വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ ആദ്യമായി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി മിറ്റ് റോംനിയും ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ബരാക്ക് ഒബാമയും നേര്‍ക്കുനേര്‍ സംവാദത്തിനെത്തി. പ്രസിഡന്റ് ബരാക്ക് ഒബാമയുടെ സാമ്പത്തികപരിഷ്ക്കരണനയങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച റോംനി സംവാദത്തില്‍ മേല്‍ക്കോയ്മ നേടി. ബുധനാഴ്ച രാത്രി ഡെന്‍വര്‍ യൂണിവേഴ്സിറ്റി ഹാളിലായിരുന്നു സംവാദം സംഘടിപ്പിച്ചത്.
സാമ്പത്തികപരിഷ്ക്കരണം, തൊഴില്‍ , ആരോഗ്യസുരക്ഷ തുടങ്ങിയ വിഷയങ്ങള്‍ക്ക് ഊന്നല്‍ നല്‍കി നടത്തിയ സംവാദം 90 മിനുട്ടോളം നീണ്ടുനിന്നു. ചര്‍ച്ചയില്‍ കൃത്യമായ ചോദ്യങ്ങളും നിശിതമായ ആരോപണങ്ങളുമായി മിറ്റ് റോംനി ആധിപത്യമുറപ്പിച്ചപ്പോള്‍ പലപ്പോഴും പ്രസിഡന്റ് ഒബാമ ആശയക്കുഴപ്പത്തിലായി. ഒബാമയുടെ നയങ്ങളെ അതിരൂക്ഷമായി വിമര്‍ശിച്ച റോംനി ഒബാമ നടപ്പാക്കിയ ആരോഗ്യനയം ചെലവ് കൂട്ടുക മാത്രമാണ് ചെയ്തതെന്ന് ചൂണ്ടിക്കാട്ടി. താന്‍ അധികാരത്തിലെത്തിയാല്‍ ഇടത്തരക്കാര്‍ക്ക് നികുതയിളവ് നല്‍കുമെന്നും റോംനി ഉറപ്പ് നല്‍കി. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്താന്‍ അഞ്ചിന കര്‍മ്മപരിപാടികളും അദ്ദേഹം പ്രഖ്യാപിച്ചു. ഒബാമയുടെ നയം ഇടത്തരം കുടുംബങ്ങളെ തകര്‍ക്കുന്നതാണെന്നും മുന്‍പ്രസിഡന്റ് ജോര്‍ജ്ജ് ബുഷിന്റെ കാലത്തുണ്ടായിരുന്ന സാമ്പത്തികവ്യവസ്ഥയില്‍ നിന്ന് രാജ്യത്തെ രണ്ട് മടങ്ങോളം താഴ്‌ത്തുകയാണ് ഒബാമ ചെയ്തതെന്നും റോംനി കുറ്റപ്പെടുത്തി.
എന്നാല്‍, ലോകമാകമാനമുള്ള സാമ്പത്തിക മാന്ദ്യമാണ് അമേരിക്കയേയും ബാധിച്ചതെന്ന് ഒബാമ റോനിയുടെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കി. രാജ്യത്ത് പുതിയതായി ഒരുലക്ഷം തൊഴിലവസരങ്ങള്‍ കൂടി സൃഷ്ടിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി. 98 ശതമാനം കുടുംബങ്ങള്‍ക്കും നികുതിയിളവ് ലഭിക്കുന്നതാണ് തന്റെ പദ്ധതിയെന്നും ഒബാമ ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസമേഖലയില്‍ കൂടുതല്‍ വിദേശ നിക്ഷേപം വേണമെന്നും റോംനിയുടെ നയങ്ങള്‍ വിദ്യാഭ്യാസമേഖലയെ തകര്‍ക്കുമെന്നും ഒബാമ പറഞ്ഞു. റോംനി മുന്നോട്ടു വയ്‌ക്കുന്ന നികുതി നിര്‍ദ്ദേശം അസന്തുലിതമാണെന്നും ഒബാമ ആരോപിച്ചു.
ഈ മാസം 16,22 തീയതികളില്‍ ഇരുവരും തമ്മില്‍ വീണ്ടും സംവാദം നടക്കും. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഏറെ പ്രാധാന്യമാണ് പ്രധാനസ്ഥാനാര്‍ത്ഥികള്‍ തമ്മിലുള്ള സംവാദം. നവംബര്‍ ആറിനാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്. ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് ഇതുവരെ തീരുമാനിക്കാത്തവരെ തനിക്ക് അനുകൂലമായി ചിന്തിപ്പിക്കാനും സ്വന്തം അനുയായികള്‍ക്ക് ആവേശം പകരുന്നതുമായിരുന്നു ഒബാമയുമായി മീറ്റ് റോംനി നടത്തിയ സംവാദമെന്നാണ് പൊതുവേ വിലയിരുത്തുന്നത്. ഇരുനേതാക്കളും തമ്മിലുള്ള സംവാദം ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ജനങ്ങളാണ് വീക്ഷിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: