കൊച്ചി: ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന സാമൂഹ്യ മാനസികാരോഗ്യ പദ്ധതിയുടെ ഭാഗമായി ലോക മാനസികാരോഗ്യ ദിനം ആചരിക്കും. എറണാകുളം ജനറല്‍ ആശുപത്രിയില്‍ നടക്കുന്ന ദിനാചരണ പരിപാടികള്‍ ഡി.എം.ഒ. ഡോ.എം.ഐ. ജുനൈദ് റഹ്മാന് ഉദ്ഘാടനം ചെയ്യും. സൂപ്രണ്ട് ഡോ.പി.ജി.ആനി ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. ?വിഷാദരോഗം-ഒരു ആഗോള പ്രതിസന്ധി? എന്ന ഈ വര്‍ഷത്തെ പ്രത്യേക പ്രമേയം ആസ്പദമാക്കിയുള്ള ബോധവത്ക്കരണ സെമിനാര്‍ മാനസികാരോഗ്യ വിദഗ്ധരായ ഡോ.ദില്‍ജിത്ത് ഭരതന്, ഡോ.ആനിയമ്മ ജോര്‍ജ്ജ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് സന്ദീഷ് പി.റ്റി. എന്നിവര്‍ നയിക്കും.
മുഖ്യമായും സ്ത്രീകള്‍, കുട്ടികള്‍, മുതിര്‍ന്ന പൗരന്മാര് എന്നിവരെ ലക്ഷ്യം വച്ചുള്ള സാമൂഹ്യ മാനസികാരോഗ്യ പദ്ധതി സംസ്ഥാന തലത്തില്‍ 4 ജില്ലകളിലാണ് നടപ്പാക്കുന്നത്. പത്തനംതിട്ട, കോട്ടയം, പാലക്കാട് എന്നിവയാണ് മറ്റുള്ള ജില്ലകള്‍. ജില്ലയില്‍ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഒരു മാസത്തിനകം പദ്ധതി ആരംഭിക്കാനാകും.
മാനസികാരോഗ്യ പ്രശ്നങ്ങളും വൈകല്യങ്ങളും ആരംഭത്തില്‍ തന്നെ കണ്ടെത്തുന്നതിനും ചികിത്സയ്ക്കു വിധേയമാക്കുന്നതിനും സമൂഹത്തെ പര്യാപ്തരാക്കുക, മാനസികാരോഗ്യ സംരക്ഷണത്തിനായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ നിലവിലുള്ള ആരോഗ്യ സംവിധാനങ്ങളുമായി സംയോജിപ്പിച്ച് ജനങ്ങള്‍ക്ക് ലഭ്യമാക്കുക, മാനസികാരോഗ്യ സംരക്ഷണത്തെക്കുറിച്ചും ചികിത്സാ സൗകര്യങ്ങളെക്കുറിച്ചും ജനങ്ങളില്‍ അവബോധം ഉണ്ടാക്കുന്നതിനുള്ള ബോധവത്ക്കരണ പരിപാടികള്‍ ആവിഷ്ക്കരിച്ച് നടപ്പാക്കുക, രോഗികള്‍ക്ക് പുനരധിവാസത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കുക, മാനസികാരോഗ്യ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ഡോക്ടര്‍മാരെയും പാരാമെഡിക്കല്‍ സ്റ്റാഫിനെയും പര്യാപ്തരാക്കുന്നതിനായി പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുക, മാനസികാരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുന്നതില്‍ ജനപങ്കാളിത്തം ഉറപ്പാക്കുക എന്നിവയാണ് സാമൂഹ്യ മാനസികാരോഗ്യ പദ്ധതിയുടെ ലക്ഷ്യങ്ങള്‍.
കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി ജില്ലാ മാനസികാരോഗ്യ പദ്ധതിയുടെ മാതൃകയില്‍ നടപ്പാക്കുന്ന സാമൂഹ്യ മാനസികാരോഗ്യ പരിപാടിയുടെ നോഡല്‍ സെന്ററായി എറണാകുളം ജനറല്‍ ആശുപത്രിയിലെ സൈക്യാട്രി വിഭാഗത്തെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഡോ.ആനിയമ്മ ജോര്‍ജ്ജാണ് പരിപാടിയുടെ ജില്ലയിലെ നോഡല്‍ ഓഫീസര്‍.
പരിപാടിയുടെ ലക്ഷ്യങ്ങള്‍ സാധൂകരിക്കുന്നതിനായി ജില്ലയില്‍ മാനസികാരോഗ്യത്തിലെ സൈക്യാട്രിസ്റ്റ്, സൈക്യാട്രിക്ക് സോഷ്യല്‍ വര്‍ക്കര്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, സ്റ്റാഫ് നഴ്സ് എന്നിവരടങ്ങിയ മെന്റല്‍ ഹെല്‍ത്ത് ടീം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും സാമൂഹ്യാരോഗ്യകേന്ദ്രങ്ങളും കേന്ദ്രീകരിച്ച് പ്രത്യേക ക്ലിനിക്കുകള്‍ സംഘടിപ്പിക്കുകയും ആവശ്യമുള്ളവര്‍ക്ക് സൗജന്യമായി മരുന്നുകളും കൗണ്‍സലിംഗും ഉറപ്പാക്കുകയും ചെയ്യും. മുന്‍കൂട്ടി നിശ്ചയിക്കുന്ന ഷെഡ്യൂള്‍ പ്രകാരം തെരഞ്ഞെടുക്കുന്ന ആരോഗ്യകേന്ദ്രങ്ങളിലായിരിക്കും ടീമിന്റെ സേവനം ലഭ്യമാക്കുക. ഈ സാമ്പത്തിക വര്‍ഷം ജില്ലയിലെ 20 ക്ലിനിക്കുകളില്‍ പദ്ധതി ആരംഭിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. പരിപാടിയുടെ നടത്തിപ്പിനായി 39.56 ലക്ഷം രൂപയാണ് ജില്ലയ്ക്ക് അനുവദിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: