മഹാകവി അക്കിത്തത്തിന് ഒരു അവാര്‍ഡ് കിട്ടുന്നതില്‍ സന്തോഷിക്കാത്തവരായി അക്ഷരബന്ധമുള്ള ആരും ഉണ്ടാകുമെന്ന് തോന്നുന്നില്ല. എന്നാല്‍ മുപ്പത്തിയാറാമത്തേതായി വയലാര്‍ അവാര്‍ഡ് അക്കിത്തത്തെത്തേടിയെത്തിയപ്പോള് കവിയെ അറിയാവുന്ന ചിലരെങ്കിലുമുണ്ടാവും അതില്‍ സന്തോഷിക്കാത്തവരായി. “കിട്ടിയത് വൈകിയാണെന്ന തോന്നലേയില്ല. പക്ഷെ വായനക്കാര്‍ക്ക് ആ തോന്നലുണ്ടാവാം” എന്ന് അവാര്‍ഡ് പ്രഖ്യാപനത്തോട് പ്രതികരിച്ച് അക്കിത്തം പറയുന്നതില്‍ ചില കാര്യങ്ങളുണ്ട്. ഔചിത്യത്തിന്റെ പേരില്‍ അതിനുനേര്‍ക്ക് കണ്ണടയ്ക്കാനാവില്ല. ആസ്വാദക പക്ഷത്തുനിന്ന് നോക്കുമ്പോള്‍ അനാദരവിന്റേയും തിരസ്ക്കാരത്തിന്റേയുമൊക്കെ പ്രശ്നങ്ങള്‍ അക്കിത്തത്തിന്റെ വല്ലാതെ വൈകിപ്പോയ വയലാര്‍ അവാര്‍ഡ് ലഭ്യതയിലുണ്ട്.
“നിങ്ങളാണ് വാസ്തവത്തില്‍ മഹാകവി. അതൊന്ന് നിങ്ങളെ കെട്ടിപ്പിടിച്ച് എനിയ്ക്ക് പറയണം” എന്ന് സാക്ഷാല്‍ വയലാര്‍ രാമവര്‍മ പറഞ്ഞതായി അക്കിത്തം സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. എന്നിട്ടുമെന്താണ് രാമവര്‍മ്മയുടെ പേരിലുള്ള അവാര്‍ഡ് ലഭിക്കാന്‍ മൂന്നരപതിറ്റാണ്ട് കാലം അക്കിത്തത്തിന് കാത്തിരിക്കേണ്ടിവന്നത്. എത്രയോ മുന്‍പ് ഈ അവാര്‍ഡ് അക്കിത്തത്തിന് നല്‍കാമായിരുന്നു? നല്‍കേണ്ടതായിരുന്നു. “മലയാളത്തില്‍ മറ്റാര്‍ക്കുമില്ലാത്ത സമീപന രീതിയും ശൈലിയും പുലര്‍ത്തിപ്പോരുന്നതാണ് അക്കിത്തം രചനകള്‍” എന്ന് വയലാര്‍ അവാര്‍ഡിന്റെ വിധി നിര്‍ണയ സമിതി കണ്ടെത്തുന്നു. അവാര്‍ഡ് നല്കുന്ന വര്‍ഷത്തിന് തൊട്ടുമുമ്പുള്ള അഞ്ച് വര്‍ഷക്കാലയളവിനുള്ളില്‍ ആദ്യപതിപ്പായി പുറത്തിറങ്ങിയ കൃതിയെന്ന നിലയ്ക്ക് 2007 ല്‍ പുറത്തിറങ്ങിയ ‘അന്തിമഹാകാലം’ എന്ന സമാഹാരത്തിനാണ് വയലാര്‍ അവാര്‍ഡ്. മൗലികമായ സമീപനവും ശൈലിയും ‘അന്തിമഹാകാല’ത്തിന്റെ മാത്രം സവിശേഷതയാണോ? അക്കിത്തത്തിന്റെ കാവ്യ പ്രപഞ്ചത്തിന് മുഴുവന്‍ ബാധകമാകുന്നതല്ലേ ഈ സവിശേഷത? വിശദീകരിക്കാനുള്ള ബാധ്യത വയലാര്‍ അവാര്‍ഡ് കമ്മറ്റിക്കുണ്ട്.
വയലാര്‍ രാമവര്‍മ്മ നേരിട്ട് പറയുന്നതിനും എത്രയോ മുമ്പ് മഹാകവിയായിത്തീര്ന്നയാളാണ് അക്കിത്തം. “ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം” എഴുതിപ്പൂര്‍ത്തിയാക്കി ഇടശ്ശേരിയുടെ നിര്‍ബന്ധപ്രകാരം പ്രസിദ്ധീകരിച്ചപ്പോള്‍ മുതല്‍ അക്കിത്തം അച്യുതന് നമ്പൂതിരി മഹാകവി അക്കിത്തമായി. 1952 ലാണ് “ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം” പ്രസിദ്ധീകരിച്ചത്. 1977 ല്‍ ‘അഗ്നിസാക്ഷി’ക്ക് ലളിതാംബിക അന്തര്‍ജ്ജനത്തിന് പ്രഥമ വയലാര്‍ അവാര്‍ഡ് നല്കുമ്പോള് “ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം” ഇരുപത്തിയഞ്ച് വയസ്സ് പൂര്‍ത്തിയാക്കിയിരുന്നു. ‘അഗ്നിസാക്ഷി’ നോവലാണ് എന്നത് മറക്കുന്നില്ല.
പിന്നീട് ഏഴ് തവണ വയലാര്‍ അവാര്‍ഡ് നല്‍കിയത് കവിതയ്ക്കാണ്. 1981 ല്‍ വൈലോപ്പിള്ളിക്കും 1982 ല്‍ ഒഎന്‍വി കുറുപ്പിനും 1984 ല്‍ സുഗതകുമാരിക്കും 1988 ല്‍ തിരുനെല്ലൂര്‍ കരുണാകരനും 2002 ല്‍ കെ.അയ്യപ്പപ്പണിക്കര്‍ക്കും 2005 ല്‍ സച്ചിതാനന്ദനും 2010 ല്‍ വിഷ്ണുനാരായണന്‍ നമ്പൂതിരിക്കുമായിരുന്നു വയലാര്‍ അവാര്‍ഡുകള്‍. കവികളില്‍ ആര്‍ക്ക് അവാര്‍ഡ് നല്‍കണം എന്നത് നിര്‍ണയസമിതിയുടെ വിവേചനാധികാരത്തില്പ്പെടുന്നത്. പക്ഷെ കവിത്വം മാനദണ്ഡമാക്കുമ്പോള്‍ ചില മുന്‍ഗണനാക്രമങ്ങള്‍ പാലിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് വയലാര്‍ അവാര്‍ഡിന് കല്‍പ്പിക്കപ്പെടുന്ന പ്രാധാന്യം കണക്കിലെടുക്കുമ്പോള്‍. ഇവിടെയാണ് അക്കിത്തത്തിന് വയലാര്‍ അവാര്‍ഡ് നല്കാന് ഒഎന്‍വിക്ക് ആ അവാര്‍ഡ് നല്കി മുപ്പത് വര്‍ഷവും സുഗതകുമാരിക്ക് നല്കി ഇരുപത്തിയെട്ട് വര്‍ഷവും തിരുനെല്ലൂരിന് നല്കി ഇരുപത്തിനാല് വര്‍ഷവും സച്ചിതാനന്ദന് നല്കി ആറ് വര്‍ഷവും വിഷ്ണുനാരായണന്‍ നമ്പൂതിരിക്ക് നല്കി ഒരു വര്‍ഷവും കാത്തിരുന്നത് അക്ഷന്തവ്യമായ ഒരു സാംസ്ക്കാരികാപരാധമാകുന്നത്. അവാര്‍ഡ് നിര്‍ണയ സമിതിയുടെ സാഹിത്യബാഹ്യമായ ഇത്തരം സമീപനത്തിനെതിരെയാണ് 2002 ല്‍ വയലാര്‍ അവാര്‍ഡ് നിരസിച്ച് അയ്യപ്പപ്പണിക്കര്‍ പ്രതികരിച്ചത്.
അക്കിത്തം മഹാകവിയായ കാലത്ത് ജനിക്കുകപോലും ചെയ്തിട്ടില്ലാത്തവര്‍ക്ക് അക്കിത്തത്തിന് മുമ്പ് വയലാര്‍ അവാര്‍ഡ് നല്കി എന്നത് ആര്‍ക്ക്, എങ്ങനെ ന്യായീകരിക്കാനാവും? 2011 ലെ വയലാര്‍ അവാര്‍ഡ് ലഭിച്ചത് നോവലിസ്റ്റ് കെ.പി.രാമനുണ്ണിക്കാണ്. അക്കിത്തം ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’ എഴുതി രണ്ട് വര്‍ഷം കഴിഞ്ഞാണ് രാമനുണ്ണി ജനിച്ചത്! ഇതേ രാമനുണ്ണി ഉള്‍പ്പെടുന്ന സമിതിയാണ് ഇപ്പോള്‍ അക്കിത്തം വയലാര്‍ അവാര്‍ഡിന് യോഗ്യനാണെന്ന് കണ്ടുപിടിച്ചിരിക്കുന്നത്. അവാര്‍ഡ് നല്‍കിയിട്ടുള്ളത് അദ്ദേഹത്തിന്റെ കാവ്യസമാഹാരമായ ‘അന്തിമഹാകാല’ത്തിനാണ് എന്ന പ്രത്യേകതയുമുണ്ട്. കവിയെന്ന നിലയ്ക്ക് അക്കിത്തത്തിന്റെ ‘മഹാകാലം’ കഴിഞ്ഞ് അന്തിയാവാന്‍ കാത്തിരുന്നതുപോലെ.
അക്കിത്തത്തിനെതിരെ കേരളത്തില്‍ നിരന്തരമായ ഒരു സാംസ്ക്കാരിക ഗൂഢാലോചനയുണ്ട് എന്ന് 2007 ല്‍ ഒഎന്‍വി കുറുപ്പിന് ജ്ഞാനപീഠം പുരസ്ക്കാരം ലഭിച്ചപ്പോള്‍ വ്യക്തമായതാണ്. ലഹരിയുടെ ആഴക്കയത്തില്ക്കിടന്നും സത്യം വിളിച്ചു പറയുന്നവനായിരുന്നു കവി എ.അയ്യപ്പന്. “അക്കിത്തം ഒഎന്‍വിയെക്കാള്‍ വലിയ കവിയാണെന്ന് ഒഎന്‍വിയും സമ്മതിക്കും” എന്നായിരുന്നു ഒഎന്‍വി ജ്ഞാനപീഠമേറിയതിനെക്കുറിച്ച് അയ്യപ്പന് പറഞ്ഞത്. കവിയെന്ന നിലയ്ക്ക് ആര്‍ക്കായിരുന്നു ജ്ഞാനപീഠം കിട്ടേണ്ടിയിരുന്നത് എന്ന് അന്നും ഇന്നും ആര്‍ക്കും സംശയമുണ്ടാവില്ല. അത് അക്കിത്തത്തിന് തന്നെയായിരുന്നു. ജ്ഞാനപീഠം ലഭിക്കാന്‍ അങ്ങ് ‘ഉജ്ജയിനി’ വരെ ഒഎന്‍വി പോയെങ്കിലും അത് എത്തിപ്പിടിക്കാനാവാതെ പോയ അനുഭവം നേരത്തെയുണ്ട്. ഈ പശ്ചാത്തലത്തില്‍ 2007 ലെ ജ്ഞാനപീഠം ലഭിക്കുക കേരളീയനായ എഴുത്തുകാരനാണ് എന്ന സൂചന ലഭിച്ചപ്പോള്‍ തന്നെ ചിലര്‍ കളികള്‍ തുടങ്ങിയിരുന്നു. പരിഗണനയ്ക്ക് ഒന്നിലധികം പേര് നിര്‍ദ്ദേശിക്കുക എന്ന പതിവ് രീതിക്ക് മാറ്റം വരുത്തി ഒഎന്‍വി എന്ന ഒറ്റപ്പേരിലൊതുക്കി. ലിസ്റ്റില്‍ അക്കിത്തം ഉള്‍പ്പെട്ടാല്‍ മറ്റുള്ളവരുടെ സാധ്യത നഷ്ടപ്പെടും എന്നതിനാലായിരുന്നു ഇത്. കേരളത്തിലെ ഒരു പ്രമുഖ പത്രം ഈ അട്ടിമറിയെക്കുറിച്ച് വെളിപ്പെടുത്തിയെങ്കിലും ആരും ഏറ്റുപിടിക്കാനുണ്ടായില്ല. വിവാദം എന്നത് അവാര്‍ഡിന്റെ മറുപേര് തന്നെയായ കേരളത്തില്‍ ഒഎന്‍വി എന്ന ഗാനരചയിതാവിനെ പേടിച്ച് പലരും നിശ്ശബ്ദത പാലിച്ചു. ചെയ്തത് ഗുരുനിന്ദയാണെന്ന് ബോധ്യമുള്ളതിനാല്‍ ജ്ഞാനപീഠം പുരസ്ക്കാര സമിതിയുടെ തന്നെ മൂര്‍ത്തിദേവി പുരസ്ക്കാരം അക്കിത്തത്തിന് നല്കി പ്രായശ്ചിത്തം ചെയ്തു.
ഏത് അപരാധത്തിനും പ്രായശ്ചിത്തം വിധിച്ചിട്ടുണ്ട്. ഗുരുനിന്ദയ്ക്കു മാത്രം പ്രായശ്ചിത്തമില്ലെന്ന് ഇവര്‍ അറിയാതിരുന്നതോ അറിയില്ലെന്ന് നടിച്ചതോ? മഹാത്മാഗാന്ധിക്ക് ലഭിക്കാത്ത സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം സോണിയാഗാന്ധിക്ക് നല്‍കുന്നതുപോലെയായിരുന്നു കവിതയ്ക്കുള്ള ജ്ഞാനപീഠം അക്കിത്തത്തിന് നല്‍കാതെ ഒഎന്‍വിക്ക് നല്‍കിയത്. അക്കിത്തത്തിന്റെ കാര്യം വരുമ്പോള്‍ അവാര്‍ഡ് നിര്‍ണയം ഒരു ആഭിചാരക്രിയയായി മാറുകയും മറ്റ് ചിലര്‍ പുരസ്കൃതരാവുകയും ചെയ്യുന്നതാണ് പലപ്പോഴും കണ്ടിട്ടുള്ളത്. ജ്ഞാനപീഠം, എഴുത്തച്ഛന് പുരസ്ക്കാരം എന്നിവയില്‍ സംഭവിച്ച ഈ ആഭിചാരം തന്നെയാണ് വയലാര്‍ അവാര്‍ഡ് പതിറ്റാണ്ടുകള്‍ അക്കിത്തത്തിന് ലഭിക്കാതെ പോയതിന് കാരണം.
എഴുത്തച്ഛന്റെ നേരവകാശി എന്ന് അക്കിത്തത്തെ വിശേഷിപ്പിക്കാം. എന്നിട്ടും സംസ്ഥാന സര്‍ക്കാരിന്റെ ഈ അവാര്‍ഡിലൂടെ ആദരിക്കപ്പെടാനും പതിനഞ്ച് വര്‍ഷം ഈ കവിയ്ക്ക് കാത്തിരിക്കേണ്ടിവന്നു. മതംമാറി സുരയ്യയായ മാധവിക്കുട്ടിയെത്തേടി 2002 ല്‍ എഴുത്തച്ഛന് പുരസ്ക്കാരമെത്തിയപ്പോഴും അക്കിത്തത്തിന്റെ കവിത്വം അവഗണിക്കപ്പെട്ടു. ജ്ഞാനപീഠം ലഭിച്ച അതേവര്‍ഷം ഒഎന്‍വിക്ക് നല്കി അടുത്തവര്‍ഷമാണ് 2008 ലെ എഴുത്തച്ഛന് പുരസ്ക്കാരം അക്കിത്തത്തിന് നല്‍കാനുള്ള മഹാമനസ്കത അധികൃതര്‍ക്കുണ്ടായത്.
അര്‍ഹതയുണ്ടായിരുന്നിട്ടും അക്കിത്തത്തിന് അവാര്‍ഡ് നിഷേധിച്ച കമ്മറ്റികളിലൊന്നും സക്കറി അംഗമായിരുന്നില്ല. എന്നാല്‍ സക്കറിയയുടെ അദൃശ്യസാന്നിദ്ധ്യം ഈ അവാര്‍ഡ് നിര്‍ണയ കമ്മറ്റികളിലൊക്കെ ഉണ്ടായിരുന്നു എന്നുവേണം കരുതാന്‍. വര്‍ഗീയം എന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള സങ്കുചിത മനോഭാവം വെച്ചുകൊണ്ട് അക്കിത്തത്തെ അപകീര്‍ത്തിപ്പെടുത്താന്‍ കഠിനമായി പ്രയത്നിച്ചുപോരുന്ന വ്യക്തിയാണ് സക്കറിയ. അക്കിത്തത്തെക്കുറിച്ച് ആരെങ്കിലും ഒരു നല്ലവാക്ക് പറയുന്നുണ്ടോ, അദ്ദേഹത്തെ ആദരിക്കണമെന്ന് ആര്‍ക്കെങ്കിലും തോന്നുന്നുണ്ടോ എന്നൊക്കെ ദുഷ്ടലാക്കോടെ അന്വേഷിച്ചു നടക്കുകയെന്നതാണ് കുറെക്കാലമായി സക്കറിയ ഏറ്റെടുത്തിരിക്കുന്ന സാംസ്ക്കാരിക ദൗത്യം. ഒരു എഴുത്തുകാരനെന്ന നിലയില്‍ തനിക്കുണ്ടെന്ന് കരുതുന്ന മാന്യതയ്ക്കോ കവിയെന്ന നിലയ്ക്കുള്ള അക്കിത്തത്തിന്റെ മഹത്വത്തിനൊ യാതൊരുവിലയും കല്‍പ്പിക്കാതെ സക്കറിയ നടത്തിക്കൊണ്ടിരിക്കുന്ന തരംതാണ വിമര്‍ശനങ്ങള്‍ക്ക് വില കല്പ്പിക്കുന്നവരും അതില്‍ വീണുപോകുന്നവരും അക്കിത്തത്തോട് ഒരുതരം ചിറ്റമ്മനയം കാണിക്കുകയാണ്.
“എന്റെയല്ലെന്റെയല്ലിക്കൊമ്പനാനകള്‍
എന്റെയല്ലീമഹാ ക്ഷേത്രവും, മക്കളെ !
നിങ്ങള്‍ തന് കുണ്ഡിതം കാണ്മതില് ഖേദമു-
ണ്ടെങ്കിലും നിന്ദിപ്പതില്ലെന്‍ വിധിയെ ഞാന്‍.
ഗര്‍ഭഗൃഹത്തിലുണ്ടാശ്രിതവാത്സല്യ-
നിര്‍ഭരനായൊരാളെന്റെയായെന്റെയായ്” എന്ന് പാടിയ കവിമനസ്സിന് പുരസ്ക്കാരവും തിരസ്ക്കാരവും ഒന്നുപോലെയാവാം. എന്നാല്‍ കവിയെ ആദരിക്കുന്ന കവിതയെ അറിയുന്ന ആസ്വാദകര്‍ക്ക് സക്കറിയമാരുടെ സാംസ്ക്കാരിക നിന്ദകളോട് പൊരുത്തപ്പെടാനാവില്ല.
മുരളി പാറപ്പുറം
പ്രതികരിക്കാൻ ഇവിടെ എഴുതുക: