കേരളം ഇന്ന് ആഗോള ടൂറിസം ഡെസ്റ്റിനേഷന്‍ ആണ്. കേരള ടൂറിസം പ്രതിവര്‍ഷം വളര്‍ച്ച മാത്രം രേഖപ്പെടുത്തുന്നു. 2011 ലെ വിദേശസഞ്ചാരികളുടെ എണ്ണം 7,32,985 ആയിരുന്നു. 2010 ലെക്കാള്‍ 11.8 ശതമാനം വളര്‍ച്ച. അന്തര്‍ സംസ്ഥാന വിനോദ സഞ്ചാരികള്‍ 93,81,455 ആയിരുന്നു. 9.15 ശതമാനം വളര്‍ച്ച.
ടൂറിസത്തില്‍ കൂടി കേരളത്തിന് ലഭിക്കുന്നത് 4221.99 കോടിയുടെ വിദേശനാണ്യമാണ്. മൊത്തം ടൂറിസം വരുമാനം 19037 കോടി രൂപയാണ്. ലോകത്തിലെ 10 പറുദീസകളില്‍ ഒന്നായിട്ടാണ് കേരളത്തെ വിശേഷിപ്പിക്കുന്നത്. നാഷണല്‍ ജോഗ്രഫിക് ചാനല്‍ പറയുന്നത് സന്ദര്‍ശനം ഒഴിച്ചുകൂടാനാകാത്ത 50 ഡെസ്റ്റിനേഷനുകളില്‍ ഒന്നാണെന്നാണ്. ഇതിനെല്ലാം ആധാരം കേരളത്തിന്റെ ഹരിതാഭയും തെങ്ങുകള്‍ തിങ്ങിനില്ക്കുന്ന ബീച്ചുകളും സംശുദ്ധമായ തടാകങ്ങളും മറ്റുമായിരുന്നു. ഇതൊക്കെ ഇന്ന് ചരിത്രമായി. അവശേഷിക്കുന്ന നിബിഡവനങ്ങള്‍ കൂടി ഭൂമാഫിയയ്ക്കും സമര്‍പ്പിക്കാന്‍ കച്ചകെട്ടി നില്ക്കുന്ന സര്‍ക്കാരാണിതെന്ന് തെളിയിച്ചാണ് വാഗമണ്ണിലും തേക്കടിയിലും മൂന്നാറിലും എല്ലാമുള്ള ഭൂമി കയ്യേറ്റങ്ങള്‍. എമെര്‍ജിംഗ് കേരളയും വിഭാവനം ചെയ്തത് വനാന്തരങ്ങളിലെ കോണ്‍ക്രീറ്റ് സൗധങ്ങള്‍ തന്നെയാണല്ലൊ. റിസോര്‍ട്ട് മാഫിയ നശിപ്പിക്കുന്നത് കേരള ടൂറിസത്തിന്റെ അടിസ്ഥാനശിലകളെയാണ്. നെല്ലിയാമ്പതി പാലക്കാട് ടൂറിസത്തിന്റെ ഒരു പ്രധാന ഡെസ്റ്റിനേഷന്‍ ആണ്. ഇത് വനമല്ല, പാട്ടഭൂമിയാണെന്നാണ് കേരള കോണ്‍ഗ്രസും ചീഫ് വിപ്പും വാദിക്കുന്നത്. വനം ഭൂമി പാട്ടത്തിനെടുത്ത്, പണയം വച്ച് വായ്പ എടുക്കുക, വില്‍ക്കുക, പാട്ടം അടയ്ക്കാതിരിക്കുക ഇതെല്ലാം ചെയ്താലും ഈ വനഭൂമി ഇവര്‍ക്ക് സ്വന്തം.
ഇപ്പോള്‍ കടുവാ സങ്കേതങ്ങളിലെ ക്ഷേത്രങ്ങള്‍ക്കും തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും കേന്ദ്രം സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ്. കേരളത്തിലെ അന്തര്‍സംസ്ഥാന സഞ്ചാരികളില്‍ നല്ലൊരു വിഭാഗം തീര്‍ത്ഥാടന ടൂറിസ്റ്റുകളാണ്. ഈ നിര്‍ദ്ദേശം സ്വീകരിക്കപ്പെട്ടാല്‍ കടുവാ സങ്കേതമായ ശബരിമല ക്ഷേത്രത്തിലേയ്ക്കുള്ള ഭക്തന്മാരുടെ ഒഴുക്കിന് നിയന്ത്രണം വരും. ശബരിമല ക്ഷേത്രം നൂറ്റാണ്ടുകളുടെ പഴക്കമുള്ള ക്ഷേത്രമാണ്.
തേക്കടി കടുവാ സങ്കേതമായി പ്രഖ്യാപിക്കുന്നതിന് മുമ്പ് നിലനിന്നിരുന്ന തീര്‍ത്ഥാടന കേന്ദ്രം. ഇവിടുത്തെ തീര്‍ത്ഥാടകരുടെ എണ്ണം നിയന്ത്രിക്കാനും വരുമാനത്തിന്റെ പത്ത് ശതമാനം ഗ്രാമസഭകള്‍വഴി നാട്ടുകാര്‍ക്ക് നല്കാന് നിര്‍ദ്ദേശമുണ്ട്. 20 ശതമാനം പ്രദേശത്ത് മാത്രമേ തീര്‍ത്ഥാടനം അനുവദിക്കാവൂ. കടുവാ സങ്കേതങ്ങളുടെ ഉള്ളിലുള്ള തീര്‍ത്ഥാടന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം വന-വന്യമൃഗ-പരിസ്ഥിതി സംരക്ഷണ നിയമങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണമെന്നും താല്‍ക്കാലിക താമസസ്ഥലവും ക്യാമ്പും മറ്റും നിശ്ചിത സമയത്തേക്കായിരിക്കണം എന്നും നിര്‍ദ്ദേശമുണ്ട്. ശബ്ദമലിനീകരണം, അലങ്കാര വെളിച്ചം ഇവ നിരോധിക്കണം. ഇത് ശബരിമല തീര്‍ത്ഥാടനത്തെ എങ്ങനെ ബാധിയ്ക്കും എന്ന ആശങ്ക ഉയരുന്നു. പക്ഷെ ഈശ്വരപൂജയ്ക്കുള്ള സ്വാതന്ത്ര്യം ഹനിക്കാതെയാകണം കടുവാസങ്കേത പരിപാലനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: