ഇസ്ലാമാബാദ്: താലിബാനെതിരേ ശബ്ദമുയര്‍ത്തിയ പാക്കിസ്ഥാനിലെ സന്നദ്ധ പ്രവര്‍ത്തകയായ സ്കൂള്‍ വിദ്യാര്‍ഥിനി മലാല യൂസഫായിയെന്ന പതിന്നാലുകാരിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് 120 പേരെ കസ്റ്റഡിയിലെടുത്തതായി പാക്കിസ്ഥാന് അറിയിച്ചു.
സ്വാത്തില്‍ നിന്നും ഖൈബര്‍ പഖ്തൂങ്ഖ്വ പ്രവിശ്യയിലെ ചില മേഖലകളില്‍ നിന്നും അമ്പതോളം പേരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെയാണ് അറസ്റ്റിലായവരുടെ എണ്ണം 120 ലെത്തിയത്. മൂന്ന് താലിബാന് ഭീകരര്‍ ഉള്‍പ്പെടെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. എന്നാല്‍ ഇവര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്ന സംശയം മാത്രമേയുള്ളുവെന്നും അധികൃതര്‍ അറിയിച്ചു.
മലാലയുടെ സ്കൂളിലെ ഗാര്‍ഡും അക്കൗണ്ടന്റുമുള്‍പ്പെടെ നാലു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അക്രമികളുടെ വിവരങ്ങള്‍ ഇവര്‍ വെളിപ്പെടുത്തിയതായാണ് സൂചന. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്ന താലിബാന് നയത്തിനെതിരേ ശബ്ദമുയര്‍ത്തിയതോടെയാണ് മലാല താലിബാന് ഭീകരരുടെ കണ്ണിലെ കരടായത്.
സ്വാത് താഴ്വരയിലെ മിങ്കോറയില്‍ ഇവര്‍ സഞ്ചരിച്ച സ്കൂള്‍ വാനിന് നേരെ ചൊവ്വാഴ്ചയാണ് ആക്രമണമുണ്ടായത്. മലാലയ്ക്കും രണ്ടു കൂട്ടുകാര്‍ക്കും നേരെ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. തലയ്ക്ക് വെടിയേറ്റ മലാല ഗുരുതരാവസ്ഥയില്‍ റാവല്‍പിണ്ടിയിലെ സൈനിക ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: