അബൂജ: നൈജീരിയയില്‍ കോളേജ് ഹോസ്റ്റലില്‍ കടന്ന് 46 വിദ്യാര്‍ത്ഥികളെ വെടിവച്ചുകൊന്നവര്ക്കായുള്ള അന്വേഷണം സര്‍ക്കാര്‍ ഊര്‍ജ്ജിതമാക്കി. സംശയകരമായ വീടുകള്‍ തോറും പരിശോധന നടത്താന്‍ വന്‍ സുരക്ഷാസേനയെ വിന്യസിച്ചു. വെടിവയ്പ്പിന് പിന്നിലുള്ളവരെ എത്രയും പെട്ടെന്ന് പുറത്തുകൊണ്ടു വരണമെന്ന് നൈജീരിയന്‍ പ്രസിഡന്റ് സുരക്ഷാസേനക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഞെട്ടിപ്പിക്കുന്ന സംഭവമാണ് നടന്നതെന്ന് പ്രസിഡന്റ് പറഞ്ഞതായി അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു. ഭീകരസംഘടനയായ ബൊക്കോ ഹറാമാണ് ആക്രമണത്തിന് പിന്നിലെന്നാണ് കരുതപ്പെടുന്നത്.
എന്നാല്‍ യൂണിയന് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാമ്പസില്‍ ഇരുവിഭാഗം തമ്മില്‍ സംഘര്‍ഷമുണ്ടായ സാഹചര്യത്തില്‍ ബൊക്കോ ഹറാമിനെ മാത്രം സംശയിക്കുന്നത് മുന്‍വിധിയാണെന്ന് നൈജീരിയയുടെ നാഷണല്‍ എമര്‍ജന്‍സി മാനേജ്മെന്റ്ഏജന്സി (എന്ഇഎംഎ) അഭിപ്രായപ്പെട്ടു. മുബി ടൗണിലെ അഡമാവ സ്റ്റേറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള പോളിടെക്നിക്കിലെ വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന ഹോസ്റ്റലിലാണ് കൂട്ടക്കൊലപാതകം നടന്നത്.
സൈനികവേഷത്തിലെത്തിയ തോക്കുധാരികള്‍ വിദ്യാര്‍ത്ഥികളോട് പേര് പറഞ്ഞ് സ്വയം പരിചയപ്പെടുത്തണമെന്ന് ആവശ്യപ്പെടുകയും ചിലരെ ആക്രമിക്കാതെ വിട്ടയച്ചതായുമാണ് റിപ്പോര്‍ട്ട്. നൈജീരിയയുടെ അമ്പത്തിരണ്ടാം സ്വാതന്ത്ര്യദിനത്തിലായിരുന്നു അക്രമം. പ്രദേശത്ത് കര്‍ഫ്യൂ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: