പെരുമ്പാവൂര്‍: പാലാ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റായിരുന്ന ചെറിയാന് കുര്യാക്കോസിനെ വഴിയില്‍ തടഞ്ഞ് നിര്‍ത്തി ദേഹോപദ്രവം ഏല്‍പ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ പ്രതിയെ പത്ത് മാസം തടവിനും 2000 രൂപ പിഴക്കും ശിക്ഷിച്ചു. പാലാരിവട്ടം ചളിക്കവട്ടം ചെറുവള്ളിപ്പറമ്പില്‍ വീട്ടില്‍ ഗോപി (59)യെയാണ് പെരുമ്പാവൂര്‍ സബ് ജഡ്ജ് എം.ബി.സ്നേഹലത ശിക്ഷിച്ചുകൊണ്ട് ഉത്തരവിട്ടത്. കേസിലെ അഞ്ചാം പ്രതിയാണ് ഗോപി. 2003 ഡിസംബര്‍ 29 ന് വൈകിട്ട് 5.30 ന് ചക്കരപ്പറമ്പില്‍ വച്ചാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.
മജിസ്ട്രേറ്റും ഭാര്യ മോനി ചെറിയാനുമൊന്നിച്ച് കേടായ കാര്‍ നന്നാക്കിയശേഷം വര്‍ക്ക്ഷോപ്പില്‍നിന്നും റോഡിലേക്കിറങ്ങവേ ഒന്നാം പ്രതിയായ ഇടപ്പള്ളി ചെറുവള്ളിപ്പറമ്പില്‍ ബഷീറി (49)ന്റെ കാറില്‍ തട്ടുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഓട്ടോറിക്ഷാ തൊഴിലാളികളായ മറ്റ് പ്രതികള്‍ ചളിക്കവട്ടം സ്വദേശികളായ ചായിക്കോടത്ത് ജോണ്സണ് (53), കണിയാവേലി രമേഷ് ബിജു (42), കുറ്റിക്കാട്ടുപറമ്പില്‍ പ്രബിന്‍കുമാര്‍ (44) എന്നിവര്‍ ചേര്‍ന്ന് മജിസ്ട്രേറ്റിനെ തടഞ്ഞുനിര്‍ത്തുകയും ചെയ്തു. ഈ സമയം അഞ്ചാം പ്രതി മജിസ്ട്രേറ്റിനെ ഭീഷണിപ്പെടുത്തുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയുമായിരുന്നു.
അനധികൃതമായി സംഘംചേരല്‍, ഭീഷണിപ്പെടുത്തല്‍, ദേഹോപദ്രവം ഏല്‍പ്പിക്കല്‍ വിവിധ വകുപ്പുകള്‍ പ്രകാരം പ്രതിയെ ശിക്ഷിച്ചിരുന്നു. വിവിധ വകുപ്പുകളിലായി ശിക്ഷ ഒന്നിച്ച് മൂന്ന് മാസം അനുഭവിച്ചാല്‍ മതിയാകുന്നതാണ്. ചെറിയാന് കുര്യാക്കോസ് ഇപ്പോള്‍ കൊട്ടാരക്കര ഫാമിലി കോടതിയിലെ ജില്ലാ ജഡ്ജിയാണ്. പ്രോസിക്യൂഷനുവേണ്ടി ഗവ. പ്ലീഡര്‍ കെ.എസ്. സ്റ്റാന്‍ലി ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: