്തി.
ചൈനയോട് മത്സരിക്കാന്‍ ഇന്ത്യക്കെന്ത് സാധ്യതകളുണ്ട്? എന്നാണ് 2011 ഏപ്രില്‍ 24 ലെ ന്യൂയോര്‍ക്ക് ടൈംസ് ഉന്നയിച്ച ചോദ്യം. ഈ നൂറ്റാണ്ടിലെ, ഈ ദശകത്തിലെ ഏറ്റവും പ്രസക്തമായ ഈ ചോദ്യത്തിനുള്ള മറുപടിയായിരുന്നു മോഡിയുടെ ചൈനാ സന്ദര്‍ശനം.
2012 ജൂലൈയില്‍ ജപ്പാന്‍ സന്ദര്‍ശിച്ച നരേന്ദ്രമോഡിക്ക് മറ്റൊരു മുഖ്യമന്ത്രിക്കും നല്‍കാത്ത സ്വീകരണമാണ് ജപ്പാനീസ് അധികൃതര്‍ നല്‍കിയത്. കാബിനറ്റ് മന്ത്രിയുടെ പ്രോട്ടോകോള്‍ പ്രകാരമാണ് മോഡിയെ വരവേറ്റത്. മോഡിയുടെ ഭരണത്തിന്‍ കീഴില്‍ ഗുജറാത്ത് കൈവരിച്ച വികസനക്കുതിപ്പുകളുടെ കഥകള്‍ ജപ്പാനീസ് മാധ്യമങ്ങളില്‍ നിറഞ്ഞു. അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിനിടെ വാണിജ്യ പ്രമുഖരും ഏഴ് ജപ്പാനീസ് മന്ത്രിമാരും ഉള്‍പ്പെടെ 2000 വ്യക്തികളുമായി മോഡി ആശയവിനിമയം നടത്തി. 65 പരിപാടികളിലാണ് അദ്ദേഹം സംബന്ധിച്ചത്. മേറ്റ്ന്തിനുമുപരി വ്യവസായ സുരക്ഷിതത്വത്തെ പരമപ്രധാനമായി കാണുന്ന ജപ്പാനീസ് വ്യവസായികള്‍ ആത്മവിശ്വാസം തുളുമ്പുന്ന മോഡിയുടെ വാക്കുകള്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്. ഉദയസൂര്യന്റെ നാട് മോഡിയെ ഇന്ത്യയുടെ ഉദയസൂര്യനായി കണ്ടു.
ഗുജറാത്തിനുള്ള വിലക്ക് ബ്രിട്ടന്‍ നീക്കിയത് കോണ്‍ഗ്രസിനെ വല്ലാതെ നിരാശപ്പെടുത്തിയിരിക്കുകയാണ്. സ്വന്തം രാജ്യത്ത് മോഡിയെ നേരിടുന്നതില്‍ ദയനീയമായി പരാജയപ്പെട്ട അവര്‍ ഇതിനായി ചില വിദേശ ശക്തികളെ കൂട്ടുപിടിക്കുകയായിരുന്നു. അമേരിക്കയും മറ്റും ഏര്‍പ്പെടുത്തിയിട്ടുള്ള വിലക്ക് ചൂണ്ടിക്കാട്ടി 2002 ലെ കലാപത്തിന്റെ പേരില്‍ മോഡിയെ അപകീര്‍ത്തിപ്പെടുത്തുകയെന്ന തന്ത്രമാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്. വാജ്പേയി സര്‍ക്കാര്‍ പൊഖ്‌റാനില്‍ അണുപരീക്ഷണം നടത്തിയപ്പോള്‍ അന്നത്തെ യുഎസ് ഭരണകൂടം ഇന്ത്യക്കെതിരെ സാമ്പത്തിക ഉപരോധം കൊണ്ടുവന്നിരുന്നു. പ്രതിപക്ഷമായിരുന്ന കോണ്‍ഗ്രസ് പാര്‍ലമെന്റിനകത്ത് ഈ നടപടിയെ ഔപചാരികമായി വിമര്‍ശിക്കുകയുണ്ടായെങ്കിലും സോണിയാഗാന്ധിയുടെ പാര്‍ട്ടിക്കാര്‍ ഉള്ളില്‍ സന്തോഷിക്കുകയായിരുന്നു. മോഡിക്കെതിരായി തുടരുന്ന അമേരിക്കയുടെ വിലക്കിനോടുള്ള കോണ്‍ഗ്രസിന്റെ സമീപനവും വ്യത്യസ്തമല്ല.
ജനാധിപത്യവിരുദ്ധവും നിയമവിരുദ്ധവുമായാണ് അമേരിക്ക തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരിയായ നരേന്ദ്രമോഡിക്കെതിരെ വിലക്ക് കൊണ്ടുവന്നത്. ചില മതലോബികളുടെ സ്വാധീനത്തിന് വഴങ്ങിയായിരുന്നു ഇത്. ‘മതസ്വാതന്ത്ര്യ ലംഘനം’ എന്ന് ഇതിന് അമേരിക്ക പറയുന്ന ന്യായം കഴമ്പില്ലാത്തതാണ്. 2002 ലെ കലാപവുമായി ബന്ധപ്പെട്ട് നരേന്ദ്രമോഡി ഒരു കേസിലും ശിക്ഷിക്കപ്പെട്ടിട്ടില്ല. അദ്ദേഹത്തിനെതിരെ എന്തെങ്കിലും ഒരു കേസ് ഒരു കോടതിയിലും നിലവിലില്ല. മോഡിക്കെതിരെ കേസെടുക്കാനാവില്ലെന്ന് സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണം സംഘം നല്‍കിയ റിപ്പോര്‍ട്ടും അത് പരിശോധിച്ച് നല്‍കിയ റിപ്പോര്‍ട്ടും പരിഗണിച്ച് നിയമത്തിന് മുന്നില്‍ യാതൊരു വിധത്തിലും മോഡി കുറ്റക്കാരല്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും കോണ്‍ഗ്രസും കേന്ദ്രസര്‍ക്കാരും ചില മാധ്യമങ്ങളും മോഡിയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി നടത്തുന്ന പ്രചാരണങ്ങള്‍ നിയമവിരുദ്ധമാണ്. ഇത്രയൊക്കെയായിട്ടും വിലക്ക് നീക്കാന്‍ തയ്യാറാവാത്ത യുഎസ് ഭരണകൂടത്തിന്റെ സമീപനത്തിന് പിന്നിലുള്ളത് സ്ഥാപിത താല്‍പ്പര്യമാണ്.
ഗുജറാത്തിനും നരേന്ദ്രമോഡിക്കുമെതിരായ ‘വിലക്ക്’ തുടരുന്നതില്‍ അമേരിക്കയുടെ ഇരട്ടത്താപ്പ് പ്രകടമാണ്. 2002ലെ കലാപത്തിന്റെ പേരില്‍ വിലക്കേര്‍പ്പെടുത്തിയതിനുശേഷം മോഡിയെ ഗുജറാത്തിലെ ജനങ്ങള്‍ വീണ്ടും മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തിട്ടുള്ളതാണ്. 2004ലെയും 2009ലെയും ലോക്സഭാ തെരഞ്ഞെടുപ്പുകളിലും ലോക്സഭയിലേക്കും നിയമസഭയിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പുകളിലും പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിലും മോഡിയിലുള്ള വിശ്വാസം ജനങ്ങള്‍ ആവര്‍ത്തിച്ചുറപ്പിച്ചു. സ്വന്തം രാജ്യത്തെ ജനങ്ങള്‍ അംഗീകരിക്കുന്ന ഭരണാധികാരിക്കെതിരെ മുഖംതിരിക്കുന്ന യുഎസ് ഭരണകൂടത്തിന്റെ നിലപാട് ജനാധിപത്യത്തിന്റെ പേരില്‍ അവര്‍ നടത്തുന്ന അവകാശവാദങ്ങളുടെ പൊള്ളത്തരമാണ് തുറന്നുകാണിക്കുന്നത്.
നരേന്ദ്രമോഡിയെ തെറ്റുകാരനാക്കാന്‍ ഗുജറാത്ത് കലാപത്തെ ഭൂതക്കണ്ണാടിവെച്ച് നോക്കുന്ന അമേരിക്ക 1982ല്‍ ചൈനയില്‍ നടന്ന ടിയാനന്‍മെന്‍ സ്ക്വയര്‍ കൂട്ടക്കുരുതിയുടെ പേരില്‍ ചൈനീസ് നേതാക്കള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ തയ്യാറല്ല. ഗുജറാത്തില്‍ നടന്നത് ഒരു കലാപമായിരുന്നു. മരിച്ചത് 1044 പേരും. ടിയാനന്‍മെന്റ് സ്ക്വയറില്‍ ഒത്തുകൂടി സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയ 3000ലേറെ പേരെയാണ് ചൈനീസ് സൈന്യം ഏകപക്ഷീയമായി കൊന്നൊടുക്കിയത്. ഈ കൂട്ടക്കുരുതിക്ക് നേതൃത്വം നല്‍കിയ ഷാന്‍ സെനിനും കൂട്ടര്‍ക്കും ചുവപ്പ് പരവതാനി വിരിക്കാന്‍ ‘മതസ്വാതന്ത്ര്യലംഘന’വും ‘മനുഷ്യാവകാശലംഘന’വുമൊന്നും തടസമാകാതിരുന്ന യുഎസ് ഭരണാധികാരികള്‍ മോഡിക്ക് വിസ നിഷേധിച്ച് സ്വയം പരിഹാസ്യരാവുകയല്ലേ? ആഗോള വിപത്തായ ഭീകരവാദത്തെ പിന്തുണക്കുന്ന പാക് ഭരണാധികാരികളെ ക്ഷണിച്ചുവരുത്താനും അമേരിക്ക മറക്കുന്നില്ല.
2002 ലെ കലാപത്തിന്റെ കണ്ണിലൂടെ മാത്രം മോഡിയെ ചിത്രീകരിക്കാന്‍ അമേരിക്കന്‍ വിലക്കിനെ ആശ്രയിക്കുന്ന കോണ്‍ഗ്രസിനും കേന്ദ്രസര്‍ക്കാരിനും മറ്റൊരു ദുഷ്ടലാക്കാണുള്ളത്. മോഡിയെ ഗുജറാത്തില്‍ തളച്ചിട്ട് രാജ്യത്തിന്റെ നേതാവായി അദ്ദേഹം വരുന്നത് തടയുക എന്നതാണത്. ഗുജറാത്തിന്റെ ആഭ്യന്തരമന്ത്രിയും മോഡിയുടെ വലംകൈയുമായിരുന്ന അമിത്ഷായെ കേസില്‍ കുടുക്കിയതും ഈ ഗൂഢലക്ഷ്യംവെച്ചായിരുന്നു. ഇന്ത്യയുടെ ഭാവി നേതാവായി കാണുന്നതിനാലാണ് ചൈനയും ജപ്പാനും ഇസ്രായേലുമൊക്ക മോഡിയെ ക്ഷണിച്ചുവരുത്തിയത്. കോണ്‍ഗ്രസിന് സഹിക്കാവുന്നതിലധികമായിരുന്നു ഇത്. ഇപ്പോള്‍ പത്ത് വര്‍ഷക്കാലത്തെ വിലക്ക് നീക്കിയ ബ്രിട്ടന്റെ തീരുമാനം ബിജെപിയെ ആഹ്ലാദിപ്പിക്കുന്നതിനേക്കാള്‍ കോണ്‍ഗ്രസിനെ വല്ലാതെ നിരാശപ്പെടുത്തുകയാണ്.
മുരളി പാറപ്പുറം
പ്രതികരിക്കാൻ ഇവിടെ എഴുതുക: