ഇസ്ലാമാബാദ്: കാശ്മീര്‍ വിഷയത്തില്‍ സ്ഥിരമായൊരു പരിഹാരം കാണുന്നതിന് ഇന്ത്യയുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി. കാശ്മീര്‍ പ്രശ്നം പരിഹരിക്കുന്നതിന് പാക് സര്‍ക്കാര്‍ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാശ്മീരി നേതാവും ഹുറിയത് ചെയര്‍മാനുമായ മിര്‍വെയ്സ് മുഹമ്മദ് ഉമര്‍ ഫറൂഖുമായി സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കാശ്മീര്‍ വിഷയത്തില്‍ പാക് സര്‍ക്കാര്‍ നല്‍കിവരുന്ന പിന്തുണ തുടരുമെന്നും സര്‍ദാരി അറിയിച്ചു. ജമ്മുകാശ്മീരില്‍ നടക്കുന്ന ഹുറിയത് പാര്‍ട്ടികളുടെ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.
കാശ്മീര്‍ ജനതക്ക് പാക് സര്‍ക്കാര്‍ നല്‍കിവരുന്ന രാഷ്ട്രീയ ധാര്‍മിക, നയതന്ത്ര പിന്തുണ ഇനിയും തുടരും. കാശ്മീര്‍ പ്രശ്നത്തിന് പരിഹാരം നല്കുന്ന ഫലവത്തായ ചര്‍ച്ചകള്‍ സഹായിക്കുമെന്ന് സര്‍ദാരി പറഞ്ഞു. ഇതിനായി ഇന്ത്യയുമായുള്ള ചര്‍ച്ചകള്‍ക്ക് തങ്ങള്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാശ്മീര്‍ ജനതയെയാണ് ആഗോള സമൂഹം നോക്കിക്കാണുന്നത്. സ്വയം തീരുമാനമെടുക്കാനുള്ള കാശ്മീര്‍ ജനതയുടെ ആറ് ദശകങ്ങളായുള്ള പോരാട്ടത്തിന് പരിഹാരം കാണണം. മനുഷ്യാവകാശ ലംഘനമില്ലാതെ, വലിയ നഷ്ടപ്പെടലുകളില്ലാതെ ഇത് യാഥാര്‍ത്ഥ്യമാകണമെന്നും സര്‍ദാരി പറഞ്ഞു.
ജമ്മുകാശ്മീര്‍ ജനതക്ക് നല്കി വരുന്ന പിന്തുണ പാക് സര്‍ക്കാര്‍ തുടരുന്നതില്‍ മിര്‍വെയ്സ് നന്ദി അറിയിച്ചു. ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭാ സമ്മേളനത്തിന്റെ ഭാഗമായാണ് ഇന്നലെ പ്രത്യേക സമ്മേളനം നടന്നത്. പാക് വിദേശകാര്യമന്ത്രി ഹിന റബ്ബാനി ഖര്, അമേരിക്കയിലെ പാക് സ്ഥാനപതി ഷെറി റഹ്മാന് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. കാശ്മീര്‍ പ്രശ്നം യുഎന്നിന്റെ ഏറ്റവും വലിയ പരാജയമാണെന്ന് നേരത്തെ സര്‍ദാരി പറഞ്ഞിരുന്നു. ഇത് വലിയ വിവാദമായിരുന്നു. എന്നാല്‍ കാശ്മീര്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന് വിദേശകാര്യസെക്രട്ടറി രഞ്ചന്‍ മത്തായിയും വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: