ലക്നൗ: തന്റെ ട്രസിറ്റിന് അനധികൃതമായി പണം ലഭിച്ചിട്ടില്ലെന്ന നിയമമന്ത്രി സല്മാന് ഖുര്‍ഷിദിന്റെ വാദം പൊളിയുന്നു. നേരത്തെ കേന്ദ്രമന്ത്രാലയം ട്രസിറ്റ് അനുവദിച്ച പണത്തിനു പുറമെ വ്യാജരേഖമുഖേന ലക്ഷങ്ങള്‍ സമ്പാദിച്ചുവെന്നാണ് ഖുര്‍ഷിദിനെതിരെയുള്ള പുതിയ ആരോപണം. ഉത്തര്‍പ്രദേശ് സര്‍ക്കാരിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ വ്യാജ ഒപ്പ് പതിച്ച കത്ത് മുഖേന സഖീക്കീര്‍ ഹുസൈന് ട്രസ്റ്റിന് 68 ലക്ഷം രൂപ ലഭിച്ചുവെന്നാണ് പുതിയ വെളിപ്പെടുത്തല്‍. നേരത്തെ കേന്ദ്രം അനുവദിച്ച 75 ലക്ഷത്തിന് പുറമെയാണ് വ്യാജരേഖയിലൂടെ രണ്ടാമതും ട്രസ്റ്റ് ഫണ്ട് നേടിയെടുത്തത്.
200-2010 കാലയളവിലാണ് സാമ്പത്തിക അഴിമതി നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യുപി സര്‍ക്കാരിലെ മുന്‍ സ്പെഷ്യല്‍ സെക്രട്ടറിയുടെ വ്യാജ ഒപ്പാണ് കത്തില്‍ ഉണ്ടായിരുന്നത്. 2011 മാര്‍ച്ച് 24 നാണ് കത്തിടപാടുകള്‍ നടക്കുന്നത്. വികലാംഗരായ കുട്ടികള്‍ക്കുള്ള ഉപകരണങ്ങള്‍ വാങ്ങാനുള്ള ഫണ്ടിന് യുപി സര്‍ക്കാര്‍ അനുവാദം നല്കുന്ന കത്താണ് വ്യാജമായി കെട്ടിചമച്ചത്. 2009-2010 കാലയളവില്‍ യുപിയിലെ 17 ജില്ലകളിലായി നടന്ന ക്യാമ്പില്‍ വികലാംഗര്‍ക്ക് ഉപകരണങ്ങള്‍ നല്‍കിയിരുന്നുവെന്നും വീണ്ടും ഉപകരണങ്ങള്‍ വാങ്ങുന്നതിന് ശുപാര്‍ശചെയ്യുന്നതരത്തിലാണ് കത്തിന്റെ ഉള്ളടക്കം. ആദ്യ ഘട്ടം സര്‍ക്കാര്‍ നല്കിയ തുക നിയമവിധേയമായിരുന്നുവെന്നും എന്നാല്‍ പിന്നീട് ഉന്നത ഉദ്യോഗസ്ഥന്റെ വ്യാജ ഒപ്പ് ശേഖരിച്ച് വന്‍ തിരിമറിയാണ് ഖുര്‍ഷിദും ഭാര്യയും ട്രസ്റ്റിന്റെ മറവില്‍ നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കത്തിലെ ഒപ്പ് തന്റേതല്ലെന്ന് ഉദ്യോഗസ്ഥന് തന്നെ വെളിപ്പെടുത്തിയിരിക്കുന്നു. 2011 ജനുവരിയില്‍ ഈ ഉദ്യോഗസ്ഥന് സര്‍വീസില്‍ നിന്നും വിരമിച്ചതാണ്. പിന്നെ എങ്ങനെയാണ് മാര്‍ച്ച് 24 ന് തന്റെ ഒപ്പ് കത്തില്‍ വരുകയെന്നും അദ്ദേഹം ചോദിക്കുന്നു. ഒപ്പ് വ്യാജമാണെന്ന് യുപി സര്‍ക്കാരും സ്ഥിരീകരിച്ചിട്ടുണ്ട്.
ട്രസ്റ്റിന്റെ ആരോപണങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിലാണ് പുതിയ അഴിമതിയും പുറത്തായത്. കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച രണ്ട് ഫണ്ടുകളെക്കുറിച്ചും അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. 2009-2010 കാലയളവില്‍ ട്രസ്റ്റിനനുവദിച്ച ഫണ്ടിന്റെ കാലാവധി ഈ വര്‍ഷം മെയ്മാസത്തില്‍ അവസാനിച്ചിരുന്നു. ഖുര്‍ഷിദിന്റെയും ഭാര്യയുടേയും നേതൃത്വത്തില്‍ യുപിയിലെ 13 ജില്ലകളിലായി പ്രവര്‍ത്തിക്കുന്ന 17ഓളം ട്രസ്റ്റുകള്‍ നിയമവിരുദ്ധമായാണ് ഫണ്ട് സമ്പാദിക്കുന്നത്. കേന്ദ്രത്തിനയയ്ക്കുന്ന കത്തുകളില്‍ രേഖപ്പെടത്തുന്ന ഒപ്പുകള്‍ വ്യാജമാണെന്നും സംസ്ഥാനത്തെ 34 ഓളം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇതേക്കുറിച്ച് തുറന്നു പറയുന്നു. ഈ ജില്ലകളിലൊന്നും തന്നെ ക്യാമ്പുകള്‍ നടന്നിട്ടില്ലെന്നും ഉപകരണങ്ങള്‍ നല്‍കിയിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.
ട്രസ്റ്റുകള്‍ക്കെതിരെ പ്രക്ഷോഭം ശക്തമായതോടെ കഴിഞ്ഞ ജൂലൈ മൂന്നിന് മുഖ്യമന്ത്രി അഖിലേഷ് യാദവാണ് അന്വേഷണ ഏജന്‍സിയായ എക്കണോമിക് ഒഫന്‍സീവ് വിങ്ങിനെ ചുമതലപ്പെടുത്തിയത്. എന്നാല്‍ സപ്തംബര്‍ 17 ന് ഖുര്‍ഷിദിന്റെ ഭാര്യ ലൂയിസ്,അഖിലേഷിനെ കാണുകയും തങ്ങള്‍ വ്യാജ ഒപ്പ് ശേഖരിച്ചിട്ടില്ലെന്നും എല്ലാ ആരോപണങ്ങളെക്കുറിച്ചും അന്വേഷണം നടത്തണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് ഈ മാസം മൂന്നിന് ചീഫ് സെക്രട്ടറിയുടെ ഓഫീസാണ് അന്വേഷണത്തിന് ഉത്തരവിട്ട് വാര്‍ത്താക്കുറിപ്പിറക്കിയിരുന്നു. എന്നാല്‍ അന്വേഷണത്തിന് ഉത്തരവിട്ടതിനെക്കുറിച്ച് സര്‍ക്കാറിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കാര്‍ക്കും അറിയില്ലെന്നാണ് പറയുന്നത്. പത്രപ്രസ്താവന ഇറക്കിയതിനെക്കുറിച്ചും ആര്‍ക്കും അറിവില്ല. സപ്തംബര്‍ 17 ന് അഖിലേഷുമായുള്ള കൂടിക്കാഴ്ച്ചയില്‍ സകീര്‍ ഹുസൈന് ട്രസ്റ്റിന് പുതിയ ഫണ്ട് അനുവദിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 2012- 2013 കാലയളവിലേക്ക് ഫണ്ട് അനുവദിക്കാമെന്ന് അഖിലേഷ് സമ്മതിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, പുതുതായി പുറത്തുവന്ന ആരോപണങ്ങളും ഖുര്‍ഷിദ് തള്ളിക്കളഞ്ഞു. അന്വേഷണം നടക്കട്ടേയെന്നും അതിലൂടെ എല്ലാം പുറത്തുവരുമെന്നും ഖുര്‍ഷിദ് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: