എരുമേലി: ഭരണ-പ്രതിപക്ഷ പഞ്ചായത്തംഗങ്ങളെ ആരേയും അറിയിക്കാതെ എംഎല്‍എ യും പഞ്ചായത്ത് പ്രസിഡന്റും മാത്രമായി പഞ്ചായത്ത് ഹാളില്‍ തീരുമാനിച്ച ഓട്ടോറിക്ഷകള്‍ക്ക് നമ്പറിടാനുള്ള തീരുമാനത്തിനെതിരെ പഞ്ചായത്തംഗങ്ങള്‍ രംഗത്ത്. കഴിഞ്ഞ ഞായറാഴ്ച ഒരു പരിപാടിക്കായി എത്തിയ എംഎല്‍എ പഞ്ചായത്ത് ഹാളില്‍വന്ന് പ്രസിഡന്റും, ഒരു വിഭാഗം ഓട്ടോക്കാരുമായി രഹസ്യ ചര്‍ച്ചകള്‍ക്ക് ശേഷം മറ്റൊരു ചര്‍ച്ച നടത്തി ഓട്ടോ നമ്പരിടീല് പ്രഖ്യാപിക്കുകയായിരുന്നുവെന്നും പ്രതിപക്ഷ അംഗമായ കെ.ആര്. അജേഷ് പറഞ്ഞു. മറ്റു പഞ്ചായത്തംഗങ്ങളെയെല്ലാം നോക്കുകുത്തിയാക്കി വണ്‍മാന്‍ഷോ നടത്തിയതില്‍ പ്രതിഷേധിച്ചാണ് ഇവരുടെ തീരുമാനം വീണ്ടും ചര്‍ച്ചചെയ്യാന്‍ പഞ്ചായത്ത് കമ്മറ്റി തീരുമാനിച്ചതെന്നും അംഗം എം.എസ്. സതീഷ് പറഞ്ഞു.
ഇന്നലെ നടന്ന പഞ്ചായത്ത് കമ്മറ്റിയില്‍ ഇതു സംബന്ധിച്ച് നടന്ന ചര്‍ച്ച ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ ശക്തമായി പ്രതിഷേധിച്ചതിനെ തുടര്‍ന്ന് അടുത്ത കമ്മറ്റിയില്‍ പ്രശ്നം അജണ്ട വച്ച് ചര്‍ച്ചചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റും എംഎല്‍എ യും കുറേ യൂണിയന് നേതാക്കളും ഓട്ടോക്കാരും മാത്രമായി നടത്തിയ ചര്‍ച്ചയും വിവരങ്ങളും പത്രത്തില്‍ നിന്നുമാണ് അറിഞ്ഞതെന്നും പഞ്ചായത്തംഗങ്ങള്‍ പറഞ്ഞു. ചര്‍ച്ചകളിലെ തീരുമാനപ്രകാരം ഇന്നലെ മുതല്‍ ഓട്ടോകള്‍ക്ക് നമ്പറിടീല്‍ തുടങ്ങനായിരുന്നു നടപടി. പഞ്ചായത്തിലെ ഒരു കാര്യം പഞ്ചായത്ത് കമ്മറ്റി ചര്‍ച്ച ചെയ്യാതെ പഞ്ചായത്തംഗങ്ങള്‍ പോലുമറിയാതെ എംഎല്‍എ യും പ്രസിഡന്റും തീരുമാനിച്ചതിലെ നാടകീയതയാണ് ഇതോടെ പൊളിഞ്ഞതെന്നും ഭരണപക്ഷ അംഗങ്ങള്‍ തന്നെ പറഞ്ഞു.
എംഎല്‍എ യുടെ ഇത്തരത്തിലുള്ള നീക്കം എരുമേലിയുടെ വികസനത്തെ അട്ടിമറിക്കാനും, ജനപ്രതിനിധികളെ മാറ്റിനിര്‍ത്തി സ്വന്തം പേരിലാക്കാനുള്ള തന്ത്രമാണെന്നും പ്രതിപക്ഷവും ആരോപിച്ചു. എംഎല്‍എയും പഞ്ചായത്തു പ്രസിഡന്റും തീരുമാനിച്ച കാര്യങ്ങള്‍ പുനഃപരിശോധിച്ച് അടുത്ത പഞ്ചായത്ത് കമ്മറ്റിയില്‍ വീണ്ടും ചര്‍ച്ച ചെയ്യാനുള്ള തീരുമാനം കനത്ത തിരിച്ചടിയായിത്തീര്‍ന്നിരിക്കുകയാണ്.
പഞ്ചായത്ത് ഭരണ-പ്രതിപക്ഷ അംഗങ്ങളുടെ കൂട്ടായ പ്രതിഷേധത്തിനു മുന്നില്‍ പ്രസിഡന്റും എംഎല്‍എയും മുട്ടുമടക്കിയതോടെ ഓട്ടോറിക്ഷകള്‍ക്ക് നമ്പറിടീല്‍ പരാതി വീണ്ടും നീളാനാണ് സാധ്യത. പഞ്ചായത്തിന്റെ അടുത്ത കമ്മറ്റിവരെ കാത്തിരിക്കേണ്ട സാഹചര്യമുള്ളതിനാല്‍ ഇതു സംബന്ധിച്ചുള്ള രാഷ്ട്രീയ ചര്‍ച്ചകളും പല പ്രതിസന്ധികള്‍ക്കും വഴിയൊരുക്കുമെന്നാണ് നേതാക്കള്‍ തന്നെ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: