മരട്: ഇറച്ചിവെട്ടുകാരുടെ കണ്ണില്‍ചോരയില്ലാത്ത ക്രൂരത നിരത്തുകളെ അറവുമൃഗങ്ങളുടെ ശവപ്പറമ്പാക്കിമാറ്റുന്നു. നിയമവിരുദ്ധമായി പോത്തുകളും എരുമകളും ഉള്‍പ്പെടെയുള്ള അറവുമാടുകളെ ലോറികളില്‍ കുത്തിനിറച്ചുകൊണ്ടുപോകുന്നത് അവ റോഡില്‍ വീണ് ചാവുന്നതിന് കാരണമാകുന്നു. ദേശീയപാത ബൈപ്പാസില്‍ ഇടപ്പള്ളി മുതല്‍ കുമ്പളംവരെയുള്ള ഭാഗങ്ങളില്‍ അടുത്തിടെയായി ഇത്തരം നിരവധി അറവുമൃഗങ്ങളെയാണ് നിരത്തില്‍ വീണ് ചത്ത നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. കൊച്ചിയിലും പരിസരങ്ങളിലും പ്രവര്‍ത്തിക്കുന്ന അനധികൃത അറവുശാലകളിലേക്ക് കൊണ്ടുവരുന്നവയാണ് ഇവയില്‍ ഏറെയും.
മാടുകളെയും മറ്റും ലോറികളില്‍ കുത്തിനിറച്ചുകൊണ്ടുവരുന്നത് നിയമം മൂലം നിരോധിച്ചിട്ടുണ്ട്. എന്നാല്‍ അയല്‍സംസ്ഥാനങ്ങളില്‍നിന്നും രാത്രികാലങ്ങളില്‍ വന്‍തോതിലാണ് പശു, പോത്ത്, എരുമ, കാളകള്‍ എന്നിവയെ ലോറിയില്‍ കുത്തിനിറച്ച് അതിര്‍ത്തി കടത്തി കൊണ്ടുവരുന്നത്. ഇത്തരം നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ അതിര്‍ത്തികളില്‍ മൃഗസംരക്ഷണ വകുപ്പിന്റെയും മറ്റും ചെക്ക്പോസ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും പരിശോധനകള്‍ കാര്യക്ഷമമല്ല എന്നാണ് ആക്ഷേപം.
പത്ത് മുതല്‍ 15 വരെ മാടുകളെ കയറ്റിക്കൊണ്ടുവരാന്‍ മാത്രം സൗകര്യമുള്ള ലോറികളില്‍ മുപ്പതും നാല്‍പ്പതും അറവുമാടുകളെയാണ് കുത്തിനിറച്ച് കൊണ്ടുവരുന്നത്. ലക്ഷ്യസ്ഥാനത്തെത്തുന്നതിന് മുമ്പുതന്നെ പലതും മൃതപ്രായരായിത്തീരും. ചിലവ ലോറിയില്‍തന്നെ ചത്തുവീഴുന്നതും പതിവാണ്. പ്രാണവായു ലഭിക്കാതെയും മറ്റും മരണവെപ്രാളത്തില്‍ കുതിച്ചുചാടാന്‍ ശ്രമിക്കുന്നവയില്‍ ചിലതാണ് ലോറിയില്‍നിന്നും റോഡില്‍ വീണ് ചാകുന്നത്. ലോറിയില്‍നിന്നും ചാടുന്നതില്‍ ഭൂരിഭാഗവും ഗുരുതരമായി പരിക്കേല്‍ക്കുകയും ചാവുകയും ചെയ്യുന്നതിനാല്‍ ലോറിക്കാര് ഇത്തരത്തിലുള്ളവയെ റോഡില്‍ ഉപേക്ഷിച്ചുപോകുന്നതും പതിവാണ്.
ഇടപ്പള്ളി-അരൂര്‍ ബൈപ്പാസില്‍ ഇത്തരത്തില്‍ നിരവധി അറവുമാടുകള്‍ ചത്തുകിടന്ന സംഭവം അടുത്തിടെ ഉണ്ടായിട്ടുണ്ട്. ഇന്നലെ നെട്ടൂരിന് സമീപം എരുമയുടെ ശവശരീരമാണ് കാണപ്പെട്ടത്. നഗരസഭാ ജീവനക്കാര്‍ ജെസിബി ഉപയോഗിച്ച് ജഡം സമീപത്തെ പറമ്പില്‍ മറവുചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: