മരട്: നഗരസഭ സ്വന്തമായി നടത്തിവന്ന ബസ് സര്‍വീസ് നിലച്ചത് നെട്ടൂര്‍ നിവാസികളെ ദുരിതത്തിലാക്കി. മരട് പഞ്ചായത്തായിരുന്നപ്പോള്‍ അന്നത്തെ ഭരണസമിതി മുന്‍കൈയെടുത്ത് വണ്ടിനിരത്തിലിറക്കിയതായിരുന്നു മരടിന്റെ സ്വന്തം ബസ് സര്‍വ്വീസായ അശ്വമേധം. നെട്ടൂര്‍ നോര്‍ത്ത്- കാക്കനാട് റൂട്ടിലായിരുന്നു ഇത് സര്‍വ്വീസ് നടത്തിവന്നിരുന്നത്. കുടുംബശ്രീക്കായിരുന്നു ബസ് സര്‍വ്വീസിന്റെ നടത്തിപ്പു ചുമതല. പരിശീലനം ലഭിച്ച ഒരു വനിതാഡ്രൈവറും, രണ്ടു കണ്ടക്ടര്‍മാരുമാണ് ബസ്സിലുണ്ടായിരുന്നത്.
നെട്ടൂര്‍ മേഖലയില്‍ നിന്നുള്ളവര്‍ക്കും, പ്രത്യേകിച്ച് പ്രായംചെന്നവര്‍ക്കും, സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും നഗസഭയുടെ ബസ് സര്‍വ്വീസ് ഏറെ ഗുണകരമായിരുന്നു. അടുത്തിടെയായി ബസ് കേടാവുന്നത് പതിവായിതീര്‍ന്നിരുന്നു. ഇതിനിടെയാണ് അശ്വമേധം എന്ന് പേരുള്ള ഈ ബസ് കുറച്ചുനാളുകളായി നിരത്തില്‍നിന്നും പൂര്‍ണ്ണമായും വിട്ടുനില്‍ക്കുന്നത് നാട്ടുകാരെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്.
ബസ്സിന്റെ യന്ത്രഭാഗങ്ങള്‍ക്ക് കേടുപാട് സംഭവിച്ചതാണ് സര്‍വ്വീസ് മുടങ്ങാന്‍ കാരണം എന്നാണ് നഗരസഭ നല്‍കുന്ന വിശദീകരണം. എന്നാല്‍ കുടുംബശ്രീ യൂണിറ്റിലെ അംഗങ്ങള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് സര്‍വ്വീസ് മുടങ്ങിയിരിക്കുന്നതെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
ബസ് സര്‍വ്വീസ് കൂടാതെ 19 വനിതാ ഓട്ടോറിക്ഷകളും നഗരസഭയില്‍ ഓടുന്നുണ്ട്. ടാക്സും, ഇന്‍ഷ്വറന്‍സും കൃത്യസമയത്ത് അടക്കാത്തതിനെതുടര്‍ന്ന് ഇവയില്‍ പലതും ഓട്ടം നിര്‍ത്തി നഗരസഭയുടെ ഷെഡ്ഡില്‍ കയറ്റിയിട്ടിരിക്കുകയാണ്. 10 ലക്ഷം രൂപ മുടക്കി നിര്‍മ്മിച്ച ബോട്ട് അടുത്തിടെയാണ് നെട്ടൂര്‍-തേവര ഫെറി റൂട്ടില്‍ സര്‍വ്വീസ് തുടങ്ങിയത്. എന്നാല്‍ യന്ത്രതകരാറും, മറ്റു പ്രശ്നങ്ങളും കാരണം ബോട്ടുസര്‍വീസ് നിലയ്‌ക്കുന്നതും പതിവായിതീര്‍ന്നിരിക്കുകയാണെന്ന് പ്രദേശവാസികള്‍ പറയുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള നഗരസഭാ ഭരണത്തിന്റെ പിടിപ്പുകേടാണ് ഇതിനെല്ലാം കാരണമെന്നാണ് പ്രതിപക്ഷവും ബിജെപിയും ആരോപിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: