സബ്സിഡിയില്ലാത്ത പാചക വാതക സിലിണ്ടറുകള്‍ക്ക് വില വര്‍ധിപ്പിക്കുവാന്‍ തീരുമാനിച്ചതിന് തൊട്ടുപുറകെ ഇപ്പോള്‍ ഡീസല്‍ വില അഞ്ചുരൂപ കൂട്ടാനും തീരുമാനിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. 789 രൂപ വിലയുള്ള പാചകവാതക സിലിണ്ടറിന്റെ വില 917.50 പൈസയാകും. ഗാര്‍ഹിക ഉപയോഗത്തിനുള്ള സബ്സിഡിരഹിത പാചക വാതക സിലിണ്ടറിന് 220 രൂപയാണ് വര്‍ധിക്കുക. സബ്സിഡി ഇല്ലാത്ത സിലിണ്ടറുകളുടെ വില എല്ലാ മാസവും ഒന്നാം തീയതി പുതുക്കാറുണ്ട്. വരും മാസങ്ങളില്‍ സിലിണ്ടറിന് എന്ത് വിലയായിരിക്കും നല്‍കേണ്ടിവരിക എന്ന ആശങ്കകള്‍ കുടുംബങ്ങളില്‍ ഉയരുന്നു. സംസ്ഥാനത്തൊട്ടാകെ പാചകവാതക വിതരണം സ്തംഭനാവസ്ഥയിലായത് കഴിഞ്ഞ മാസത്തെ കണ്ണൂര്‍ ചാലയിലെ ടാങ്കര്‍ ദുരന്തത്തെ തുടര്‍ന്നാണ്. ക്ഷാമം തീരാന്‍ ഒന്നരമാസമെടുത്തേക്കാം. സംസ്ഥാനത്തെ പാചക വാതക കണക്ഷനുകളില്‍ 60 ശതമാനവും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റേതാണ്. ഇതിന് പുറമെ ഗ്യാസ് സിലിണ്ടറുകളുടെ എണ്ണം ആറായി പരിമിതപ്പെടുത്തിയതും കുടുംബങ്ങളെ ദുരിതത്തിലാക്കി. ബിപിഎല്‍ വിഭാഗങ്ങള്‍ക്ക് വര്‍ഷത്തില്‍ ഒന്‍പത് സിലിണ്ടറുകള്‍ നല്‍കാനുള്ള തീരുമാനത്തില്‍ എപിഎല്‍ വിഭാഗത്തെക്കൂടി ഉള്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്. പാചകവാതക പ്രതിസന്ധി നേരിടുന്ന ജനതയ്ക്ക് വീണ്ടും തിരിച്ചടി നല്‍കിയാണ് ഇപ്പോള്‍ ഡീസല്‍ വില നാലോ അഞ്ചോ രൂപയായി ഉയര്‍ത്താനുള്ള നീക്കം കേന്ദ്രം നടത്തുന്നത്. കഴിഞ്ഞ മാസം ഡീസല്‍ വില അഞ്ചുരൂപയാക്കി വര്‍ധിപ്പിച്ചത് വന്‍ പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരുന്നു. എപ്പോഴും കേന്ദ്രം ഈ വില വര്‍ധനയ്ക്ക് തുനിയുന്നത് എണ്ണ കമ്പനികള്‍ക്ക് ലാഭം കൊയ്യാനാണ്.
കഴിഞ്ഞ ഡീസല്‍ വില വര്‍ധനയോടെ എണ്ണ കമ്പനികള്‍ക്ക് ഒരു ലിറ്റര്‍ ഡീസലിന്മേല് രണ്ടു രൂപ ലാഭം ലഭിച്ചിരുന്നുവത്രെ. ഇപ്പോള്‍ ഡീസല്‍ വില വര്‍ധനയ്ക്ക് കാരണം സബ്സിഡി കുറയ്ക്കാനാണെന്നാണ് ആസൂത്രണ വിദഗ്ദ്ധന് അഹ്ലുവാലിയയുടെ ന്യായീകരണം. ഇന്ത്യയിലെ മന്മോഹന്-അഹ്ലുവാലിയ കൂട്ടുകെട്ട് സാമ്പത്തിക പരിഷ്ക്കരണം ഊര്‍ജ്ജിതപ്പെടുത്തുവാനും സാമ്പത്തിക വളര്‍ച്ച കൂട്ടാനുമാണ് ഡീസല്‍-പാചക വില വര്‍ധിപ്പിക്കുന്നത്. സാമ്പത്തിക വളര്‍ച്ച എന്നാല്‍ സാധാരണക്കാരുടെ തളര് ച്ച എന്നാണ് പുതിയ വിവക്ഷ. നിലവില്‍ ഡീസല്‍ ലിറ്ററിന് 14 രൂപയാണ് സര്‍ക്കാര്‍ സബ്സിഡി. മാര്‍ച്ചോടുകൂടി ഇത് ഒന്‍പത് രൂപയായി കുറയ്ക്കാം. സബ്സിഡിയാണ് റവന്യൂകമ്മി ഉയരാന്‍ കാരണമെന്ന ന്യായീകരണമാണ് ഇതിന് മുന്‍ധനകാര്യ സെക്രട്ടറി വിജയ് കേല്‍ക്കര്‍ അധ്യക്ഷനായ സമിതിയും സബ്സിഡി നിര്‍ത്താന്‍ തന്നെയാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില ഒരു ലിറ്ററിന് 14 രൂപ മാത്രമാണ്.
പൊതുമേഖലാ എണ്ണ കമ്പനികള്‍ ഇപ്പോള്‍ തന്നെ ലാഭത്തിലാണ്. എണ്ണ ഉല്‍പ്പാദിപ്പിക്കുന്ന ഒഎന്‍ജിസിയും റിഫൈനറിയും എല്ലാം കൂടി 50,000 കോടി രൂപ ലാഭത്തിലാണത്രെ. സംസ്ക്കരിക്കുന്ന ഇപ്പോഴത്തെ നടപടി സ്വകാര്യ കുത്തകകള്‍ക്ക് ലാഭം കൊയ്യാനാണ് എന്ന് വ്യക്തം. ഡീസല്‍ വില വര്‍ധന രാജ്യത്തൊട്ടാകെ വന്‍ വിലക്കയറ്റത്തിനാണ് വഴി തെളിയ്ക്കുക. ട്രാന്‍സ്പോര്‍ട്ടിംഗ് ചാര്‍ജ് വര്‍ധിക്കുമ്പോള്‍ സാധനങ്ങളുടെ വില കുതിച്ചുയരും. ഇപ്പോള്‍ തന്നെ കേരളത്തില്‍ അരിവില, പച്ചക്കറി-പഴവിലകള്, ഭക്ഷ്യ ധാന്യ വിലകള്‍ എല്ലാം വര്‍ധിച്ചിരിക്കുകയാണ്. സാധനവില വര്‍ധനയ്ക്കനുസരിച്ച് ഹോട്ടല്‍ ഭക്ഷണ വിലയും വര്‍ധിക്കുന്നു.
മൂന്ന് മാസത്തിനുള്ളില്‍ അരിവില ഏഴുരൂപ മുതല്‍ പത്ത് രൂപവരെയാണ് ഉയര്‍ന്നിരിക്കുന്നത്. ഇതിന് കാരണമായി പറയുന്നത് ആന്ധ്രയിലെ നെല്ലുല്പ്പാദനം കുറഞ്ഞതും അരിമില്ലുകള്‍ പൂട്ടിയതുമാണെങ്കിലും ഇതിലും ലാഭം കൊയ്യുന്നത് ഇട നിലക്കാരാണല്ലൊ. ഡീസല്‍ വില വര്‍ധനയോടെ സര്‍ക്കാര്‍ ബസ് ചാര്‍ജ്ജ് ആറുരൂപ വര്‍ധിപ്പിക്കാനുള്ള നീക്കത്തിലാണ്. ഒപ്പം ആട്ടോ ടാക്സി ചാര്‍ജ്ജും വര്‍ധിക്കും എന്നത് ഉറപ്പായ കാര്യമാണല്ലൊ. ഭക്ഷ്യ-വള സബ്സിഡികള്‍ വെട്ടിക്കുറയ്ക്കില്ല എന്ന പ്രഖ്യാപനം ഈ സാഹചര്യത്തില്‍ ഒരു ആശ്വാസവും പകരാന്‍ സാധ്യതയില്ല. ഡീസല്‍ വില വര്‍ധനയോടൊപ്പം കാലിത്തീറ്റ വിലവര്‍ധന ക്ഷീരകര്‍ഷകരെ പ്രതിസന്ധിയിലാക്കിയ പാല് വിലയും വര്‍ധിപ്പിക്കാനാണ് പോകുന്നത്. സാമ്പത്തിക മാന്ദ്യം ജിഡിപിയുടെ 5.3 ശതമാനമാണ്. ഇത് നിയന്ത്രണ വിധേയമാക്കാനാണ് ഈ വില വര്‍ധനാ നീക്കങ്ങള്‍ എന്നാണ് വിശദീകരണം. നാണ്യപ്പെരുപ്പം കുറയ്ക്കാനും ഈ വില വര്‍ധന സഹായകരമാകുമത്രെ.
2014 ല്‍ വരാന്‍ പോകുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ രാജ്യം കൈവരിച്ച സാമ്പത്തിക ഉയര്‍ച്ച ഉയര്‍ത്തിക്കാണിക്കാനാണ് സാധാരണക്കാര്‍ക്കുള്ള ഈ പീഡനം. പൊതു ഓര്‍മ്മ ക്ഷണികമാണെന്നാണ് ധാരണ എങ്കിലും മാസങ്ങളായി തുടരുന്ന ഈ വില വര്‍ധനാ പീഡനം സാമ്പത്തിക ഉയര്‍ച്ച നേടി എന്ന വാദത്തെ അപ്രസക്തമാക്കാനാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: