അങ്കാറ: അത്യാവശ്യ ഘട്ടത്തില്‍ അതിര്‍ത്തി കടന്ന് സിറിയക്കെതിരെ സൈനിക നീക്കം നടത്താന്‍ തുര്‍ക്കിഷ് പാര്‍ലമെന്റ് തീരുമാനിച്ചു. സിറിയന്‍ ആക്രമണത്തില്‍ കഴിഞ്ഞ ദിവസം അഞ്ച് പൗരന്മാര് കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് തുര്‍ക്കിഷ് ഭരണകൂടത്തിന്റെ സുപ്രധാന നീക്കം. സിറിയയില്‍ നടന്നുകൊണ്ടിരിക്കുന്ന ആഭ്യന്തര യുദ്ധം തുര്‍ക്കിയിലേക്കും പടരുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇത്.
550 അംഗങ്ങളുള്ള പാര്‍ലമെന്റില്‍ 32 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സിറിയക്കെതിരെയുള്ള നടപടിക്കുള്ള വോട്ടിംഗ് പാസ്സായത്. അതിക്രമിച്ച് കടന്നാല്‍ മാത്രം തിരിച്ചടിക്കുക എന്ന ഉദ്ദേശ്യത്തോടെ മാത്രമാണ് നടപടിയെന്ന് വോട്ടെടുപ്പിന് ശേഷം തുര്‍ക്കി ഉപപ്രധാനമന്ത്രി ബേസീര്‍ അത്ലായി വ്യക്തമാക്കി.
അതേസമയം, തുര്‍ക്കി പൗരന്മാര് കൊല്ലപ്പെടാനിടയായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത സിറിയന്‍ സൈന്യം സംഭവത്തില്‍ ഖേദം രേഖപ്പെടുത്തിയിട്ടില്ലെന്നും തുര്‍ക്കിഷ് അധികൃതര്‍ ആരോപിച്ചു. തുര്‍ക്കി-സിറിയന്‍ അതിര്‍ത്തികളില്‍ ഇപ്പോഴും ആക്രമണം തുടരുകയാണെന്നും ചിലയിടങ്ങളില്‍ തുര്‍ക്കിയുടെ പ്രത്യാക്രമണം നടക്കുന്നുണ്ടെന്നും ചില പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തുര്‍ക്കിയുടെ ആക്രമണത്തില്‍ നിരവധി സിറിയന്‍ സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.
അസദ് ഭരണകൂടത്തിനെതിരെ പ്രക്ഷോഭം ശക്തമായതിനെത്തുടര്‍ന്ന് ഏറ്റവും കൂടുതല്‍ അഭയാര്‍ത്ഥി പ്രവാഹമുണ്ടായ രാജ്യമാണ് തുര്‍ക്കി. അതിര്‍ത്തി പ്രദേശങ്ങളില്‍ സിറിയ നടത്തിയ ആക്രമണങ്ങളില്‍ നിരവധി അഭയാര്‍ത്ഥികള്‍ കൊല്ലപ്പെടുകയും ഇതിനെതിരെ തുര്‍ക്കി ശക്തമായി പ്രതികരിക്കുകയും ചെയ്തു. ചരിത്രത്തിലാദ്യമായിട്ടാണ് തുര്‍ക്കി സിറിയയ്ക്കെതിരെ പ്രത്യാക്രമണം നടത്തുന്നത്. എന്നാല്‍ സിറിയയ്ക്കെതിരെ പ്രത്യക്ഷ ആക്രമണം നടത്തില്ലെന്ന് തുര്‍ക്കി പ്രധാനമന്ത്രി തയിബ് എര്ടോഗന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: