ബീജിങ്: വിമാനത്തില്‍ വ്യാജ ബോംബ് ഭീഷണി മുഴക്കിയ ആളെ ചൈനയില്‍ അറസ്റ്റ് ചെയ്തു. അറസ്റ്റിലായ ആളിന്റെ പേരോ മറ്റ് വിവരങ്ങളോ ചൈന പുറത്തുവിട്ടിട്ടില്ല. ഇയാളുടെ ലക്ഷ്യങ്ങള്‍ അന്വേഷിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു. ഇസ്താംബൂളില്‍ നിന്നും 196 യാത്രക്കാരുമായി ബീജിങിലേക്ക് പോയ ചൈന സതേണ്‍ എയര്‍ലൈന്‍സിന്റെ സിഇസഡ് -680 നമ്പര്‍ വിമാനത്തിലായിരുന്നു ഭീഷണി.
സിന്‍ജിയാംഗ് പ്രവിശ്യാ തലസ്ഥാനമായ ഉറൂംഖിയില്‍ നിന്ന് വിമാനം പുറപ്പെട്ട ശേഷമായിരുന്നു ഭീഷണി. തുടര്‍ന്ന് ലാന്ഷോവിലെ ഷോംഗ്ചുവാന് വിമാനത്താവളത്തില്‍ വിമാനം അടിയന്തിരമായി ഇറക്കുകയായിരുന്നു. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. വിശദമായ പരിശോധനകള്‍ക്ക് ശേഷമാണ് വിമാനം വീണ്ടും പുറപ്പെട്ടതെന്നും അധികൃതര്‍ അറിയിച്ചു.
അതേസമയം ഭീഷണിയെത്തുടര്‍ന്ന് വിമാനത്താവളത്തില്‍ സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. എന്നാല്‍ സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലീസ് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ഓഗസ്റ്റില്‍ ചൈനയില്‍ നിന്നും ന്യൂയോര്‍ക്കിലേക്ക് പോയ വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന അജ്ഞാത വിവരത്തെ തുടര്‍ന്ന് വിമാനം അടിയന്തിരമായി നിലത്തിറക്കുകയും പരിശോധന നടത്തുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: