കൊച്ചി: കുടുംബശ്രീയുടെ യഥാര്‍ഥ പ്രവര്‍ത്തനങ്ങളല്ല ഇന്ന് മാധ്യമങ്ങള്‍ പലതും ചര്‍ച്ചചെയ്യുന്നതെന്നും അതിനെതിരായി വരുന്ന വാര്‍ത്തകള്‍ ചര്‍ച്ചചെയ്യാനാണ് കൂടുതല്‍ താല്പര്യം കാണിക്കുന്നതെന്നും സാമൂഹ്യ ക്ഷേമ മന്ത്രി ഡോ.എം.കെ.മുനീര്‍. എറണാകുളം ചില്‍ഡ്രന്‍സ് പാര്‍ക്ക് തീയറ്ററില്‍ കുടുംബശ്രീ 14-ാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മാധ്യമങ്ങളിലെ സ്ത്രീ എന്ന സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സമൂഹത്തില്‍ മാധ്യമങ്ങളുടെ സ്വാധീനവും വ്യാപ്തിയും അതിവിപുലമാണ്. സമകാലിക ഇന്ത്യന്‍ രാഷ്ട്രീയം പരിശോധിച്ചാല്‍ പല പ്രസ്ഥാന നായകരെയും ആരാധനാമൂര്‍ത്തികളെയും സൃഷ്ടിക്കുകയും സംഹരിക്കുകയും ചെയ്യുന്നതില്‍ മാധ്യമങ്ങള്‍ വലിയ പങ്ക് വഹിച്ചതായി കാണാം. എന്നാല്‍ വനിതകള്‍ക്ക് സമൂഹത്തില്‍ കുറെക്കൂടി വിശിഷ്ടമായ സ്ഥാനം നേടിക്കൊടുക്കാന്‍ മാധ്യമങ്ങള്‍ക്ക് സമര്‍ഥമായി ഇടപെടാന്‍കഴിയുന്ന മേഖലകള്‍ ഉണ്ട്. വനിതകള്‍ വിവിധ രംഗങ്ങളില്‍ നേരിടുന്ന അവഗണന, പാര്‍ശ്വവത്കരണം, വ്യക്തിത്വത്തെ മാനിക്കാതിരിക്കല്‍, അവര്‍ക്കെതിരായ അതിക്രമം, ലിംഗവിവേചനം, സാമൂഹിക പങ്കാളിത്തത്തിലെ തുല്യതയില്ലായ്മ ഇവയിലേയ്ക്കൊക്കെ മാധ്യമങ്ങള്‍ക്ക് ഫോക്കസ് ചെയ്യാന്‍ കഴിയണം. കുടുംബിനി എന്നതിനപ്പുറം അവള്‍ക്ക് സ്വന്തം ശബ്ദവും വ്യക്തിത്വവും കരുത്തും ഉണ്ടെന്ന് സമൂഹത്തിനാകെ ബോധ്യപ്പെടണമെന്ന് അദ്ദേഹം പറഞ്ഞു.
സോഷ്യല്‍ മീഡിയയെ സ്ത്രീശാക്തീകരണത്തിന് ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയും. സ്ത്രീയെ അടിച്ചമര്‍ത്താന്‍ ലൈംഗികത ആയുധമാക്കുന്ന സമ്പ്രദായത്തിന് തടയിടാന്‍ സോഷ്യല്‍ മീഡിയയിലെ അഭിപ്രായ രൂപീകരണത്തിലൂടെ സാധിക്കും. ടി.വി പരസ്യങ്ങളില്‍ സ്ത്രീയെ ചൂഷണം ചെയ്യുന്നത് ചോദ്യം ചെയ്യാനും കഴിയുക സോഷ്യല്‍ മീഡിയക്കാണെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിളളി അധ്യക്ഷത വഹിച്ചു. എറണാകുളം പ്രസ് ക്ലബ് പ്രസിഡന്റ് അബ്ദുളള മട്ടാഞ്ചേരി, കുടുംബശ്രീ ഭരണ സമിതിയംഗങ്ങളായ ഷെര്‍ളി സ്റ്റീഫന്‍, എന്‍.എ.ഖാലിദ്, എസ്.പി കുഞ്ഞുമുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് നടന്ന സംവാദത്തില്‍ ലളിതകലാ അക്കാദമി ചെയര്മാന് കെ.എ.ഫ്രാന്‍സിസ് മോഡറേറ്ററായിരുന്നു. പി.രാജന്, ഗീത ബക്ഷി, ഉഷ മനോഹര്‍, ജിഷ എലിസബത്ത്, എം.കെ.ഗീതകുമാരി, ജ്യോതി നാരായണന് എന്നിവര്‍ വിവിധ വിഷയങ്ങളവതരിപ്പിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചന്ദ്രഹാസന്‍ വടുതല സ്വാഗതവും കുടുംബശ്രീ അസി.ജില്ല മിഷന് കോ-ഓര്‍ഡിനേറ്റര്‍ വി.ഐ.അസിം ലബ്ബ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: