എരുമേലി: ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട എരുമേലിയിലെ പേട്ടതുള്ളലിനായി തീര്‍ത്ഥാടകര്‍ ഉപയോഗിക്കുന്ന വിവിധതരം കളറുകളിലുള്ള സിന്ദൂരത്തില്‍ കെമിക്കല്‍സ് ഇല്ലെന്ന് ഉറപ്പാക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറിക്ക് ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം.
ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട ജില്ലയിലെ ആദ്യത്തെ ഉന്നതതല അവലോകന യോഗത്തിലാണ് ഇതു സംബന്ധിച്ച് നടപടിയെടുക്കാന്‍ എരുമേലി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ചുമതലപ്പെടുത്തിയത്. ശബരിമല സീസണില്‍ എരുമേലിയിലെത്തുന്ന ലക്ഷണക്കണക്കിന് തീര്‍ത്ഥാടകരാണ് ആചാരാനുഷ്ഠാനങ്ങളായി പേട്ടതുള്ളലില്‍ സിന്ദൂരങ്ങള്‍ ഉപയോഗിക്കുന്നത്.
സിന്ദൂരങ്ങള്‍ ജലാശയങ്ങളില്‍ കലരുന്നതിലൂടെ ജലം മലിനമാകുന്നതായും സിന്ദങൂരത്തില് മാരകമായ രാസപദാര്‍ത്ഥങ്ങള്‍ കലര്‍ന്നിട്ടുണ്ടെന്നും സംസ്ഥാന നിയമസഭ പരിസ്ഥിതി കമ്മറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശിച്ചതെന്നും പഞ്ചായത്ത് സെക്രട്ടറി എസ്.സുരേഷ് ജന്മഭൂമിയോട് പറഞ്ഞു. രാസപദാര്‍ത്ഥങ്ങള്‍ കലര്‍ന്ന സിന്ദൂരങ്ങള്‍ ഉപയോഗിക്കരുതെന്ന് കോടതി നിര്‍ദ്ദേശമുണ്ടെന്നും എന്നാല്‍ രേഖാമൂലം ഇത്തരത്തിലൊരു റിപ്പോര്‍ട്ടും കളക്ടര്‍ നല്‍കിയിട്ടില്ലെന്നും സെക്രട്ടറി പറഞ്ഞു.
രാസപദാര്‍ത്ഥങ്ങള്‍ കലര്‍ന്നിട്ടുള്ള സിന്ധൂരങ്ങള്ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഒറ്റയടിക്ക് കഴിയില്ല. ആദ്യഘട്ടം എന്ന നിലയില്‍ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കുമെന്നും സെക്രട്ടറി പറഞ്ഞു. സിന്ദൂരകടകള്ക്ക് പഞ്ചായത്ത് ലൈസന്‍സ് നല്‍കുന്നതും ഈ റിപ്പോര്‍ട്ട് അടിസ്ഥാനത്തിലായിരിക്കും. എന്നാല്‍ ലൈസന്‍സ് നല്കിയാലും ഇടയ്ക്കിടെ സിന്ദൂരം പരിശോധിച്ചുകൊണ്ടിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എരുമേലിയില്‍ കാലങ്ങളായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന സിന്ദൂരത്തില്‍ ബന്ധപ്പെട്ടവരുമായി വിശദമായ ചര്‍ച്ചകള്‍ അനിവാര്യമാണെന്നും, ജൈവരീതിയിലുള്ള കളറുകള്‍ കണ്ടെത്താന്‍ കഴിയണമെന്നും സെക്രട്ടറി പറഞ്ഞു. സിന്ദൂരം ഉപയോഗിക്കുന്നതു സംബന്ധിച്ച് കോടതിവിധിയെപ്പറ്റി ഉന്നതതല ഉദ്യോഗസ്ഥര്‍ക്ക് വിവരങ്ങളൊന്നുമില്ല. നിയമസഭാ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കളക്ടര്‍ നല്കിയ വിവരങ്ങള്‍ മാത്രമാണുള്ളതെന്നും സെക്രട്ടറി പറഞ്ഞു.
സിന്ദൂരം നിയന്ത്രണവിഷയത്തെപ്പറ്റി ദേവസ്വം ബോര്‍ഡുമായും, ഹൈന്ദവ സംഘടനകളുമായും ഈ സീസണില്‍ തന്നെ ചര്‍ച്ചകള്‍ നടത്തുമെന്നും സെക്രട്ടറി പറഞ്ഞു. ചര്‍ച്ചകളിലെ തീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ സിന്ദൂര വില്‍പ്പനയിലും മറ്റും നിയന്ത്രണമോ മറ്റു നടപടിയോ ഉണ്ടാകുമെന്നും സെക്രട്ടറി പറഞ്ഞു. എന്നാല്‍ കാലങ്ങളായി എരുമേലിയിലെത്തുന്ന തീര്‍ത്ഥാടകര്‍ ഉപയോഗിച്ചുകൊണ്ടിരുന്ന സിന്ദൂരത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തുന്ന ഗൗരവമുള്ള കാര്യം വേണ്ടത്ര ഗൗരവമില്ലാതെയാണ് ഉന്നതതല സംഘം കൈകാര്യം ചെയ്യുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു. സിന്ദൂരങ്ങളില് രാസപദാര്ത്ഥമുണ്ടെന്നും ഇത് നിയന്ത്രിക്കണമെന്നുള്ള ആവശ്യമുയര്‍ന്നപ്പോഴും ചില യോഗങ്ങളിലെ ചര്‍ച്ചകളില്‍ അഭിപ്രായങ്ങള്‍ വരുന്നതല്ലാതെ മറ്റൊരു തീരുമാനവും കഴിഞ്ഞ രണ്ടുവര്‍ഷമായി ഉണ്ടാകുന്നുമില്ല.
എന്നാല്‍ എരുമേലിയിലെ സീസണ് പ്രതിസന്ധി മാത്രമായതിനാല്‍ പഞ്ചായത്ത് ഗൗരവമായാണ് കാണുന്നതെന്നും തുടര്‍ നടപടികള്‍ക്ക് വിദഗ്ദ്ധ ഉപദേശങ്ങള്‍ സ്വീകരിക്കേണ്ടിവരുമെന്നും സെക്രട്ടറി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: