ന്യൂയോര്‍ക്ക്: കാശ്മീര്‍ പ്രശ്നം ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്ന് വീണ്ടും ഇന്ത്യ. കാശമീര് ഐക്യരാഷ്ട്രസഭയുടെ പരാജയമാണെന്ന പാക്ക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുടെ പ്രസ്താവനയോട് പ്രതിരകരിക്കുകയായിരുന്നു വിദേശകാര്യ സെക്രട്ടറി രഞ്ചന്‍ മത്തായി. കാശ്മീരിലെ ജനങ്ങള്‍ ജനാധിപത്യ രീതിയില്‍ സമാധാനപരമായി സ്വന്തം വിധി തെരഞ്ഞെടുത്തവരാണ്. അത് തുടരുകതന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാവര്ക്കും അറിയുന്നതുപോലെതന്നെ ജമ്മു കാശ്മീര്‍ എന്നത് ഇന്ത്യയുടെ പ്രധാനപ്പെട്ട ഭാഗമാണ്. അതുകൊണ്ട് തന്നെ കാശ്മീര്‍ വിഷയവും ഇന്ത്യക്ക് പ്രധാനപ്പെട്ടതാണ്. കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുടെ നിലപാട് എല്ലാവര്ക്കും അറിയാവുന്നതാണെന്നും ഇതേക്കുറിച്ച് ഇനിയൊരു വിശദീകരണം നല്‍കേണ്ട കാര്യമില്ലെന്നും മത്തായി പറഞ്ഞു. കാശ്മീര്‍ വിഷയത്തില്‍ യുഎന്‍ പ്രമേയം അനുസരിച്ചുള്ള പരിഹാരം വേണമെന്നാണ് സര്‍ദാരി കഴിഞ്ഞദിവസം ആവശ്യപ്പെട്ടത്. കൂടാതെ കാശ്മീര്‍ പ്രശ്നം പാക്കിസ്ഥാന്റെ വിദേശനയത്തിന്റെ ഭാഗമായിരിക്കുമെന്നും സര്‍ദാരി പറഞ്ഞിരുന്നു. കാശ്മീര്‍ പ്രശ്നം യുഎന്റെ പരാജയമാണെന്ന പ്രസ്താവനയെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ പിന്നീട് സര്‍ദാരിയോട് ചോദിച്ചെങ്കിലും അദ്ദേഹം പ്രതികരിക്കാന്‍ തയ്യാറായില്ല.
അതേസമയം, ഭീരവാദത്തിനെതിരെ വിട്ടുവീഴ്ച്ച പാടില്ലെന്ന് ഇന്ത്യ യുഎന്‍ അംഗങ്ങളോട് ആവശ്യപ്പെട്ടു. ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ നടന്ന അന്താരാഷ്ട്ര ഭീകരവാദത്തെക്കുറിച്ചുള്ള ചര്‍ച്ചയിലാണ് ഇന്ത്യ ഇക്കാര്യം ആവശ്യപ്പെട്ടത്. ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്കെതിരെ പോരാടുകയാണ് ഇന്ത്യയുടെ പ്രധാനലക്ഷ്യം.
നവംബറില്‍ നടക്കുന്ന യുഎന്‍ രക്ഷാ സമിതിയുടെ യോഗത്തല്‍ ഇതേക്കുറിച്ച് ചര്‍ച്ചചെയ്യുന്നതിന് പ്രത്യേകം യോഗം വിളിച്ച് ചേര്‍ക്കണമെന്നും വിദേശകാര്യ സെക്രട്ടറി രഞ്ചന്‍ മത്തായി അഭിപ്രായപ്പെട്ടു. ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ചചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഭീകരവാദത്തിനെതിരെ യുഎന്‍ അംഗങ്ങള്‍ ഒരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറാകരുതെന്നും മത്തായി ആവശ്യപ്പെട്ടു. ഭീകരവാദത്തെ ചെറുക്കുന്നതിന് എത്രയും പെട്ടെന്ന് കര്‍ശന നടപടികള്‍ യുഎന്‍ കൈക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.
വിദേശകാര്യ മന്ത്രി എസ്.എം കൃഷ്ണ ഇന്നലെ ന്യൂയോര്‍ക്കിലെത്തി. ഒക്ടോബര്‍ ഒന്നിന് അദ്ദേഹം പൊതുസഭയെ അഭിസംബോധന ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. സാര്‍ക്ക് ഉച്ചകോടിയുള്‍പ്പെടെ നിരവധി ഉന്നതതല യോഗങ്ങളില്‍ അദ്ദേഹം പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: