കൊച്ചി: കേരളീയ സമൂഹത്തില്‍ നീതി തേടിപ്പോകേണ്ടിവരുന്ന സ്ത്രീക്ക് നേരിടേണ്ടിവരുന്ന എണ്ണമറ്റ പ്രതിസന്ധികളും അവള്‍ക്ക് നീതി വൈകുന്നതും കാട്ടിത്തരുന്നതിന്റെ യഥാര്‍ഥ ചിത്രമായി കുടുംബശ്രീ പ്രവര്‍ത്തകര്‍ അവതരിപ്പിച്ച ഭേരി. കുടുംബശ്രീ വാര്ഷികസംഗമവേദിയില് നാടകം അരങ്ങേറിയപ്പോള്‍ അത് 133-ാമത്തെ വേദിയായി. കഴിഞ്ഞ മാസം തിരുവനന്തപുരത്ത് നിന്നും കാസര്‍കോട് നിന്നും ആരംഭിച്ച കുടുംബശ്രീ പുസ്തകയാത്രയോടൊപ്പം ഭേരി വിവിധ കേന്ദ്രങ്ങളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
പച്ചയായ ജീവിതയാഥാര്‍ഥ്യങ്ങളും മൂര്‍ച്ചയുളള സാമൂഹിക വിമര്‍ശനവും ഒരുപോലെ സമന്വയിപ്പിച്ചാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ തങ്ങളുടെ കലാവിഷ്കാരമായ ‘ഭേരി’ അരങ്ങിലെത്തിച്ചത്. കേരളത്തിലെ സാമൂഹിക ജീവിതത്തില്‍ സ്ത്രീകള്‍ക്ക് നേരിടേണ്ടി വരുന്ന ദുരന്തങ്ങളാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ വേദിയിലെത്തിച്ചത്. ഭര്‍ത്താവിന്റെ മദ്യാസക്തിയില്‍ തകരുന്ന കുടുംബങ്ങള്‍, പെണ്‍വാണിഭക്കാരുടെ കൈയിലകപ്പെട്ട് ജീവച്ഛവമാകുന്ന പെണ്മക്കള്, അറുതിയില്ലാത്ത ഗാര്‍ഹിക പീഡനങ്ങള്‍, അരക്ഷിതമായ ട്രെയിന്‍ യാത്ര തുടങ്ങി ആണ്‍കുട്ടിയെ പ്രസവിച്ചിട്ടില്ലെങ്കില്‍ ഉപേക്ഷിക്കപ്പെടുമെന്ന ഭീതിയോടെ ദിവസങ്ങള്‍ എണ്ണിക്കഴിയുന്ന പൂര്‍ണ ഗര്‍ഭിണിയായ യുവതിയുടെ ദൈന്യത വരെ ഭേരിയില് വിഷയങ്ങളായി.
‘നിങ്ങള്‍ ഈ കേസ് എടുക്കുന്നതിനും എന്റെ ഭര്‍ത്താവ് ഒരു തീപ്പെട്ടിക്കൊളളി ഉരയ്ക്കുന്നതിനും ഇടയിലാണ് എന്റെയും എന്റെ പെണ്മക്കളുടെയും ജീവിതം.’ പൊലീസ് നീതിന്യായ വ്യവസ്ഥകള്‍ക്കു നേരെ വിരല്‍ചൂണ്ടി പൊട്ടിത്തെറിക്കുകയാണ് ഒരു വീട്ടമ്മ. ‘ധൈര്യമായി പറയൂ ഞാനും ഒരു പെണ്ണാണെന്ന്. ഈ നാട്ടില്‍ ജീവിക്കാന്‍ സ്ത്രീകള്‍ക്കും അവകാശമുണ്ട്.’ – ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ശബ്ദം വേദിയില്‍ മുഴങ്ങുമ്പോള്‍ നമ്മുടെ ജീവിതത്തിനും സ്വപ്നങ്ങള്‍ക്കും വിലയുണ്ടെന്ന ആഹ്വാനവുമായാണ് ഭേരിക്ക് തിരശീല വീണത്.
ജീവിതത്തിന്റെ പല മേഖലകളിലും അതിക്രമത്തിനും ചൂഷണത്തിനും വിധേയരാക്കപ്പെടുന്ന സ്ത്രീകളുടെയും കുട്ടികളുടെയും അവസ്ഥയും അതിനെ ചെറുത്തു നില്‍ക്കേണ്ടതിന്റെ ആവശ്യകതയുമാണ് ദൃശ്യാനുഭവത്തിന്റെ വേറിട്ട കാഴ്ചയുമായി കുടുംബശ്രീ അംഗങ്ങള്‍ അരങ്ങില്‍ അവതരിപ്പിച്ചത്.
പുസ്തകയാത്രയുടെ ഭാഗമായി സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നും തിരഞ്ഞെടുത്ത കുടുംബശ്രീ പ്രവര്‍ത്തകര്‍ തന്നെയാണ് നാടകവും നാടന്‍ പാട്ടുകളും ഉള്‍പ്പെടുത്തി ഭേരി ആവിഷ്കരിച്ചിരിക്കുന്നത്. കഥയും രചനയും സംഗീതവും നിര്‍വഹിച്ചതും ഇവര്‍ തന്നെ. പുഷ്പ, സോണിത, ശോഥില, സിബി ജോസഫ്, സൗമ്യ, ഗൗരി, സലോമി ജോഷി, സാലി മോഹന്‍, ശോഭ, ഓമന അനില്‍കുമാര്‍, സ്നേഹലത, ഷീല, ഗ്ലാഡിസ്, ബീന, ശ്രീമതി, അജിത, ഷീജ, ബീന, രാധ, പ്രിയ, ജാനകി, ഉഷ, സീന എന്നിവരാണ് പരിപാടി അവതരിപ്പിക്കുന്നത്. സുധി, രാജരാജേശ്വരി, എന്നിവരാണ് സംവിധാനം നിര്‍വഹിച്ചത്. കലാമണ്ഡലം സിന്ധു നൃത്തച്ചുവടുകള്‍ ചിട്ടപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: