ന്യൂദല്‍ഹി: തനിക്കെതിരെ അരവിന്ദ് കെജ്രിവാള് ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധിയുടെ മരുമകന് റോബര്‍ട്ട് വധേര. അടുത്തിടെ പ്രഖ്യാപിക്കാനിരിക്കുന്ന പുതിയ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രശസ്തി ലഭിക്കാന്‍ വേണ്ടി അരവിന്ദ് കെജ്രിവാളും കൂട്ടരും നടത്തുന്ന തരം താണ പ്രവര്ത്തിയാണു തനിക്കെതിരേയുള്ള ആരോപണമെന്നും വധേര പറഞ്ഞു.
വിലകുറഞ്ഞ പ്രസിദ്ധിക്കായി തന്നെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തുന്നതില്‍ ദു:ഖമുണ്ടെന്നും റോബര്‍ട്ട് വധേര പറഞ്ഞു. തന്റെ സാമ്പത്തിക രേഖകള്‍ മനപൂര്‍വം വളച്ചൊടിക്കുകയാണ്. കള്ളപ്രചാരണങ്ങള്‍ നടത്തുകയാണ്. രാജ്യത്തെ നിയമം അനുസരിച്ച് 21 വര്‍ഷമായി വ്യവസായ രംഗത്തു പ്രവര്‍ത്തിക്കുന്ന ഒരാളാണു താന്‍. തന്റെ വ്യവസായം സംബന്ധിച്ച കൃത്യമായ കണക്കുകള്‍ സര്‍ക്കാര്‍ വകുപ്പുകള്‍ക്കു കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
കുറഞ്ഞ വിലയ്ക്ക് ഡിഎല്‍എഫ് വധേരയ്ക്ക് ഭൂമി കൈമാറിയതായും പലിശയില്ലാതെ പണം നല്‍കിയെന്നുമായിരുന്നു കെജ്രിവാളിന്റെ ആരോപണം. ആരോപണം അടിസ്ഥാന രഹിതമാണെന്ന് നേരത്തെ ഡിഎല്‍എഫും വിശദീകരിച്ചിരുന്നു.
എന്നാല്‍ ഡിഎല്‍എഫിന്റെ വധേരയ്ക്കെതിരേ താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ഡിഎല്‍എഫ് നല്കിയ വിശദീകരണം തൃപ്തികരമല്ലെന്ന് അരവിന്ദ് കെജ് രിവാള്‍ പറഞ്ഞിരുന്നു. കമ്പനിയുടെ വിശദീകരണത്തില്‍ അര്‍ധ സത്യങ്ങളാണുള്ളത്. ഇവരുടെ വിശദീകരണത്തെക്കുറിച്ചു തിങ്കളാഴ്ച കൂടുതല്‍ പ്രതികരിക്കാം. കമ്പനി പറഞ്ഞ കാര്യങ്ങള്‍ തന്നെയാണോ വധേരയ്ക്കും പറയാനുള്ളതെന്നും അദ്ദേഹം ട്വിറ്ററിലൂടെ ചോദിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: