മുംബൈ: കിങ്ങ്ഫിഷര്‍ എയര്‍ലൈന്‍സ് സേവന നികുതി ഇനത്തില്‍ 60 കോടിയിലധികം രൂപ അടയ്ക്കാനുണ്ടെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കി. വ്യോമയാന മേഖലയില്‍ വിദേശ നിക്ഷേപത്തിന് അനുമതി നല്‍കിയതാണ് കടക്കെണിയിലായ കിങ്ങ്ഫിഷറിന് അല്പമെങ്കിലും പ്രതീക്ഷ നല്‍കുന്നത്. അതേസമയം കിങ്ങ്ഫിഷറിന്റെ ഒട്ടുമിക്ക ബാങ്ക് അക്കൗണ്ടുകളും ആദായ നികുതി വകുപ്പ് മരവിപ്പിച്ചിരിക്കുകയാണ്. മുംബൈയിലെ സര്‍വീസ് ടാക്സ് കമ്മീഷണര്‍ സുശീല്‍ സോലങ്കിയാണ് ഇക്കാര്യം പറഞ്ഞത്.
നിരവധി സര്‍വീസുകള്‍ റദ്ദാക്കിയ കിങ്ങ്ഫിഷര്‍ എയര്‍ലൈന്‍സ് ഇപ്പോള്‍ നാമമാത്രമായ സര്‍വീസുകളാണ് നടത്തുന്നത്. ഈ സാഹചര്യത്തില്‍ ബാധ്യത തീര്‍ക്കല്‍ എയര്‍ലൈന്‍സിന് ബുദ്ധിമുട്ടാകും. വിദേശ നിക്ഷേപം നേടുന്നതിന് കിങ്ങ്ഫിഷര്‍ വിദേശ വിമാന കമ്പനികളുമായി ചര്‍ച്ചനടത്തിയതായും അധികൃതര്‍ പറയുന്നു.
ആദായ നികുതി അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ നവംബര്‍ മുതല്‍ കിങ്ങ്ഫിഷറിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിരിക്കുകയാണ്. മദ്യരാജാവ് വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ളതാണ് കിങ്ങ്ഫിഷര്‍ എയര്‍ലൈന്‍സ്.
കിങ്ങ്ഫിഷറിന് ഒറ്റത്തവണയായി 60 കോടി രൂപ അടച്ച്തീര്ക്കാന് സാധിക്കില്ലെന്നും വിദേശ നിക്ഷേപം മാത്രമാണ് കമ്പനിക്ക് മുന്നിലുള്ള ഒരേയൊരു വഴിയെന്നും സൊലാങ്കി അഭിപ്രായപ്പെട്ടു. വിദേശ വിമാന കമ്പനികളുമായി നിക്ഷേപം സംബന്ധിച്ച കാര്യത്തില്‍ ചര്‍ച്ച നടത്തിയതായി മല്യ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: