ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ആദ്യ ടെലിവിഷന്‍ സംവാദത്തിനുശേഷം റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി മിറ്റ് റോമ്മ്നിയുടെ ജനസമ്മതി ഉയര്‍ന്നതായി സര്‍വേകള്‍. ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ബരാക് ഒബാമയേക്കാള്‍ രണ്ട് പോയിന്റ് മാത്രം പിന്നിലാണ് റോമ്മ്നിയെന്നാണ് സര്‍വെ ഫലം. വിര്‍ജീനിയയില്‍ നടക്കുന്ന പ്രചാരണത്തില്‍ ബരാക് ഒബാമയുടെ വിദേശ നയത്തിനെതിരെ റോമ്മ്നി ആഞ്ഞടിക്കുമെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി വ്യക്തമാക്കിയിട്ടുണ്ട്. ആദ്യ തെരഞ്ഞെടുപ്പ് സംവാദത്തിലെ മികവ് നല്കിയ ആത്മവിശ്വാസവുമായാണ് റോമ്മ്നി അടുത്ത സംവാദത്തിനൊരുങ്ങുന്നത്. ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നടത്തിയ പ്രസ്താവന വാര്‍ത്തയായതൊഴിച്ചാല്‍ അമേരിക്കയുടെ വിദേശനയങ്ങള്‍ ഈ ഘട്ടംവരെ തെരഞ്ഞെടുപ്പ് വിഷയമായിട്ടില്ല.
ലിബിയയിലെ അമേരിക്കന്‍ എംബസിക്ക് നേരെയുണ്ടായ ആക്രമണവും അറബ് രാജ്യങ്ങളിലെ സംഘര്‍ഷവും കൈകാര്യം ചെയ്തതില്‍ ബരാക് ഒബാമക്ക് വീഴ്ച സംഭവിച്ചെന്ന് റോമ്മ്നി ചൂണ്ടിക്കാട്ടും. ദേശീയ സുരക്ഷ ഉറപ്പാക്കാന്‍ ഒബാമയ്ക്ക് കഴിയില്ലെന്ന വാദവും റോമ്മ്നി ഉന്നയിക്കാനിടയുണ്ട്. എന്നാല്‍ ഒബാമയുടെ നയങ്ങളെ വിമര്‍ശിക്കുന്നതിനപ്പുറം, തെരഞ്ഞെടുപ്പില്‍ സ്വന്തം നിലപാട് എന്തായിരിക്കുമെന്ന് വിശദീകരിക്കാനോ സ്വന്തം പാര്‍ട്ടിയിലെ ആശയ ഭിന്നത പരിഹരിക്കാനോ റോമ്മ്നിക്ക് കഴിഞ്ഞിട്ടില്ല.
അതേസമയം, 21-ാം നൂറ്റാണ്ടില്‍ യുഎസ്-ഇന്ത്യ പങ്കാളിത്തം വലിയ പ്രാധാന്യത്തോടെയാണ് ഒബാമ സംവാദത്തില്‍ പറഞ്ഞത്. അമേരിക്കയുടെ വിദേശ നയത്തില്‍ ഇന്ത്യ മുഖ്യ കക്ഷിയാണെന്നും ഒബാമ പറഞ്ഞിരുന്നു. എന്നാല്‍ ഇന്ത്യയെക്കുറിച്ച് യാതൊരു പരാമര്‍ശവും മിറ്റ് റോമ്മ്നി സംവാദത്തില്‍ വ്യക്തമാക്കിയില്ല. റോമ്മ്നി അധികാരത്തിലേറിയാല്‍ ഇന്ത്യയുമായി യാതൊരു സഹകരണവും ഉണ്ടാകില്ലെന്നാണ് ഒബാമയുടെ മുഖ്യ ആരോപണം. അതേസമയം, ലോക രാജ്യങ്ങളുമായി പ്രത്യേകിച്ച് ഇസ്രായേലുമായുള്ള സഹകരണം ഊട്ടിയുറപ്പിക്കുന്നതിന് വിദേശനയം ഉപയോഗപ്പെടുത്തുമെന്ന് റോമ്മ്നി സംവാദത്തില്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ വിഷയം പരാമര്‍ശിക്കാതെയാണ് ഒബാമ സംവാദം അവസാനിപ്പിച്ചതെന്നാണ് റോമ്മ്നിയുടെ ആരോപണം. ആഗോള നേതൃത്വവുമായുള്ള സഹകരണം മെച്ചപ്പെടുത്തുന്നതില്‍ ഒബാമ, പരാജയപ്പെടുമെന്നും റോംനി പറഞ്ഞു. എന്നാല്‍ സംവാദത്തിലേറ്റ തിരിച്ചടികള്‍ കാര്യമാക്കേണ്ടതില്ലെന്ന് പറഞ്ഞ ഒബാമ ഇതിനുമുന്‍പും ഇത്തരം തിരിച്ചടികളിലൂടെയാണ് താന്‍ വൈറ്റ് ഹൗസിലെത്തിയതെന്നും പറഞ്ഞു, തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന സംവാദം വാശിയേറിയതായിരുന്നു. എന്തായാലും നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തീ പാറുന്ന പോരാട്ടമായിരിക്കും എന്നതില്‍ സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: