പള്ളുരുത്തി: ഗുണ്ടാസംഘങ്ങളുടെ ജുനിയര്‍ ഗ്രൂപ്പുകള്‍ പെരുമ്പടപ്പില്‍ ഏറ്റുമുട്ടി. സംഘട്ടനത്തില്‍ പരിക്കേറ്റ അഞ്ചുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെരുമ്പടപ്പ് ചേമ്പുംകണ്ടം സ്വദേശികളായ പൊള്ളയില്വീട്ടില് ജിത്തു (20), മാളിയേക്കല്‍ വീട്ടില്‍ റെക്സണ്‍ (18) ഇടക്കൊച്ചി സ്വദേശി ഹാരിസ് താജു (22) എന്നിവരെ പെരുമ്പടപ്പ് ഫാത്തിമആശുപത്രിയിലും വിദ്യാര്‍ത്ഥികളായ ജിബി (17) അബ്ദുള്‍ റഹ്മാന് (18) എന്നിവരെ കരുവേലിപ്പടി ഗവ.മഹാരാജാസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി 7.30 ഓടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം. പെരുമ്പടപ്പ് കോവളം ജൂനിയര്‍ ഗുണ്ടാസംഘവും, പെരുമ്പടപ്പ് ബോയ്സുമായാണ് ഏറ്റുമുട്ടല്‍ നടന്നതെന്ന് പറയുന്നു. മൊബെയില്‍ ഫോണിലൂടെ അശ്ലീല ചിത്രങ്ങള്‍ മെസേജ് ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം തുടങ്ങിയത്.
പിന്നീടിത് സംഘട്ടനത്തിലേക്ക് തിരിയുകയായിരുന്നു. ഓട്ടോറിക്ഷക്ക് പോവുകയായിരുന്ന യുവാക്കളെ മറുഭാഗം ആദ്യം കോണം ദേശാഭിമാനി ജംഗ്ഷനു സമീപം വെച്ചും, പിന്നീട് ചേമ്പുംകണ്ടം ലൈനിനു സമീപം വെച്ചും ആക്രമിക്കുകയായിരുന്നു എന്നും പറയപ്പെടുന്നു. ഇതില്‍ ഫാത്തിമ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന റെക്സന്റെ ഇടതുകൈ ഒടിഞ്ഞിട്ടുണ്ട്. ജിത്തുവിനും ഹാരിസ് താജുവിനും ദേഹത്ത് ആഴത്തില്‍ മുറിവുകളുണ്ട്. ഒരിടവേളക്കുശേഷം പെരുമ്പടപ്പില്‍ ഗുണ്ടാസംഘങ്ങളുടെ ജൂനിയര്‍ സംഘാംഗങ്ങള്‍ നാട്ടുകാര്‍ക്ക് തലവേദന സൃഷ്ടിക്കുകയാണ്. ചേമ്പുംകണ്ടം ലൈനില്‍ തമ്പടിക്കുന്ന സംഘാംഗങ്ങളാണ് ഇപ്പോള്‍ ഏറ്റുമുട്ടിയിരിക്കുന്നത്. ഈ പ്രദേശത്തേക്ക് പോലീസ് പട്രേളിംഗ് കാര്യമായി നടക്കാറില്ലെന്നും പറയുന്നു. ഗുണ്ടകള്‍ പരസ്പരം ഏറ്റുമുട്ടിയത് നാട്ടുകാരില്‍ പരിഭ്രാന്തി പരത്തിയിട്ടുണ്ട്. തുടര്‍ സംഭവങ്ങള്‍ ഉണ്ടാകാമെന്ന് നാട്ടുകാര്‍ ആശങ്കയിലുമാണ്. കഴിഞ്ഞാഴ്ചയും പെരുമ്പടപ്പില്‍ ഇരുവിഭാഗങ്ങള്‍ ഏറ്റുമുട്ടിയിരുന്നു. സംഭവത്തില്‍ പള്ളുരുത്തി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: