ന്യൂയോര്‍ക്ക്: ഭീകരവാദം രാക്ഷസീയമാണെന്ന് മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ. അദ്വാനി. ലോകത്തിലെ ഏറ്റവും രാക്ഷസീയമായ ഒന്നാണ് ഭീകരവാദം. ഇതിനെ ചെറുക്കുന്നതിന് ആഗോളസമൂഹം വ്യക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹംകൂട്ടിച്ചേര്‍ത്തു. ഭീകരവാദസംഘടനകള്‍ക്കെതിരെ ആഗോള സമൂഹങ്ങള്‍ക്ക് വ്യത്യസ്തമായ സമീപനമാണ് ഉള്ളത്. ഓരോരുത്തര്‍ക്കും ഓരോ നിലപാടാണുള്ളത്. ഈ നിലപാടില്‍ മാറ്റം വരുത്തണം. ഭീകരവാദത്തിനെതിരെ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും അദ്വാനി പറഞ്ഞു. ഐക്യരാഷ്ട്ര സഭയുടെ പൊതുസഭാ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ ഇന്ത്യന്‍ പാര്ലമെന്റംഗങ്ങള്ക്കൊപ്പം എത്തിയതായിരുന്നു അദ്ദേഹം.
കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ് ഭീകരവാദം. ലോകത്തിലെ ശക്തരായ ഭീകരവാദ സംഘടനകളായ അല്‍ഖ്വയ്ദയുടേയും താലിബാന്റെയും ലഷ്കറെ തൊയ്ബയുടെയും ജമാത്- ഉദ്-ദവയുടെയും ഭീഷണിയിലാണ് ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍. ഭീകരവാദത്തിനെതിരെയുള്ള പോരാട്ടം ശക്തമാക്കണം. ആഗോള സമൂഹം ഈ വിഷയത്തില്‍ ഒരേ നിലപാട് സ്വീകരിക്കണം, അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര ഭീകരവാദത്തെ ചെറുക്കുന്നതിനുള്ള നടപടികളെക്കുറിച്ചുള്ള പൊതുസഭായോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ സമാധാനത്തിനും വളര്‍ച്ചയ്ക്കും ഭീകരവാദം വലിയ വെല്ലുവിളിയായി തുടരുന്നു. ഭീകരവാദത്തെ ലോകത്തുനിന്നും ഇല്ലാതാക്കാന്‍ ലോക രാഷ്ട്രങ്ങള്‍ സഹകരിച്ച് പ്രവര്‍ത്തിക്കണമെന്നും ശക്തമായ നിലപാടെടുക്കണമെന്നും അദ്വാനി ആവശ്യപ്പെട്ടു. എല്ലാ അന്താരാഷ്ട്ര വേദികളിലും ഭീകരവാദത്തെ ഇന്ത്യ ശക്തമായി അപലപിക്കുന്നുണ്ട്. ഒരു തരത്തിലും ഈ ക്രൂരതയെ നീതികരിക്കാനോ ന്യായീകരിക്കാനോ സാധിക്കില്ല. ഭീകരവാദത്തിനെതിരെ പരിശുദ്ധമായ നിലപാടാണ് ഇന്ത്യക്കുള്ളത്. ഭീകരവാദത്തിനെതിരെ യാതൊരു വിട്ടുവീഴ്ചക്കും ലോകരാഷ്ട്രങ്ങള്‍ തയ്യാറാകരുതെന്നും അദ്വാനി അഭിപ്രായപ്പെട്ടു. ഭീകരവാദ സംഘടനകളുടെ ഭീഷണി നേരിടുന്നതിനും അതിനുള്ള നടപടികള്‍ക്കുമായി പുതിയ വ്യത്യാസങ്ങള്‍ കൊണ്ടുവരണം. ഭീകരരുടെ ഒളിത്താവളം തകര്‍ക്കണം. ഇവര്‍ക്ക് സ്വര്ഗതാവളങ്ങള് ഒരുക്കിക്കൊടുക്കുന്നവര്ക്കെതിരെയും നടപടി സ്വീകരിക്കണം. ഭീകരവാദം നടപ്പിലാക്കുന്നതിനും അതിനുള്ള പരിശീലനത്തിനും ചില രാജ്യങ്ങള്‍ സാമ്പത്തികസഹായങ്ങള്‍ നല്‍കുന്നുണ്ട്. ഇവരെ അന്താരാഷ്ട്ര സമൂഹത്തില്‍നിന്നും പുറത്താക്കണമെന്നും അദ്വാനി പറഞ്ഞു.
അന്താരാഷ്ട്ര ഭീകരവാദത്തിനെതിരെ എന്തെങ്കിലുമൊക്കെ ചെയ്യേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞു. ഭീകരവാദത്തിനെതിരെയുള്ള യുഎന്‍ ദൗത്യത്തിന് ഇന്ത്യയുടെ എല്ലാവിധ പിന്തുണയുണ്ടാകുമെന്നും അദ്വാനി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: