അങ്കമാലി: സാങ്കേതികജ്ഞാനത്തിലും വിവരസാങ്കേതിക വിദ്യയിലും ലോകരാഷ്ട്രങ്ങളോട് കിടപിടിക്കാവുന്ന സ്ഥിതിയില്‍ ഇന്ത്യ വളര്‍ന്നെങ്കിലും ഇനിയുള്ള മുന്നേറ്റത്തിന് ആധുനിക സാങ്കേതിക വിദ്യയില്‍ ഊന്നിയുള്ള പുത്തന്‍ വിദ്യാഭ്യാസ വികസന പദ്ധതികള്‍ ആവിഷ്കരിക്കണമെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി കപില്‍ സിബല്‍ പറഞ്ഞു. ഫെഡറല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്റ് ടെക്നോളജിയില്‍ ആരംഭിച്ച സയന്‍സ് കോണ്‍ഗ്രസിന്റെ ഉദ്ഘാടനവും ഫിസാറ്റില്‍ ആരംഭിക്കുന്ന സയന്‍സ് ടെക്നോളജി പാര്‍ക്ക് ആന്റ് റിസര്‍ച്ച് സെന്ററിന്റെ ശിലാസ്ഥാപനവും നിര്‍വ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസവികസന പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ ആധുനിക ടെക്നോളജിയുടെ സൗകര്യം കൂടുതല്‍ ഉപയോഗിക്കണം. സാങ്കേതിക ജ്ഞാനത്തിലും സാങ്കേതിക വിവരത്തിലും ഇന്ത്യയില്‍ കേരളം വളരെ മുന്നിലാണ്. നമ്മുടെ സ്വപ്നസാക്ഷാത്കാരത്തിന് നാം ഇനിയും പലതും നേടേണ്ടതുണ്ട്. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ശാസ്ത്ര-സാങ്കേതിക രംഗത്ത് ലോകത്ത് തന്നെ ഒന്നാമതായിരിക്കും. ഇതിനായ് ബയോടെക്നോളജിയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടിയിരിക്കുന്നു. ആധുനിക സാങ്കേതിക വിദ്യയില്‍നിന്നും മനുഷ്യന് പിന്നോക്കം പോയാല്‍ ഈ ലോകത്തുനിന്നും മനുഷ്യന് തുടച്ചുനീക്കപ്പെടും. ഇപ്പോഴത്തെ ക്ലാസ്സ് റൂം വിദ്യാഭ്യാസരീതി വിദ്യാലയങ്ങളില്‍നിന്ന് മാറ്റണം. അത് വിദ്യാര്‍ത്ഥികള്‍ക്ക് പുത്തന്‍ ഉണര്‍വ്വുണ്ടാക്കുന്നതിന് സഹായകരമാകും. ഓരോ വിദ്യാര്‍ത്ഥിയുടെയും കഴിവുകള്‍ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിച്ചാല്‍ ശാസ്ത്ര-സാങ്കേതികരംഗത്ത് വന്‍മാറ്റമുണ്ടാക്കാന്‍ കഴിയും.
ഫിസാറ്റ് അങ്കണത്തില്‍ നടന്ന സമ്മേളനത്തില്‍ ഫിസാറ്റ് ചെയര്മാന് പി. വി. മാത്യു അദ്ധ്യക്ഷത വഹിച്ചു. സബീനിയന്‍ ബില്‍ഡിംഗിങ്ങിന്റെ ശിലാസ്ഥാപനം സംസ്ഥാന വിദ്യഭ്യാസ മന്ത്രി പി. കെ. അബ്ദുറബ്ബും പുതിയ ഹോസ്റ്റല്‍ ബ്ലോക്കിന്റെ ഉദ്ഘാടനം പി. സി. ചാക്കോ എം. പി.യും വൈകല്യമുള്ള കുട്ടികള്‍ക്കായി ഫിസാറ്റ് ക്യാമ്പസിനോട് ചേര്‍ന്ന് ആരംഭിക്കുന്ന ട്രെയിംനിഗ് സെന്ററിന്റെ ശിലാസ്ഥാപനം കെ. പി. ധനപാലന് എം. പി. യും ഭവനരഹിതര്‍ക്കായുള്ള ഭവനനിര്മ്മാണസഹായനിധിയുടെ ഉദ്ഘാടനം മുന്‍ഗതാഗതമന്ത്രി അഡ്വ. ജോസ് തെറ്റയില്‍ എംഎല്‍എയും നിര്‍വ്വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: