ഇസ്ലാമാബാദ്: രാജ്യത്ത് അമേരിക്കന്‍ വിരുദ്ധ വികാരം ശക്തമാകുന്നതിനിടെ പാക്കിസ്ഥാന് റഷ്യയുമായി കൂടുതല്‍ അടുക്കുന്നു. ഉഭയകക്ഷി ബന്ധം ശക്തമാക്കാന്‍ പാക്കിസ്ഥാനും റഷ്യയും ഉന്നതതല ചര്‍ച്ച തുടങ്ങി. രാഷ്ട്രീയവും സാമ്പത്തികവും സൈനികവുമായ മേഖലകളില്‍ ബന്ധം ശക്തമാക്കാനാണ് ഇരുരാജ്യങ്ങളുടെയും തീരുമാനം. അതേസമയം 2014 ല്‍ നാറ്റോ സേന അഫ്ഗാനിസ്ഥാനില്‍ നിന്ന് പൂര്‍ണ്ണമായും പിന്‍വാങ്ങുന്ന സാഹചര്യം മുന്‍കൂട്ടിക്കണ്ടാണ് റഷ്യയും പാക്കിസ്ഥാനും നയതന്ത്രബന്ധം ശക്തമാക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ഉന്നതതല ചര്‍ച്ചകളുടെ ഭാഗമായി പാക്സൈനിക മേധാവി ജനറല്‍ പര്‍വേസ് കയാനി റഷ്യ സന്ദര്‍ശിക്കുകയും റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ഗേയ് ലാവ്റോവ് ഇസ്ലാമാബാദിലെത്തുകയും ചെയ്തിരുന്നു. എന്നാല്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിന് ഈയാഴ്ച നടത്താനിരുന്ന പാക് സന്ദര്‍ശനം മാറ്റിവച്ചു. റഷ്യന്‍ പ്രസിഡന്റ് ആദ്യമായാണ് പാക്കിസ്ഥാന് സന്ദര്‍ശിക്കാനെത്തുന്നത്.
പാക്കിസ്ഥാന്, അഫ്ഗാനിസ്ഥാന്, താജിക്കിസ്ഥാന്‍, റഷ്യ തുടങ്ങിയ രാജ്യങ്ങളുടെ ഉച്ചകോടിയില്‍ പങ്കെടുക്കാനായാണ് റഷ്യന്‍ പ്രസിഡന്റ് പാക്കിസ്ഥാനിലെത്താനിരുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിന് അവസരമൊരുക്കാനാണ് പുടിന് സന്ദര്‍ശനം മാറ്റി വച്ചതെന്നാണ് കരുതുന്നത്. എന്നാല്‍ പാക്കിസ്ഥാന് വിദേശകാര്യമന്ത്രി ഹിന റബ്ബാനിയും റഷ്യന്‍ വിദേശകാര്യമന്ത്രി ലാവ്റോവും ഇത് നിഷേധിച്ചു. അതേസമയം, റഷ്യയുമായുള്ള അടുപ്പം പാക്കിസ്ഥാന്-അമേരിക്ക ബന്ധത്തെ ബാധിച്ചേക്കുമെന്നാണ് കരുതുന്നത്. അമേരിക്കന്‍ വിരുദ്ധവികാരം പാക്കിസ്ഥാനില്‍ വളരുന്ന സാഹചര്യത്തില്‍ റഷ്യയുമായുള്ള ബന്ധത്തെ ജനങ്ങള്‍ സ്വാഗതം ചെയ്യുമെന്നാണ് പ്രതീക്ഷയെന്ന് പാക്കിസ്ഥാന് മുന്‍ ആര്‍മി ബ്രിഗേഡിയര്‍ ഫറൂഖ് ഹമീദ് ഖാന് പറഞ്ഞു.
എന്നാല്‍ റഷ്യയുമായി കൂടുതല്‍ അടുക്കാനുള്ള പാക്കിസ്ഥാന്റെ ശ്രമത്തിനെതിരെ കടുത്ത വിമര്‍ശനവുമുയരുന്നുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മുമ്പ് വഷളായ ചരിത്രം ചൂണ്ടിക്കാണിച്ചാണ് വിമര്‍ശനം. അഫ്ഗാനിസ്ഥാനിലെ സോവിയറ്റ് ആധിപത്യം ചെറുക്കാന്‍ പാക്കിസ്ഥാന് അമേരിക്കയുമായി ചേര്‍ന്ന് അഫ്ഗാന് മുജാഹിദ്ദീന്‍ രൂപീകരിച്ചത് റഷ്യ-പാക്കിസ്ഥാന് ബന്ധത്തെ സാരമായി ബാധിച്ച ഘടകമാണ്. അഫ്ഗാനിസ്ഥാനില്‍ നിന്ന് നാറ്റോ സേന പിന്‍വാങ്ങുന്ന സാഹചര്യത്തില്‍ റഷ്യയുമായുള്ള ബന്ധത്തിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ടെന്ന് പാക്കിസ്ഥാന്റെ സെനറ്റ് ഡിഫന്‍സ് കമ്മറ്റി ചെയര്മാന് മുഷാഹിദ് ഹുസൈന് പറഞ്ഞു. ശീതയുദ്ധത്തിന് ശേഷം ഇരുരാജ്യങ്ങളും ബന്ധം മെച്ചപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എണ്ണ-വാതക വിതരണത്തില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന രാജ്യമെന്ന നിലയില്‍ റഷ്യയുമായുള്ള ബന്ധം സാമ്പത്തികമായും ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഇസ്ലാമാബാദില് പാക്കിസ്ഥാനുമായി നടത്തിയ ചര്‍ച്ചയില്‍ അഫ്ഗാന് പ്രശ്നത്തിനാണ് ഏറെ പ്രാധാന്യം നല്‍കിയതെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി ലാവ്റോവ് പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ സംഘര്‍ഷം എങ്ങനെ പരിഹരിക്കാം എന്നതില്‍ ഇരുരാജ്യങ്ങളും തങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവച്ചതായും അദ്ദേഹം വ്യക്തമാക്കി. പാക് ഭീകരസംഘടനയായ താലിബാന് ഉള്‍പ്പെടെയുള്ളവയ്ക്ക് അഫ്ഗാനിസ്ഥാനില്‍ സ്വാധീനമുള്ള സാഹചര്യത്തില്‍ അഫ്ഗാന് പ്രശ്നം പരിഹരിക്കുന്നതില്‍ പാക്കിസ്ഥാന് നിര്‍ണ്ണായക പങ്കുണ്ടെന്നും ലാവ്റോവ് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: