വാഷിങ്ങ്ടണ്‍: പാക്കിസ്ഥാനിലെ സ്വാതില്‍ സാമൂഹിക പ്രവര്‍ത്തക മലാല യൂസഫ് സായിയെ ആക്രമിച്ച താലിബാന് ഭീകരരെ തിരിച്ചറിഞ്ഞതായി പാക് ആഭ്യന്തരമന്ത്രി റഹ്മാന് മാലിക് അറിയിച്ചു. ഇവരെ ഉടന്‍ തന്നെ പിടികൂടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുടര്‍ചികിത്സക്കായി മലാലയെ വിദേശത്തേക്കയക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, മലാലയെ ആക്രമിച്ചവരെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് അമേരിക്ക പാരിതോഷികം പ്രഖ്യാപിച്ചു. ഒരു ലക്ഷം രൂപയാണ് പാരിതോഷികം. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെ കാര്‍ണിയാണ് ഇക്കാര്യം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്. സംഭവത്തില്‍ യുഎസ് ശക്തമായി അപലപിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ പാക് പ്രവിശ്യയും പത്ത് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. മലാലക്ക് എല്ലാവിധ സഹായങ്ങളും നല്‍കുമെന്ന് കാര്‍ണി അറിയിച്ചു. ചികിത്സാസഹായവും യുഎസ് വാഗ്ദാനം ചെയ്തിട്ടുണ്ട്.
മലാലയെ ആക്രമിച്ച നടപടി നിന്ദ്യവും വെറുപ്പുളവാക്കുന്നതാണെന്നും ഒബാമ പറഞ്ഞു. പെണ്‍കുട്ടികളുടെ നേര്‍ക്ക് നടക്കുന്ന ആക്രമണം അപരിഷ്കൃതമാണെന്നും അദ്ദേഹം വ്യക്തമാക്കി. മലാലയെ ആക്രമിച്ച സംഭവത്തെ പാക് സര്‍ക്കാരും യുഎന്‍ ജനറല്‍ സെക്രട്ടറി ബാന്‍ കി മൂണും അപലപിച്ചു. മലാലയുടെ ധൈര്യത്തെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണും പ്രശംസിച്ചു. ചികിത്സ കഴിഞ്ഞ് മലാല എത്രയും പെട്ടെന്ന് മടങ്ങിവരട്ടേയെന്നും ഹിലരി ആശംസിച്ചു.
അതേസമയം, മലാലയെ അക്രമിച്ച സംഭവത്തെ താലിബാന് ന്യായീകരിക്കുകയാണ്. ഇത് അവള് അര്‍ഹിച്ചിരുന്നു. രക്ഷപ്പെട്ടാല്‍ ഇനിയും ആക്രമിക്കുമെന്നും താലിബാന് മുന്നറിയിപ്പ് നല്കി. മതേതരത്വത്തെ പ്രോത്സാഹിപ്പിക്കുകായണ് മലാല ചെയ്തത്. ഇതൊരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. സ്ത്രീകളെ ആക്രമിക്കുന്നതിനോട് എതിര്‍പ്പാണ് ഉള്ളത്. എന്നാല്‍ ഇസ്ലാമിക ശരിയത്തിനെതിരെ പ്രചാരണം നടത്തുന്നത് ആരായാലും അവരെ കൊല്ലാന്‍ ശരിയത്ത് നിയമം അനുശാസിക്കുന്നു. വിദ്യാഭ്യാസ പ്രവര്‍ത്തം നടത്തിയതിന്റെ പേരില്‍ മാത്രമല്ല മലാലയെ ആക്രമിച്ചത്. ഇത്തരം ആരോപണങ്ങള്‍ മാധ്യമ സൃഷ്ടിയാണെന്നും താലിബാമന് പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
മതേതരത്വം പ്രചരിപ്പിച്ചുവെന്നതാണ് പെണ്‍കുട്ടിക്കെതിരായ കുറ്റം. ഇത്തരം പ്രചാരണങ്ങളുമായി ആര് രംഗത്ത് എത്തിയാലും മലാലയുടെ അനുഭവമായിരിക്കും ഉണ്ടാകുകയെന്നും താലിബാന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നതിനെതിരെയും താലിബാന് ഭീകരരുടെ ജീവിതത്തെക്കുറിച്ചും മലാല ഡയറി എഴുതിയിരുന്നു. 2009 ല്‍ ഇത് ബി ബി സി പ്രസിദ്ധീകരിച്ചതോടെയാണ് മലാല ലോക ശ്രദ്ധനേടിയത്. ഗുല്‍ മകായി എന്ന പേരിലാണ് ഡയറി എഴുതിയത്. ബി ബി സിയുടെ ഉറുദു വിഭാഗമാണ് ഇത് പ്രസിദ്ധീകരിച്ചത്.
താലിബാന് അധികാരത്തില്‍ നിന്നും പോയതിനുശേഷമാണ് മലാല യഥാര്‍ത്ഥപേര് പുറത്തുവിട്ടത്. സമാധാനപ്രവര്ത്തനത്തിന് പാക് ഭരണകൂടം ദേശിയ പുരസ്കാരം നല്കി മലാലയെ ആദരിച്ചു. അടുത്തിടെ സ്വാത് താഴ്വരയില് സ്കൂളില്‍ പോകുന്ന പെണ്‍കുട്ടികള്‍ക്കെതിരെ താലിബാന് നടത്തുന്ന ആക്രമണത്തെക്കുറിച്ച് മലാല ബ്ലോഗില്‍ വിമര്‍ശിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് മിന്‍ഗോറയില്‍ സ്ക്കൂള് വിട്ട് കൂട്ടുകാര്‍ക്കൊപ്പം വരികയായിരുന്ന മലാലയെ ഭീകരര്‍ വെടിവെച്ചത്.
തലക്കും കഴുത്തിനും വെടിയേറ്റ മലാലയെ ശസ്ത്രക്രിയക്ക് വിധേയയാക്കി. മൂന്ന് മണിക്കൂര്‍ നീണ്ടു നിന്ന ശസ്ത്രക്രിയക്കൊടുവിലാണ് വെടിയുണ്ട പുറത്തെടുത്തത്. ഐ സി യുവില്‍ സൂഷ്മനിരീഷണത്തില് കഴിയുന്ന മലാലയുടെ ജീവനുവേണ്ടി ഒരു രാജ്യം മുഴുവന്‍ പ്രാര്‍ത്ഥനയിലാണ്. വരും ദിവസങ്ങള്‍ നിര്‍ണായകമായിരിക്കുമെന്ന് ഡോക്ടര്‍ മുംതാസ് ഖാന് അറിയിച്ചു. മലാലക്കുനേരെയുണ്ടായ താലിബാന് ആക്രമണം പാക്കിസ്ഥാനില്‍ വന്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. പലയിടത്തും താലിബാനെതിരെ പ്രക്ഷോഭം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: