ഭാരതത്തിലെ ആദിമ നിവാസികളില്‍ എന്തുകൊണ്ടും പ്രാധാന്യമര്‍ഹിക്കുന്ന ഒരു വിഭാഗമാണ് മത്സ്യബന്ധനം കുലത്തൊഴിലായി നിര്‍വഹിച്ചുവരുന്ന ഭാരതത്തിന്റെ തീരദേശവാസികളായ മുക്കുവ വംശം. പൊതുവെ മുക്കുവര്‍ എന്ന സാമാന്യ നാമത്തില്‍ ഇവര്‍ അറിയപ്പെടുന്നു. പല സംസ്ഥാനങ്ങളില്‍ പല പേരുകളിലാണ് ഈ വിഭാഗം അറിയപ്പെടുന്നത്. കടല്‍, കായല്‍ നദികള്‍ എന്നിവയുടെ തീരങ്ങളിലാണ് ഇവര്‍ താമസിക്കുന്നത്. ഭാരതത്തില്‍ പല സംസ്ഥാനങ്ങളിലും ഇവരെ പട്ടിക വര്‍ഗത്തിലോ പട്ടിക ജാതിയിലോ പെടുത്തിയിരിക്കുന്നു. അപൂര്‍വം ചില സംസ്ഥാനങ്ങളില്‍ ഇവര്‍ പിന്നോക്കപ്പട്ടികയിലാണ്. ആന്ധ്ര, തമിഴ്നാട്, കര്‍ണാടക, കേരളം മുതലായ സംസ്ഥാനങ്ങളില്‍ ഭൂരിപക്ഷവും മതംമാറ്റത്തിന് വിധേയരായി. കേരളത്തില്‍ ഇവരെ ഒബിസി വിഭാഗത്തില്‍(മറ്റുപിന്നോക്ക വിഭാഗം)പ്പെടുത്തിയിരിക്കുന്നു കേരളത്തില്‍ ഇവര്‍ കടല്‍, കായല്‍, നദികള്‍ എന്നിവയുടെ തീരങ്ങളില്‍ ജീവിച്ചുവരുന്നു. മത്സ്യബന്ധനം തന്നെയാണ് പ്രധാന തൊഴില്‍. കേരളത്തില്‍ കാസര്‍കോട് മുതല്‍ ഇരയിമ്മന്‍ തുറ വരെയുള്ള കടല്‍, കായല്‍, നദികള്‍ ഇവയുടെ തീരങ്ങളില്‍ താമസിക്കുന്ന വിവിധ പേരുകളില്‍ അറിയപ്പെടുന്ന ഹിന്ദുക്കളായി നിലനില്‍ക്കുന്ന ഈ വിഭാഗങ്ങളെ എല്ലാം കൂടി കൂട്ടിയോജിപ്പിച്ചുകൊണ്ട് ‘ധീവര’ എന്ന പൊതുനാമത്തില്‍ ഇപ്പോള്‍ ഇവര്‍ അറിയപ്പെടുന്നു. ഇവരുടെ സാമൂഹ്യാവസ്ഥ വളരെ പിന്നോക്കമാണ്. ദാരിദ്ര്യവും നിരക്ഷരതയും മൂലം ഇവര്‍ പൊതുവെ വളരെ കഷ്ടപ്പെടുന്നവരാണ്. ഭാരതത്തിലെ മത്സ്യബന്ധന സമൂഹത്തിന്റെ ദുരവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കാനുള്ള ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ കാലാകാലങ്ങളില്‍ പല കമ്മീഷനുകളെ നിയമിക്കുകയുണ്ടായി.
ഏറ്റവും അവസാനം പിന്നോക്ക വിഭാഗങ്ങളുടെ മൊത്തം സ്ഥിതി മനസ്സിലാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതു മണ്ഡല് കമ്മീഷനാണ്. ജനത ഗവണ്മെന്റിന്റെ കാലത്ത് മൊറാര്‍ജി ദേശായി ഗവണ്മെന്റാണ് മണ്ഡല് കമ്മീഷന് നിയമിച്ചത്. ആ റിപ്പോര്‍ട്ടില്‍ മത്സ്യബന്ധന സമൂഹം പല സംസ്ഥാനങ്ങളിലും ദുരിതാവസ്ഥയിലാണെന്ന് എടുത്തു പറയുന്നുണ്ട്. പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ ഇവരെപ്പെടുത്തേണ്ടതാണെന്നും പ്രത്യേക പരിഗണന നല്കി ഇവരെ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കണമെന്നും ജനപ്രതിനിധി സഭകളില്‍ പ്രാതിനിധ്യം കിട്ടാന്‍ വേണ്ടി പ്രത്യേക തീരദേശ നിയോജകമണ്ഡലങ്ങള്‍ ഇവര്‍ക്കുവേണ്ടി രൂപീകരിക്കണമെന്നും മണ്ഡല് കമ്മീഷന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ നാളിതുവരെ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ ഇവരുടെ പുരോഗതിക്കുവേണ്ടി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഫലപ്രദമായ നടപടികള്‍ ഒന്നും തന്നെ സ്വീകരിച്ചിട്ടില്ല. ഇവരുടെ പരമ്പരാഗത തൊഴില്‍ മേഖലയായ മത്സ്യബന്ധനം ഇന്ന് ഒട്ടേറെ പ്രതിസന്ധികള്‍ നേരിടുകയാണ്. മുന്‍ കാലങ്ങളില്‍ ആരെയും ആശ്രയിക്കാതെ സ്വന്തം വള്ളങ്ങളില്‍ പോയി മത്സ്യബന്ധനം നടത്തിയിരുന്ന കടലിന്റെ മക്കള്‍ ഇന്ന് അടിമപ്പണി ചെയ്താണ് ജീവിക്കുന്നത്. മത്സ്യത്തിന്റെ ഉപയോഗവും കയറ്റുമതിയും വര്‍ധിച്ചപ്പോള്‍ കുത്തകക്കാര്‍ സര്‍ക്കാരുകളുടെ ഒത്താശയോടെ ആ മേഖല കൈയടക്കി. പണം മുടക്കി ആര്‍ക്കുവേണമെങ്കിലും വന്‍കിട മത്സ്യബന്ധനയാനങ്ങള്‍ യഥേഷ്ടം കടലില്‍ ഇറക്കി യാതൊരു നിബന്ധനകളും ഇല്ലാതെ മത്സ്യം പിടിക്കാനുള്ള അവസരം സൃഷ്ടിച്ചിരിക്കുന്നു. സമുദ്രത്തില്‍ ഉള്ള മത്സ്യങ്ങളെക്കാള്‍ കൂടുതല്‍ മത്സ്യബന്ധനയാനങ്ങള്‍ ഇന്ന് സമുദ്രത്തില്‍ നിറഞ്ഞിരിക്കുന്നു. ഈ അവസ്ഥ പരമ്പരാഗത മത്സ്യബന്ധന സമൂഹത്തെ ഉന്മൂലനാശം വരുത്താന്‍ തുടങ്ങിയിരിക്കുന്നു. ഇടനിലക്കാരുടെ ചൂഷണം മൂലം കിട്ടുന്ന മത്സ്യത്തിന് അദ്ധ്വാനത്തിന് ആനുപാതികമായി വിലയും കിട്ടുന്നില്ല.
നൂറ്റാണ്ടുകളായി അനസ്യൂതം തുടര്‍ന്നുകൊണ്ടിരിക്കുന്ന മതപരിവര്‍ത്തനവും അതുമൂലം ഉണ്ടായിക്കൊണ്ടിരിക്കുന്ന സാംസ്ക്കാരിക അധഃപതനവും അവരുടെ സ്വത്വബോധത്തേയും രാഷ്ട്രസ്നേഹത്തേയും അപകടകരമാംവിധം ബാധിച്ചിട്ടുണ്ട്. കടലോരത്ത് നിര്‍ഭയമായി ജീവിക്കുവാന്‍ ഇന്ന് സാധിക്കുന്നില്ല. കടല്‍ വഴിയുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങളും കള്ളക്കടത്തും വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്ന കള്ളനോട്ടും പരമ്പരാഗത മത്സ്യബന്ധന സമൂഹത്തെ വേട്ടയാടുന്നു.
ഇടക്കിടെ ഉണ്ടാകുന്ന വര്‍ഗീയ കലാപങ്ങള്‍ അവരെ തീരത്തുനിന്നും തുരത്തിയോടിക്കുവാന്‍ കരുതിക്കൂട്ടി നടക്കുന്നതാണ്. അതിന് ഇരയായവര്‍ക്ക് യാതൊരു സംരക്ഷണവും നല്‍കുന്നില്ല. ഇരകളെ നിഷ്ക്കരുണം ആട്ടിയോടിച്ചുകൊണ്ട് വേട്ടക്കാരെ സംരക്ഷിക്കുന്ന നയം ഭരണാധികാരികളും മുഖ്യരാഷ്ട്രീയ കക്ഷികളും അവലംബിക്കുന്നു. പൂന്തുറയിലും മാറാട്ടും മറ്റും നടന്ന പൈശാചികമായ നരനായാട്ടുകള്‍ ഇതിന്റെ ഉദാഹരണങ്ങളാണ്. നിഷ്പക്ഷമായ അന്വേഷണം നടക്കുന്നില്ല. അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ടുകള്‍ പൂഴ്ത്തി വയ്ക്കുന്നു.
ടൂറിസത്തിന്റെ മറവില്‍ ഭൂമാഫിയ കടലോരങ്ങള്‍ വെട്ടിപ്പിടിക്കുന്നു. പരമ്പരാഗത മത്സ്യബന്ധന സമൂഹത്തിന്റെ ആവാസകേന്ദ്രങ്ങള്‍ ഭൂമാഫിയ കൈയടക്കുന്നു. നിലവിലുള്ള എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തിക്കൊണ്ടും തീരങ്ങളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. അങ്ങനെയുള്ള റിസോര്‍ട്ടുകളില്‍ തമ്പടിച്ചുകൊണ്ട് ലൗജിഹാദുകള്‍ പോലുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ അനസ്യൂതം നടക്കുന്നു. അവരുടെ തനതു സംസ്ക്കാരത്തേയും ആരാധനാ സമ്പ്രദായങ്ങളേയും ഇല്ലായ്മ ചെയ്യുന്നു. ഈ ഫാസിസ്റ്റ് രീതിക്കെതിരെ അധികൃതര്‍ കണ്ണടക്കുന്നു. കുത്തക മുതലാളിമാരുടെ അടിമകളായി ജീവിക്കേണ്ടി വരുന്ന മത്സ്യബന്ധന സമൂഹത്തെ രക്ഷപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ അവരുടെയിടയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ നിരന്തരമായ ആവശ്യത്തിന്റെ അടിസ്ഥാനത്തില്‍ പല കമ്മീഷനുകളും സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്.
അതില്‍ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച മുരാരിക്കമ്മറ്റി. 1995 ഫെബ്രുവരിയിലാണ് പി.മുരാരി അദ്ധ്യക്ഷനായി 41 അംഗങ്ങളുള്ള ഒരു കമ്മറ്റിയെ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചത്. മത്സ്യമേഖലയിലെ ശാസ്ത്രജ്ഞന്മാര്, പാര്‍ലമെന്റംഗങ്ങള്‍ വിവിധ മത്സ്യപ്രവര്‍ത്തക സംഘടനാ നേതാക്കള്‍ എന്നിവര്‍ ആ കമ്മറ്റിയില്‍ ഉണ്ടായിരുന്നു. മത്സ്യബന്ധന മേഖലയിലെ എല്ലാ കാര്യങ്ങളും വളരെ ശ്രദ്ധാപൂര്‍വം പഠിച്ചു സമഗ്രമായ ഒരു റിപ്പോര്‍ട്ട് പ്രസ്തുത കമ്മറ്റി 1996 ഫെബ്രുവരി 7-ാം തീയതി സമര്‍പ്പിച്ചു. വന്‍കിട മത്സ്യബന്ധന ട്രോളറുകള്‍ക്ക് കൊടുത്ത ലൈസന്‍സുകള്‍ പുതുക്കരുതെന്നും പുതിയത് കൊടുക്കരുതെന്നും കമ്മറ്റി നിര്‍ദ്ദേശിച്ചു. ഭാരതത്തിന്റെ കിഴക്കന്‍ തീരത്തുനിന്നും 50 നോട്ടിക്കല്‍ മെയില്‍ വരെയുള്ള സ്ഥലം പൂര്‍ണമായും പരമ്പരാഗത മത്സ്യപ്രവര്‍ത്തകര്‍ക്കുവേണ്ടി നീക്കിവയ്ക്കണമെന്നും 20 മീറ്ററില്‍ കൂടുതലുള്ള നീളമുള്ള യാനങ്ങള്‍ ആ ഭാഗത്ത് പ്രവേശിച്ചു മത്സ്യബന്ധനം നടത്തരുതെന്നും നിര്‍ദ്ദേശിച്ചു. എന്നാല്‍ പടിഞ്ഞാറന്‍ തീരത്തുനിന്നും നൂറ് നോട്ടിക്കല്‍ മെയിലിനുള്ളില്‍ പൂര്‍ണമായും പരമ്പരാഗതമേഖലയായി നിലനിറുത്തണമെന്നും വലിയ മത്സ്യബന്ധനയാനങ്ങല് പ്രവേശിക്കരുതെന്നും നിര്‍ദ്ദേശിച്ചു. അതുപോലെ തന്നെ ആഴക്കടല്‍ മത്സ്യബന്ധനം മൂന്ന് കൊല്ലത്തില്‍ ഒരിക്കല്‍ എന്ന കണക്കിന് പുനഃപരിശോധനയ്ക്കും വിധേയമാക്കണമെന്നും നിര്‍ദ്ദേശിച്ചു. അനിയന്ത്രിതമായ ട്രോളിംഗ് മത്സ്യങ്ങളുടെ ആവാസവ്യവസ്ഥയ്ക്കും പരിസ്ഥിതിയ്ക്കും വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും കര്‍ശനമായ നിയന്ത്രണം ഇക്കാര്യത്തില്‍ ഉണ്ടാകണമെന്നും കമ്മറ്റി നിര്‍ദ്ദേശിച്ചു.
വാണിജ്യാടിസ്ഥാനത്തില്‍ ടാര്‍ജറ്റ് നിശ്ചയിച്ചുകൊണ്ടുള്ള മത്സ്യബന്ധനം അശാസ്ത്രീയവും മത്സ്യവംശത്തിന്റെ നിലനില്‍പ്പിന് ഭീഷണിയുമാണെന്ന് റിപ്പോര്‍ട്ട് വിലയിരുത്തി. വിവിധതരം വലകളുടെ കണ്ണികളുടെ അളവും മറ്റും കമ്മറ്റി പരിശോധിക്കുകയും പലതും നിരോധിക്കുകയും ചെയ്തു. മത്സ്യബന്ധനമേഖലയിലെ കുത്തകകളുടെ കടന്നുകയറ്റം കര്‍ശനമായി നിരോധിക്കണമെന്നും കമ്മറ്റി ശുപാര്‍ശ ചെയ്തു.
എല്ലാ നിലയിലും മുരാരി കമ്മറ്റി റിപ്പോര്‍ട്ട് മത്സ്യബന്ധന മേഖലയ്ക്ക് വളരെ പ്രയോജനകരമായിരുന്നു. പരമ്പരാഗത മേഖലയ്ക്ക് വളരെ പ്രയോജനകരമായിരുന്നു. പരമ്പരാഗത മേഖലയുടെ നിലനില്‍പ്പിനും. മത്സ്യവംശത്തിന്റെ വര്‍ധനവിനും വേണ്ട വളരെയധികം നല്ല നിര്‍ദ്ദേശങ്ങള്‍ മുരാരിക്കമ്മറ്റി റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. എന്നാല്‍ പല സ്വാധീനങ്ങള്‍ക്കും വിധേയമായും വിശിഷ്യ കുത്തകകളുടെ താല്‍പ്പര്യം സംരക്ഷിക്കാനുള്ള സമ്മര്‍ദ്ദ തന്ത്രങ്ങളാലും മുരാരിക്കമ്മറ്റി റിപ്പോര്‍ട്ട് ഫലപ്രദമായി ഇന്നുവരെ നടപ്പിലാക്കിയിട്ടില്ല. ഇതുമൂലം മത്സ്യബന്ധനം കുലത്തൊഴിലായി കഴിഞ്ഞുവന്ന ഒരു വലിയ ഗോത്രവര്‍ഗ്ഗത്തിന്റെ നിലനില്‍പ്പ് തന്നെ അപകടത്തിന്റെ വക്കിലാണ്.
നദീ തീരമായാലും കടല്‍ തീരമായാലും കായലോരമായാലും ഭാരതത്തിലെ മത്സ്യപ്രവര്‍ത്തകരുടെ സ്ഥിതി ഇന്നും പരമദയനീയമായി തുടരുന്നു. നരകതുല്യമായ ജീവിത സാഹചര്യങ്ങളാണവര്ക്കുള്ളത്. അവര്‍ തിങ്ങി താമസിക്കുന്ന മേഖലകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നും തന്നെയില്ല. സ്വന്തം ഭൂമിയും പാര്‍പ്പിടവുമില്ല. വെള്ളവും വെളിച്ചവുമില്ല. മതതീവ്രവാദ പ്രവര്‍ത്തനം മൂലം നിര്‍ഭയമായി സഞ്ചരിക്കാനോ കിടന്നുറങ്ങാനോ പോലും കഴിയാത്ത ഭീതിദമായ അവസ്ഥയില്‍ ഈ സ്വതന്ത്ര ഭാരതത്തിന്റെ തീരങ്ങളില്‍ ഒരു വംശം നിലനില്‍പ്പിനുവേണ്ടി ക്ലേശിക്കുന്നു. ഇതില്‍ നിന്നവര്‍ക്ക് എന്നാണൊരു മോചനമുണ്ടാവുക.
ഇതിനെല്ലാം ഉപരി സുനാമി, കടലാക്രമണം മുതലായ പ്രകൃതിക്ഷോഭങ്ങളെയും അവര്‍ നേരിടുന്നു. സുനാമി ദുരിതാശ്വാസത്തിന്റെ പേരില്‍ മറ്റുപലര്‍ക്കും ആനുകൂല്യങ്ങള്‍ നല്കിയപ്പോള് അര്‍ഹരായവര്‍ അവഗണിക്കപ്പെടുന്നു. ഇതിനെല്ലാം ഉപരി ചീറിപ്പായുന്ന വിദേശ കപ്പലുകളില്‍നിന്നും ഉതിരുന്ന വെടിയുണ്ടകളും മത്സ്യപ്രവര്‍ത്തകരുടെ ജീവന് വെല്ലുവിളി ഉയര്‍ത്തുന്നു. മതമേധാവികളും സര്‍ക്കാരുമെല്ലാം വിദേശികള്ക്കൊത്താശ ചെയ്യുമ്പോള്‍ പരമ്പരാഗത മത്സ്യത്തൊഴിലാളിക്ക് ദൈവമല്ലാതെ മറ്റൊരു തുണയില്ല എന്ന ഒരവസ്ഥ നിലനില്ക്കുന്നു. ഈ നാട്ടിലെ ഒരു ബുദ്ധി ജീവികള്‍ എന്നു പറയുന്നവരും സാംസ്ക്കാരിക നായകന്മാരെന്നും പറയുന്നവരും പ്രകൃതി സ്നേഹികള്‍ എന്നും ഒക്കെ അവകാശപ്പെടുന്നവരും അധികൃതരും രാഷ്ട്രീയ നേതാക്കളും ഈ വസ്തുത കാണാതെ പോകുന്നത് നിര്‍ഭാഗ്യകരമാണ്.
വി.പത്മനാഭന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: