കൊച്ചി: സമുദ്രോല്‍പ്പന്ന സുരക്ഷിതത്വത്തിലും വിപണനത്തിലും മാത്രമായി രാജ്യത്ത് ആദ്യമായി ആരംഭിക്കുന്ന ഫിഷറീസ് പിജി കോഴ്സ് കൊച്ചി സര്‍വ്വകലാശാലയില്‍ വ്യാഴാഴ്ച ആരംഭിച്ചു. യുജിസി ഇന്നവേറ്റീവ് പദ്ധതിയില്‍പ്പെടുത്തി തുടങ്ങിയ ഈ എംഎഫ്‌എസി കോഴ്സില്‍ സീഫുഡ് വ്യവസായത്തിലെ എക്സിക്യൂട്ടീവ് പ്രൊഫഷണലുകളെ വാര്‍ത്തെടുക്കുന്നതിനും അന്തര്‍ദേശീയ മത്സ്യവിപണനത്തിലും ഗുണമേന്മയിലും പഠനഗവേഷണങ്ങള്‍ നടത്തുന്നതിനുമാണ് മുന്‍തൂക്കം നല്‍കുക.
കോഴ്സിന്റെ ഔപചാരിക ഉദ്ഘാടനം മറൈന്‍ സയന്‍സ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ചടങ്ങില്‍ ഹൈബി ഈഡന്‍ എംഎല്‍എ നിര്‍വഹിച്ചു. കൊച്ചി സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. രാമചന്ദ്രന്‍ തെക്കേടത്ത് അധ്യക്ഷത വഹിച്ചു. പോഷണത്തിലും ഗുണമേന്മയിലും കോട്ടം തട്ടാത്ത സമുദ്രോല്‍പ്പന്ന വിപണനമാണ് ഈ സാങ്കേതിക മേഖല നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു.
സര്‍വ്വകലാശാല രജിസ്ട്രാറും ഇന്‍ഡസ്ട്രിയല്‍ ഫിഷറീസ് മേധാവിയുമായ ഡോ. എ.രാമചന്ദ്രന്‍, എംപിഇഡിഎ ഉപാധ്യക്ഷന്‍ അന്‍വര്‍ ഹാഷിം, സിഐഎഫ്ടി ഡയറക്ടര്‍ ഡോ. ടി.കെ.ശ്രീനിവാസ് ഗോപാല്‍, മറൈന്‍ സയന്‍സസ് ഡീനും സിന്‍ഡിക്കേറ്റ് അംഗവുമായ ഡോ. കെ.സാജന്‍, പി.മോഹനസുന്ദരം, ഡോ. എസ്.ഗിരിജ, കെ.ജി.ലോറന്‍സ്, എഡ്‌വിന്‍ ജോസഫ്, കോഴ്സ് ഡെപ്യൂട്ടി കോ-ഓര്‍ഡിനേറ്റര്‍ ഡോ. സലീന മാത്യു എന്നിവര്‍ സംസാരിച്ചു. ക്ലാസ്‌റൂം പഠനത്തിനും പ്രായോഗിക പരിശീലനത്തിനും ഒരുപോലെ പ്രാധാന്യം നല്‍കുന്ന കോഴ്സില്‍ 20 സീറ്റുകളാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: