ഹൈന്ദവ ഏകീകരണമെന്നത് പുതിയ ആശയമല്ല. ഏതാണ്ട് അഞ്ചര പതിറ്റാണ്ടിന്റെ പഴക്കമുണ്ടതിന്. മന്നത്ത് പത്മനാഭനും ആര്.ശങ്കറും മുന്‍കൈഎടുത്ത് രൂപീകരിച്ച ഹിന്ദുമഹാമണ്ഡലം പല കാരണങ്ങളാല്‍ മുന്നോട്ടുപോയില്ല. അതിന്റെ ദുരന്തഫലം ഹൈന്ദവ സമൂഹം നിരന്തരം അനുഭവിക്കുകയാണ്. ഇത് ബോദ്ധ്യപ്പെട്ടതിനാലാണ് രണ്ട് മഹാരഥന്മാരുടെയും പിന്‍ഗാമികള്‍ ഹൈന്ദവ ഏകീകരണത്തിനുള്ള ആത്മാര്‍ത്ഥ ശ്രമം തുടങ്ങിയത്. ആറേഴ് വര്‍ഷമായി തുടരുന്ന ആ നീക്കം ഇപ്പോള്‍ കൂടുതല്‍ ശക്തവും വ്യക്തവുമായിട്ടുണ്ട്. ജാതിഭേദങ്ങള്‍ ഇല്ലാത്ത ഏകീകൃത ഹൈന്ദവ സമൂഹമാണ് ആര്‍എസ്എസിന്റെയും പ്രഖ്യാപിത ലക്ഷ്യം. എന്നാല്‍ എന്‍എസ്എസ് എസ്എന്‍ഡിപി നേതാക്കളുടെ നീക്കങ്ങളെ പ്രതീക്ഷയോടെ വീക്ഷിക്കുന്നുണ്ടെങ്കിലും ഇതിന് ആര്‍എസ്എസിന് നേതൃത്വപരമായോ ബൗദ്ധികമായോ നേരിട്ടൊരു പങ്കുമില്ലെന്നത് ഉള്ളംകയ്യിലെ നെല്ലിക്കപോലെ വ്യക്തമാണ്. എന്നിട്ടും ഹൈന്ദവ ഏകീകരണം ആര്‍എസ്എസിന്റെ അജണ്ടയാണെന്ന് പ്രചരിപ്പിക്കാന്‍ ചിലര്‍ശ്രമിക്കുന്നു. സിപിഎം സംസ്ഥാന നേതൃത്വത്തിലെ ചിലരാണ് അതിന് പിന്നില്‍. പ്രത്യേകിച്ചും പിണറായി വിജയന്. അദ്ദേഹം പറയുന്നു
“ഹൈന്ദവ ഏകീകരണത്തിന്റെ മറവില്‍ വര്‍ഗീയ അജണ്ട നടപ്പാക്കാനുള്ള ആര്‍എസ്എസ് നീക്കം അതിശക്തമായി ചെറുക്കും. മതനിരപേക്ഷതയില്‍ താല്പര്യമുള്ള എല്ലാ ശക്തികളും വിഭാഗങ്ങളും ആര്‍എസ്എസിന്റെ ഈ നീക്കം എതിര്‍ക്കണം. വിജയിപ്പിക്കാന്‍ കഴിയാതെപോയ വര്‍ഗീയ അജണ്ട ഇന്നത്തെ സാഹചര്യത്തില്‍ നടപ്പാക്കാന്‍ കഴിയുമോ എന്നാണ് ആര്‍എസ്എസ് നോക്കുന്നത്….. ആര്‍എസ്എസിനോടുള്ള പാര്‍ട്ടി നിലപാടില്‍ അവ്യക്തത ഒന്നുമില്ല. ആര്‍എസ്എസിന് പ്രതികാരം ചെയ്യാന്‍ മുസ്ലീമിനെ കിട്ടിയാല്‍ മതി. അതാണ് ചെങ്ങന്നൂരില്‍ കണ്ടത്. അവിടെ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ എബിവിപി പ്രവര്‍ത്തകനെ കൊലപ്പെടുത്തി. രണ്ട് മുസ്ലീം ചെറുപ്പക്കാരെ ഭീകരമായി ആക്രമിച്ചാണ് ആര്‍എസ്എസ് ഇതിന് പ്രതികാരം ചെയ്തത്. അതിലൊരാള്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകനും ഒരാള്‍ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകനുമാണ്. കൊലപാതകം ചെയ്തത് ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍. പ്രതികാരം ചെയ്തത് മുസ്ലീം ചെറുപ്പക്കാരോടും. ഇതാണ് ആര്‍എസ്എസിന്റെ സംസ്കാരം. ഇതാണ് വര്‍ഗ്ഗീയ സംഘടനകളുടെ ആപത്കരമായ പ്രവര്‍ത്തി. അവരെ ആരും വെള്ളപൂശേണ്ട. ഞങ്ങളുടെ ചെലവില്‍ വെള്ളപൂശാന്‍ ഒട്ടും പുറപ്പെടേണ്ട.” (ദേശാഭിമാനി ഒക്ടോബര്‍ 8).
അയ്യോ എന്തൊരു നിഷ്ക്കളങ്കത. സിപിഎമ്മിനല്ലാതെ മറ്റാര്‍ക്കാണിങ്ങനെ പറയാനാവുക. ആടിനെ പട്ടിയും പട്ടിയെ പേപ്പട്ടിയുമാക്കി തല്ലിക്കൊല്ലുക എന്ന അജണ്ട ഭംഗിയായി പൂര്‍ത്തായാക്കാമെന്നാണ് വ്യാമോഹം. പക്ഷേ ഇത് സ്വന്തം അണികള്‍ക്കുപോലും ബോദ്ധ്യമാകാത്തതായിപ്പോയി സഖാവേ എന്നു പറയാതിരിക്കാനാവില്ല. മതനിരപേക്ഷിതമെന്ന് സ്വയം അവകാശപ്പെടുകയും ഹൈന്ദവസമൂഹത്തെ അവഹേളിക്കുകയും ചെയ്യുക എന്നതാണ് കമ്യൂണിസ്റ്റുകാരുടെ രീതി. അത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ജാത്യാലുള്ളത് തൂത്താല്‍ പോകില്ലെന്ന ചൊല്ലുപോലെയാണിത്. 1921 ലെ മാപ്പിളലഹളമുതല്‍ കമ്യൂണിസ്റ്റ് നിലപാട് ഇന്നേവരെ അതാണ്. മലബാറിലെ മാപ്പിളലഹളയ്ക്ക് ലവലേശം ഹിന്ദുസമൂഹം കാരണക്കാരായിരുന്നില്ല. ബ്രിട്ടീഷ് ഗവണ്മെന്റിനെതിരെ ആരംഭിച്ച ഖിലാഫത്ത് പ്രസ്ഥാനം പെട്ടെന്ന് ഹിന്ദുക്കള്‍ക്ക് നേരെ തിരിയുകയാണുണ്ടായതെന്ന് കെപിസിസി പ്രസിഡന്റായിരുന്ന കെ.മാധവന്‍നായരും അന്ന് പൊന്നാനി താലൂക്ക് കോണ്‍ഗ്രസ് സെക്രട്ടറിയുമായിരുന്ന കെ.കേളപ്പനും രേഖപ്പെടുത്തിയിട്ടുണ്ട്. അന്ന് ആയിരക്കണക്കിന് ഹിന്ദുക്കളെ കൊന്നുതള്ളിയതാണ്. കൂട്ടമതംമാറ്റം നടത്തിയിട്ടുണ്ട്. ആയിരക്കണക്കിന് സ്ത്രീകള്‍ മാനഭംഗം ചെയ്യപ്പെട്ടിട്ടുണ്ട്. ഏകപക്ഷീയമായ കുരുതി. ഇന്നത്തെ ഭാഷയില്‍ പറഞ്ഞാല്‍ വംശഹത്യ. മതനിരപേക്ഷതയെക്കുറിച്ച് വീമ്പടിക്കുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും അതിന്റെ ആചാര്യനായ ശങ്കരന്‍നമ്പൂതിരിപ്പാട് കര്‍ഷക ലഹളയാക്കി അതിനെ വെള്ളപൂശി. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഹൈന്ദവ ഏകീകരണ നീക്കം ആര്‍എസ്എസ് അജണ്ടയാണെന്നാക്ഷേപിച്ച് തകര്‍ക്കാനുള്ള നീക്കം. ഒരുകാര്യം വ്യക്തമാണ്. ഹൈന്ദവ ഐക്യം എന്നത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. അതിനെ തകര്‍ക്കാന്‍ ഇറങ്ങുന്നവര്‍ തകരുമെന്നല്ലാതെ ഐക്യം വളരുകയോ ചെയ്യുകയുള്ളു.
കമ്യൂണിസ്റ്റ് പ്രസ്ഥാനം കനല്‍ക്കട്ടയായിരുന്ന കാലമുണ്ടായിരുന്നു. ഇന്നത് വെറും കരിക്കട്ടയായി. ആശയസ്ഫുടത കറകളഞ്ഞ നേതൃത്വവും അന്യമായി. അതുകൊണ്ടുതന്നെ പറയുന്നതപ്പടി വിഴുങ്ങാനും വിശ്വസിക്കാനും അണികള്‍ പോലും തയ്യാറാവുന്നില്ല.
ചെങ്ങന്നൂരിലെ സംഭവം പറഞ്ഞല്ലൊ. ചെങ്ങന്നൂരില്‍ ഒരു വിദ്യാര്‍ത്ഥി പ്രവര്‍ത്തകനെ കുത്തിക്കൊന്നത് ക്യാമ്പസ് ഫ്രണ്ടുകാരാണെന്ന് പിണറായി വിജയന് സമ്മതിച്ചത് തന്നെ വലിയകാര്യം. ഇല്ലെങ്കില്‍ സ്വയം നെഞ്ചില്‍ കത്തിതാഴ്ത്തിയാണ് വിശാല്‍ മരണപ്പെട്ടതെന്ന് പറയുന്നതാണ് സഖാവിന്റെ ശൈലി. പരുമലയില്‍ മൂന്നുവിദ്യാര്‍ത്ഥികളെ പമ്പയാറ്റില്‍ ചാടിച്ച് മുക്കിക്കൊന്നവരെ ന്യായീകരിച്ച കൂട്ടരാണല്ലൊ ഇവര്‍. നീളംകൂടിയ പാന്റിന്റെ പോക്കറ്റില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് മുങ്ങിത്താണ് മരിച്ചതിന് മറ്റാരെയെങ്കിലും കുറ്റം പറയണോ എന്ന് ചോദിച്ചവരല്ലെ ഇവര്‍. വിശാലിനെ കൊന്നതിന് പകരം വീട്ടിയത് രണ്ട് മുസ്ലീം യുവാക്കളെ ആക്രമിച്ചുകൊണ്ടാണെന്നാക്ഷേപിക്കുന്നു. സമീപകാലത്ത് കേരളത്തില്‍ പുതിയൊരു പ്രതിഭാസമുണ്ട്. ഭീകരന്മാരുടെ പുറംതോട് ഖാദിയും ചെങ്കുപ്പായമാണ്. പകലിവര്‍ക്കൊക്കെ രാഷ്ട്രീയമുഖമാണ്. രാത്രിയായാല്‍ സ്വരൂപം കാണാനാകും. അത് നേതൃത്വം അറിഞ്ഞുകൊണ്ടാണോ? വ്യക്തമാകേണ്ട സംശയമാണത്. ചെങ്ങന്നൂരില്‍ വിദ്യാര്‍ത്ഥിയെ കുത്തിക്കൊന്നതിന് രണ്ട് മുസ്ലീം ചെറുപ്പക്കാരെ ആക്രമിച്ചു എന്നു പറഞ്ഞ് ആര്‍എസ്എസില്‍ മുസ്ലീം വിരോധം ആരോപിക്കുന്ന സഖാവിനോട് ചോദിക്കട്ടെ. കണ്ണൂര്‍ ജില്ലയിലെ പട്ടുവത്ത് ലീഗുകാരനായ ഷുക്കൂറിനെ വളഞ്ഞിട്ട് തല്ലിക്കൊന്നതെന്തിനായിരുന്നു?
സിപിഎം ജില്ലാനേതാക്കളെ തുറിച്ചുനോക്കിയതല്ലെ കുറ്റം. കാറിന്റെ ബോണറ്റില്‍ ലീഗുകാര്‍ ഇടിച്ചത് നേതാക്കളെ അക്രമിച്ചതായി പ്രചരിപ്പിച്ചു. തുടര്‍ന്ന് നടത്തിയ കൊലപാതകം പണ്ട് നാദാപുരത്ത് അഴിഞ്ഞാടിയതിന്റെ ആവര്‍ത്തനമല്ലെ. ലീഗ് വിരോധം മുസ്ലീം വിരുദ്ധമായും തുടര്‍ന്ന് സംഘര്‍ഷം സൃഷ്ടിക്കുന്നതും സിപിഎമ്മിന്റെ മാത്രം തന്ത്രമാണ്. അത് സംഘപരിവാറിന്റെ മേല്‍ ചാരിവയ്ക്കാന്‍ ശ്രമിക്കുന്നതാണ് കാടത്തം.
ലീഗുകാരും മുസ്ലീം മതതീവ്രവാദികളും നിരവധി ഹിന്ദുക്കളെ പ്രത്യേകിച്ച് ആര്‍എസ്എസ് പ്രവര്‍ത്തകരെ നിഷ്ഠൂരമായി വധിച്ചിട്ടുണ്ട്. അതിനെയെല്ലാം അതേ നാണയത്തില്‍ നേരിടുന്ന രീതി ആര്‍എസ്എസ് സ്വീകരിച്ചിട്ടില്ല. മാറാട് കൂട്ടക്കുരുതി നടത്തിയപ്പോഴും നിയമത്തിന്റെ മാര്‍ഗ്ഗത്തില്‍ നീങ്ങാനുള്ള ശ്രമവും സമ്മര്‍ദ്ദവും സമരവുമാണ് ഹിന്ദുസംഘടനകള്‍ സ്വീകരിച്ചിരുന്നത്. വിശാലിന്റെ കാര്യത്തിലും സച്ചിന്ഗോപാലിന്റെ വധത്തിലും മറ്റൊരു മാര്‍ഗം അവലംബിച്ചിട്ടില്ല. എന്നാല്‍ അതാണോ സിപിഎം സ്വീകരിക്കാറ്.
നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുണ്ടായിരുന്ന സപ്തകക്ഷി മന്ത്രിസഭയെ അട്ടിമറിച്ച ലീഗിനെതിരെ ഉയര്‍ത്തിക്കൊണ്ടുവന്ന വികാരം എന്തൊക്കെ പ്രശ്നങ്ങള്‍ കേരളത്തിലുണ്ടാക്കി. എത്രമനുഷ്യജീവന്‍ തല്ലിക്കെടുത്തി. ആഭ്യന്തരമന്ത്രിയായിരിക്കെ സി.എച്ച്.മുഹമ്മദ്കോയയെ വധിക്കാന്‍ ശ്രമിച്ച സംഭവത്തിലെ പ്രതി ഗംഗാധരമാരാര്‍ അന്ന് സിപിഎം ഭാരവാഹിയായിരുന്നില്ലെ. കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ എന്തൊക്കെ കെടുതികളുണ്ടാക്കി. തലശ്ശേരി കലാപം തന്നെ അതിന്റെ സൃഷ്ടിയല്ലെ. രാമന്തളിയില്‍ പള്ളി മുക്രിയെ പള്ളിക്കകത്തിട്ട് വെട്ടിനുറുക്കി കൊന്നവര്‍ സിപിഎംകാരല്ലെ. വളപട്ടണത്ത് മെഹമൂദ് എന്ന ചെറുപ്പക്കാരനെ കശാപ്പുചെയ്തത് മറ്റാരെങ്കിലുമാണോ? പിന്നീട് നാദാപുരത്തുണ്ടായ സംഘര്‍ഷങ്ങള്‍ തനി വര്‍ഗീയമായിരുന്നില്ലേ? അതിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ നിയമസഭയില്‍ പോലും വിശദമായി ചര്‍ച്ച ചെയ്തതാണ്.
മാര്‍ക്സിസ്റ്റുകാരാണ് മുസ്ലീംങ്ങളെ വേട്ടയാടുന്നത്. ആര്‍എസ്എസ് കാരല്ലെന്ന് പി.സീതിഹാജി നിയമസഭയില്‍ പ്രസ്താവിച്ചിട്ടുണ്ട്. ‘മനുഷ്യന്റെ തലയ്ക്കും തെങ്ങിന്റെ കുലയ്ക്കും രക്ഷയില്ലെ’ന്ന് സി.എച്ച്.മുഹമ്മദ്കോയ പ്രസ്താവിച്ചത് മാര്‍ക്സിസ്റ്റ് അക്രമത്തില്‍ സഹികെട്ടായിരുന്നില്ലെ! പകയുടെ രാഷ്ട്രീയത്തിന് വിത്തിട്ടതും വെള്ളമൊഴിച്ച് വളര്‍ത്തിയതുമെല്ലാം സിപിഎമ്മാണ്. അതില്‍ ആര്‍എസ്എസിന് ഒരു പങ്കുമില്ല. ഒരുകാലത്തും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ തണലും താരാട്ടും ആര്‍എസ്എസ് ആഗ്രഹിച്ചിട്ടില്ല. ഉപ്പുവച്ച കലംപോലെ ദ്രവിച്ചുകൊണ്ടിരിക്കുന്ന പ്രസ്ഥാനമാണ് സിപിഎം. അത് നേതാക്കള്‍ക്ക് മനസ്സിലാകാത്തത് അവര്‍ ദന്തഗോപുരവാസികളായതുകൊണ്ടല്ലെ? കണ്ണടച്ചാല്‍ ഇരുട്ടാകില്ല. അത് തിരിച്ചറിയാത്തതാണ് സിപിഎം നേതൃത്വത്തിന്റെ കുഴപ്പം.
കെ. കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: