എരുമേലി: ഓട്ടോ ടാക്സികള്‍ക്ക് സ്റ്റാന്റ് പെര്‍മിറ്റ് നല്കുന്ന വിഷയത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് മോളി മാത്യു വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്നും ഇത്തരം നടപടി ഏകപക്ഷീയമായി പ്രസിഡന്റ് പെരുമാറുകയാണെന്നും പ്രതിപക്ഷ അംഗം എം.എസ്.സതീഷ്കുമാര്‍ ആരോപിച്ചു.
3/5/12-10 (44) നമ്പറായുള്ള പഞ്ചായത്ത് കമ്മറ്റി തീരുമാനപ്രകാരമാണ് ഓട്ടോ ഡ്രൈവേഴ്സ് യൂണിയന് പ്രതിനിധികളുമായി കഴിഞ്ഞദിവസം ചര്‍ച്ച നടത്തിയതെന്നും, എംഎല്‍എ ക്ക് ലഭിച്ച നിവേദനത്തിന്റെ തീരുമാനം അറിയിക്കാനാണ് യോഗത്തില്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ് പങ്കെടുത്തതെന്നും പഞ്ചായത്ത് പ്രസിഡന്റ് പ്രസ്താവനയില്‍ ഇന്നലെ അറിയിച്ചിരുന്നു. എന്നാല്‍ 3/5/12 നടന്ന പഞ്ചായത്ത് കമ്മറ്റിയില്‍ ഓട്ടോ ടാക്സിയുടെ പെര്‍മിറ്റ് നല്‍കുന്നതിനെക്കുറിച്ച് യാതൊരുവിധ ചര്‍ച്ചകളും നടന്നില്ല. 10-ാം നമ്പറായി വന്ന കത്തുകളും അപേക്ഷകളും എന്ന സെക്ഷനില്‍ ലഭിച്ച ഓട്ടോ ടാക്സി പെര്‍മിറ്റ് എന്ന പരാതിയില്‍ ഇതു സംബന്ധിച്ചുള്ള തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ കാഞ്ഞിരപ്പള്ളി ജോയിന്റ് ആര്‍ടിഓ അഭ്യര്‍ത്ഥിക്കാന്‍ മാത്രമാണ് അന്നത്തെ പഞ്ചായത്ത് കമ്മറ്റി തീരുമാനിച്ചതെന്നും ഗ്രാമപഞ്ചായത്ത് അംഗം എം.എസ്.സതീഷ് പറഞ്ഞു. എന്നാല്‍ മാസങ്ങള്‍ക്ക്ശേഷം മുന്കമ്മറ്റിയുടെ ഒരു തീരുമാനപ്രകാരമാണെന്ന നിലയില്‍ പഞ്ചായത്തംഗങ്ങളെ ആരെയും അറിയിക്കാതെ യോഗം നടത്തി തീരുമാനമെടുത്തത് പഞ്ചായത്തംഗങ്ങളെയും ജനങ്ങളോടുമുള്ള വെല്ലുവിളിയാണെന്നും പഞ്ചായത്ത് പ്രസിഡന്റ് തന്നിഷ്ട്രപ്രകാരം കാട്ടിക്കൂട്ടിയ യോഗത്തില്‍ എംഎല്‍എ യെക്കൂടി വലിച്ചിഴയ്ക്കുകയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
ഗ്രാമപഞ്ചായത്ത് ഭരണകാര്യത്തിലടക്കം എരുമേലിയുടെ വികസന ചര്‍ച്ചകളില്‍ പഞ്ചായത്തംഗങ്ങളെകൂടി ഉള്‍പ്പെടുത്തി സഹകരിച്ച് കൊണ്ടുപോകാന്‍ പ്രസിഡന്റ് ശ്രമിക്കുന്നില്ലെന്നും സതീഷ് പറഞ്ഞു. എരുമേലിയിലെ ഓട്ടോറിക്ഷകള്‍ക്ക് സ്റ്റാന്റ് പെര്‍മിറ്റ് നല്കണമെന്നുള്ള ഒരു തീരുമാനം ഒരു പഞ്ചായത്ത് കമ്മറ്റിയിലും തീരുമാനിക്കാത്തപക്ഷം പ്രസിഡന്റ് ഇത്തരത്തില്‍ പെരുമാറിയതിലെ നടപടി വ്യക്തമാകുന്നില്ല. എംഎല്‍എയെക്കൂടി ഉള്‍പ്പെടുത്തി വികസനകാര്യത്തില്‍ ബോധപൂര്‍വ്വമായ വിവാദങ്ങളുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും സതീഷ് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: