കൊച്ചി: മരിച്ചയാളിന്റെ പേരില്‍ ആള്‍മാറാട്ടം നടത്തി 8.7 ഏക്കര്‍ ഭൂമി തട്ടിയെടുത്തതായി പരാതി. എറണാകുളം ടിഡി റോഡില്‍ ഗീതാലയത്തില്‍ സംഗീത് കുമാറാണ് കോതമംഗലം രാമല്ലൂര്‍ സ്വദേശിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്.
ദേവികുളം താലൂക്കില്‍ വട്ടവട വില്ലേജില്‍ കുടുംബ സ്വത്തായി സംഗീത് കുമാറിന് 24 ഏക്കര്‍ വസ്തു ഉണ്ടായിരുന്നു. ഇതിനു സമീപമുള്ള തമിഴ്നാട് സ്വദേശി ചെല്ലയ്യ തേവരില്‍ നിന്ന് 60.73 ആര് വസ്തു 1987 ല്‍ സംഗീത് കുമാര്‍ വാങ്ങി. രജിസ്ട്രേഡ് സര്‍വ മുക്ത്യാര്‍ വഴിയാണ് സ്ഥലം കൈമാറിയത്. 2009 ല്‍ സംഗീത് കുമാര്‍ ടോമി ജോസഫ് എന്ന റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ വഴി കുടുംബ വക 8. 7 ഏക്കര്‍ വസ്തു എറണാകുളത്തുള്ള ബോംബേ ഡൈയിങ് ഷോപ്പ് ഉടമ രാജീവ് വിഷ്ണു ദാസിന് വിറ്റു. ആധാര പ്രകാരം 66 ലക്ഷം രൂപ വിലയിട്ടിരുന്നെങ്കിലും രണ്ടു തവണയായി 25 ലക്ഷം രൂപ മാത്രമാണ് തങ്ങള്‍ക്ക് ലഭിച്ചതെന്ന് സംഗീത് കുമാര്‍ പറഞ്ഞു. റെവന്യൂ രേഖകള്‍ ശരിയാക്കാനെന്ന പേരില്‍ ചെല്ലയ്യ തേവര് സംഗീത് കുമാറിനു നല്കിയ സര്‍വ മുക്ത്യാറിന്റെ അസ്സലും മറ്റ് ആധാരങ്ങളും ടോമി ജോസഫ് കൈക്കലാക്കി. ഇതിനിടെ 1991 ല്‍ ചെല്ലയ്യ തേവര് മരണപ്പെട്ടു.
എന്നാല്‍ 2010 ല്‍ ചെല്ലയ്യയുടെ പേരില്‍ ആള് മാറാട്ടം നടത്തി ഭൂമി ടോമിയുടെ ഭാര്യ റെജിമോളുടെ പേരില്‍ ആധാരം രജിസ്റ്റര്‍ ചെയ്യുകയായിരുന്നെന്നും സംഗീത് കുമാര്‍ വ്യക്തമാക്കി. ഈ ഭൂമി ടോമി വേലി കെട്ടി തിരിക്കുകയും ചെയ്തു. തട്ടിപ്പ് മനസിലാക്കിയ സംഗീത് കഴിഞ്ഞ സെപ്തംബര്‍ 21 ന് ദേവികുളം സിഐയ്ക്ക് പരാതി നല്കി. ടോമി ഉന്നത രാഷ്ട്രീയ ബന്ധമുള്ളയാളാണെന്നും മാണി കോണ്‍ഗ്രസിന്റെ കര്‍ഷക വിഭാഗം ജില്ലാ നേതാവും ആയതിനാല്‍ പരാതിയില്‍ കേസെടുക്കാന്‍ സിഐ തയ്യാറായില്ലെന്നും സംഗീത് പറഞ്ഞു. തുടര്‍ന്ന് ദേവികുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ടോമിയുടെ വസതിയില്‍ പരിശോധിച്ച് രേഖകള്‍ കണ്ടെടുക്കാന്‍ ദേവികുളം സി.ഐ വിശാല്‍ ജോണ്സന്് കോടതി നിര്‍ദ്ദേശം നല്കി. ഇതനുസരിച്ച് പോലിസ് അന്വേഷിച്ചെങ്കിലും ടോമിയെ കണ്ടെത്താനായില്ലെന്നും സംഗീത് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: