ആമുഖം ആവശ്യമില്ലാത്ത അസാധാരണ പ്രതിഭയാണ് തൃപ്പേക്കുളം അച്യുതമാരാര്‍. മേളാസ്വാദകരുടെ മനസ്സില്‍ എന്നേ ചിരപ്രതിഷ്ഠ നേടിക്കഴിഞ്ഞിരിക്കുന്നു. ചെണ്ടയിലും തിമിലയിലും തകിലിലും ഇടയ്ക്കയിലും തന്റെ മാന്ത്രിക വിരലുകളാല്‍ സംഗീതം പുറപ്പെടുവിച്ച ഈ മഹാപ്രതിഭക്ക് ‘വാദ്യകുലപതി’ യെന്ന ബഹുമതി കേരളത്തിലെ കലാസ്വാദകര്‍ നവതിയുടെ നിറവില്‍ സമ്മാനിക്കുകയുണ്ടായി.
സമുദ്രത്തില്‍ നീന്തിക്കളിക്കുന്ന മത്സ്യങ്ങള്‍ വെള്ളത്തിനടിയിലെ പവിഴപ്പുറ്റ് കാണുന്നുണ്ട്. അതിനുചുറ്റും നീന്തികളിക്കുന്നുമുണ്ട്. തങ്ങളെപ്പോലെ മറ്റൊരു ജലജീവിയെന്നേ അവര്‍ കരുതുന്നുള്ളൂ. വിലമതിക്കാനാകാത്ത മുത്തുകളുടെ അനര്‍ഘ സംഘാതമാണ് ഈ പവിഴപ്പുറ്റുകള്‍ എന്നവര്‍ അറിയുന്നില്ല. അതുപോലെ നമ്മളോടൊത്തു ജീവിക്കുന്ന മഹാവ്യക്തിത്വങ്ങളുടെ സൂക്ഷ്മസ്വത്വം നാം പൂര്‍ണമായി മനസ്സിലാക്കാതെ പോകുന്നു. അരനൂറ്റാണ്ടിലേറെക്കാലമായി വാദ്യവും തോളിലേന്തി ഒരു അവധൂതനെപ്പോലെ സഞ്ചരിച്ച അച്യുതമാരാരെ പൂര്‍ണമായി മനസ്സിലാക്കാന്‍ നാം ആത്മാര്‍ത്ഥമായി ശ്രമിച്ചിട്ടുണ്ട് എന്നുപറയാന്‍ കഴിയുമോ?. 1921 സപ്തംബറില്‍ പൂരം നക്ഷത്രത്തിലാണ് അദ്ദേഹം ജനിച്ചത്. തൃപ്പേക്കുളം മാരാത്ത് പാപ്പി മാരസ്യാരാണ് അമ്മ. അച്ഛന് സീതാരാമന് എമ്പ്രാതിരി. മേളവിശാരദന്മാരായ അമ്മാവന്മാര്-തൃപ്പേക്കുളം ഗോവിന്ദമാരാരുടേയും കൃഷ്ണമാരാരുടെയും കീഴില്‍ കുലത്തൊഴില്‍ പഠിച്ചു. പാരമ്പര്യമായി ഊരകത്തമ്മ തിരുവടിയുടെ അടിയന്തരം തൃപ്പേക്കുളം മാരാത്തേക്കാണ്. 4-ാം ക്ലാസുവരെ മാത്രമേ സ്കൂള്‍ വിദ്യാഭ്യാസമുണ്ടായുള്ളൂ. ശാസ്ത്രീയമായി, ഗുരുവിന്റെ കീഴില്‍ പഠിച്ചത്.
തകിലാണ്. നെല്ലിക്കല്‍ നാരായണപ്പണിക്കരായിരുന്നു ഗുരുനാഥന്. 14-ാം വയസ്സില്‍ അരങ്ങേറ്റം നടന്നു. ധാരാളം നാദസ്വരക്കച്ചേരികള്ക്ക് തകില് വായിച്ചിട്ടുണ്ട്.
അച്യുതമാരാരുടെ ചെണ്ടമേളത്തെ നാല് വാക്കുകളില്‍ ഒതുക്കാമെന്നു തോന്നുന്നു: സ്വച്ഛം, ശുദ്ധം, സൗമ്യം, മധുരം. സ്വച്ഛമെന്നാല് അനായാസമാണ് ആ വാദനം. പഠിച്ച വായ്ത്താരികള്‍ കൊട്ടി ശബ്ദമുണ്ടാക്കുകയല്ല, എണ്ണങ്ങള്‍ ആ കൈകളിലൂടെ ചെണ്ടയില്‍ പിറന്നുവീഴുകയായിരുന്നു. സ്വച്ഛമായ കാലഗതി: വട്ട ശ്രീകോവിലിന്റെ ശില്‍പ്പമാതൃകയില്‍ അച്യുതന്മാരാരുടെ പഞ്ചാരി പടര്‍ന്നു വികസിക്കുമ്പോഴുണ്ടാകുന്ന ആനന്ദാനുഭൂതിയാണ് മനസുനിറയെ തൃശൂര്‍പൂരത്തിന്റെ പാണ്ടിയാണ് അച്യുതമാരാരെ പ്രസിദ്ധനാക്കിയത്. പക്ഷേ ഇരിങ്ങാലക്കുടയും തൃപ്പൂണിത്തുറയും അദ്ദേഹം കൊട്ടിനിറച്ച പഞ്ചാരിമേളത്തിന്റെ നാദവീചികളായിരിക്കും മേളാസ്വാദകരില് പലരുടെയും മനസ്സില്‍. ശുദ്ധമായ എണ്ണങ്ങള്‍: ഒരു വാദ്യകലാകാരന്റെ വലിയനേട്ടമാണത്. കുട്ടിക്കാലത്തെ തകില് വായന പഠിച്ചതുകൊണ്ടും പിന്നീട് ഭരതനാട്യത്തിന് തകില് വായിച്ചിരുന്നതുകൊണ്ടും കൂടിയാകാം അദ്ദേഹത്തിന്റെ മേളത്തിന്റെ മുഖ്യ ആകര്‍ഷണം സംഗീതാത്മകത തന്നെയാണ്. ശുദ്ധിയും, ശ്രുതിസുഖവും ആ മേളത്തില്‍ അനുഭവപ്പെട്ടിരുന്നു. കൊമ്പത്തു കൂട്ടപ്പണിക്കരുടെ കുഴല്പ്പാട്ടിന് തൃപ്പേക്കുളം ചെണ്ടയില്‍ താളം പിടിക്കുമ്പോള്‍ ഒരു സംഗീതക്കച്ചേരി കേള്‍ക്കുന്ന സുഖം അനുഭവപ്പെട്ടിരുന്നു. സൗമ്യം: ഏതു കലാകാരന്റെയും വ്യക്തിത്വത്തിന്റെ പ്രതിഫലനം അദ്ദേഹത്തിന്റെ കലയിലും കാണും. സൗമ്യനായ അച്യുതമാരാരുടെ മേളവും സൗമ്യമായിരുന്നു. അറബിക്കടലിന്റെ അലര്‍ച്ചയല്ല, ഒരു പുഴയുടെ ഒഴുക്കാണ് ആ മേളത്തിന് പ്രത്യേകിച്ച് പഞ്ചാരിമേളത്തിന്. പാണ്ടിക്ക് രൗദ്രഭാവം കൂടും. ഇവിടെയും രൗദ്രമെന്നല്ല, വീരമെന്നേ അച്യൂതമാരാരുടെ പാണ്ടിയുടെ ഭാവത്തെ വിശേഷിപ്പിക്കാന്‍ ഒക്കൂ. മധുരം: മൊത്തത്തില്‍ മധുരമായൊരനുഭൂതി. സമയം പോകുന്നതറിയാതെ, ആ മേളത്തില്‍ ലയിച്ചുനിന്നുപോകുന്ന അവസ്ഥ, അതാണ് ആ മേളത്തിന്റെ പ്രത്യേകത.
ഇരിങ്ങാലക്കുട, തൃപ്പൂണ്ണിത്തുറ, എറണാകുളം, ഗുരുവായൂര്‍, തിരുനക്കര, തുറവൂര്‍, കോഴിക്കോട്, തളി തുടങ്ങിയ മഹാക്ഷേത്രങ്ങളിലെ ഉത്സവങ്ങള്‍ തൃശൂര്‍ പൂരം, കൊടുങ്ങല്ലൂര്‍ താലപ്പൊലി, തൃപ്രയാര്‍ ഏകാദശി, നെന്മാറ-വലങ്ങി വേല, ഉത്രാളിക്കാവു പൂരം തുടങ്ങിയ മറ്റു പ്രധാന ആഘോഷങ്ങള്‍. ഇങ്ങനെ അച്യുതമാരാര്‍ മേളപ്രമാണം വഹിച്ച പ്രധാന മേളങ്ങള്‍ ഇനിയുമെത്രയോ…..
സ്വാഭാവികമാകും ഒട്ടേറെ പുരസ്കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. കേരളസര്‍ക്കാരിന്റെ പല്ലാവൂര്‍ പുരസ്കാരം, തിരുവമ്പാടി-പാറമേക്കാവു ദേവസ്വങ്ങള്‍ സംയുക്തമായി നല്കിയ വീരശൃംഖല, മാരാര്‍ സഭ നല്കിയ കലാചാര്യ, കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്, പതിനഞ്ചോളം സുവര്‍ണ മുദ്രകള്‍, മേളാചാര്യ, വലയാധീശ്വര പ്രസാദം, വാദ്യകലാരത്നം, ക്ഷേത്രകലാചക്രവര്‍ത്തി എന്നിവ അവയില്‍ ചിലത് മാത്രം. അച്യുതമാരാര്‍ എന്ന വ്യക്തി സാധാരണക്കാരനും വിനയശാലിയും സൗമ്യനും ഭക്തനും അക്ഷോഭ്യനുമാണ്. സംഘാടകരുടെ ചങ്കിടിപ്പു കൂട്ടുന്നതുവരെയെത്തുന്നു ആ അക്ഷോഭ്യത. എന്തുകൊണ്ട് അച്യുതമാരാരെ നാം ആദരിക്കണം? തൊണ്ണൂറു വയസ്സുവരെ ജീവിച്ചു എന്നകാരണംകൊണ്ട് ഒരാളെ ആദരിക്കാന്‍ ആരും തയ്യാറാകില്ല. 14വയസ്സില്‍ തുടങ്ങിയ കലാസപര്യ 75വര്‍ഷം അദ്ദേഹം തുടര്‍ന്നു. 2011ലും ഇരിങ്ങാലക്കുട ഉത്സവത്തില്‍ മേളത്തിനുകൂടി. സുഖകരമായിരുന്നില്ല നീണ്ട ഈ യാത്ര. ക്ഷേത്രകലകളും ക്ഷേത്രമേളങ്ങളും ഒരു പഴയ സാമൂഹ്യ വ്യവസ്ഥയുടെ ഭാഗമായിരുന്നു. നാട്ടിലുണ്ടായ സാമൂഹ്യ രാഷ്ട്രീയ ചലനങ്ങള്‍ ക്ഷേത്രകലകളേയും വാദ്യങ്ങളേയും ബാധിച്ചു.
സ്വാതന്ത്ര്യ സമ്പാദനത്തിനുശേഷം കുറച്ചുകാലം കലകള്‍ക്കെല്ലാം ഒരു പുത്തന്‍ ഉണര്‍വുണ്ടായി. അതിപ്രശസ്തരായ മേളപ്രമാണക്കാര് അന്നുണ്ടായിരുന്നു. പെരുവനം നാരായണമാരാര്‍, പരിയാരത്തു കുഞ്ഞന്‍ മാരാര്‍, കുറുപ്പത്തു നാണുമാരാര്‍ തുടങ്ങിയവര്‍. ഇവരിലൊരാളാണു മേളപ്രമാണം എന്നതുമാത്രം മതിയായിരുന്നു മേളമിരമ്പാന്. ഈ മൂന്നുപേരുടെയും തിരോധാനം വലിയൊരു വിടവുണ്ടാക്കി. ഇവരുടെ ഇടവും വലവും നിന്നു കൊട്ടിയവരേ പിന്നീട് മേളം നയിക്കാനുണ്ടായിരുന്നുള്ളൂ. സ്വാഭാവികമായും അവര്‍ അത്രതന്നെ പ്രശസ്തരല്ലായിരുന്നു. പിന്നീടുള്ള ഏകവഴി ഒന്നിലധികം പേര് ചേര്‍ന്നുള്ള സംയുക്ത നേതൃത്വം എന്നതായിരുന്നു. പെരുവനം അപ്പുമാരാര്‍, കുമരപുരം അപ്പുമാരാര്‍, ചക്കംകുളം അപ്പുമാരാര്‍ എന്നീ അപ്പുത്രയവും, തൃപ്പേക്കുളം അച്യുതമാരാരും ഇവരില്‍ രണ്ടോ അതിലധികമോ പേര് ചേര്‍ന്നതായി പിന്നീടു പ്രധാന മേളങ്ങള്‍, പരസ്പര സ്നേഹത്തോടും സഹകരണത്തോടും കൂടി ഇവര്‍ പ്രവര്‍ത്തിച്ചു, മികച്ച മേളങ്ങള്‍ സൃഷ്ടിച്ചു.
ഭൂനയ ബില്ലു പാസ്സായതോടെ ക്ഷേത്രങ്ങളുടെ വരവു കുറഞ്ഞു. ഉത്സവങ്ങള്‍ ശോഷിച്ചു. പിന്നീട് ഉത്സവനടത്തിപ്പ് ജനകീയ കമ്മറ്റികള്‍ക്കായി. മേളത്തിനു പ്രധാന്യം കുറഞ്ഞു. കൂടുതല്‍ ജനകീയമായ പഞ്ചവാദ്യത്തിനായി പ്രധാന്യം. ചെറിയ ക്ഷേത്രങ്ങളിലെല്ലാം മേളം എഴുന്നള്ളിപ്പു ചടങ്ങുമാത്രമായി. ബാലേകളും, കഥാപ്രസംഗങ്ങളും, നാടകങ്ങളും ഉത്സവപ്പറമ്പുകള്‍ പിടിച്ചടക്കി. വാദ്യകലകൊണ്ടു ജീവിക്കാന്‍ കഴിയില്ല എന്ന നിലയായി. ഈ കാലത്താണ് മട്ടന്നൂര്ക്കാരന് മാരാരുകുട്ടി സ്വല്പംകൂടി സാദ്ധ്യതയുള്ള കഥകളിച്ചെണ്ട പഠിക്കാന്‍ തീരുമാനിച്ചതും, ഈ പഠനത്തോടൊപ്പം സ്കൂള്‍ വിദ്യാഭ്യാസം നടത്താന്‍ കഴിയുന്ന തരത്തില്‍ സദനത്തില്‍ ചേര്‍ന്നതും, വാദ്യകല പൈതൃകമായി ലഭിച്ച പെരുവനത്തുകാരന്‍ ശങ്കരനാരായണന് എന്ന മാരാരുകുട്ടിയും സ്കൂള്‍ പഠിത്തം തന്നെ അഭികാമ്യം എന്നുറപ്പിച്ചു. രണ്ടുപേരും സ്കൂള്‍ജോലിയും സ്വീകരിച്ചു. കാലംമാറി വാദ്യകലയ്ക്കു കൂടുതല്‍ അംഗീകാരം കിട്ടി. ഈ രണ്ടുപേരും രാഷ്ട്രത്തിന്റെ പരമോന്നത ബഹുമതിയായ പത്മപുരസ്കാരത്തിനു വരെ അര്‍ഹരായി (പത്മശ്രീ ലഭിച്ച മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയും പെരുവനം കുട്ടന് മാരാരും) കാലദോഷങ്ങള്ക്കിടയിലും വാദ്യകല ഒരു തപസ്യയായി, ഉപാസനയായി, ജീവിതലക്ഷ്യമായി കണ്ട് പ്രതിഫലമായി കിട്ടുന്ന നോട്ടുകളുടെ ഭാരക്കുറവു ശ്രദ്ധിക്കാതെ, തങ്ങളുടെ തല സംശുദ്ധമായി പരീക്ഷിച്ച ശ്രദ്ധേയരായ ഏതാനും വാദ്യകലാചാര്യന്മാരുടെ ശൃംഖലയിലെ അവസാന കണ്ണിയാണ് ഇന്നു നാം ആദരിക്കുന്ന ശ്രീ തൃപ്പേക്കുളം അച്യുതമാരാര്‍. ഇതുതന്നെയാണ് അദ്ദേഹം വാദ്യകലയ്ക്കു നല്കിയ വിലമതിക്കാനാകാത്ത സംഭാവനയും കലാസ്വാദരകരുടെ അളവറ്റ ആദരത്തിനാധാരവും.
വടക്കൂട്ടുമാരാത്ത് പത്മാക്ഷി മാരസ്യാരായിരുന്നു പത്നി. വിവാഹത്തോടെയാണ് അദ്ദേഹം ഇരിങ്ങാലക്കുടക്കാരനാകുന്നത്. പത്നി ഇന്നു ജീവിച്ചിരിപ്പില്ല. 4 പെണ്മക്കളും ഒരു മകനും ഒരു മകള്‍ അകാലത്തില്‍ അന്തരിച്ചു. ശുദ്ധമായ, സംഗീതാത്മകമായ അല്കികാനുഭൂതികള് മനസ്സില്‍ വിരിയിക്കുന്ന മേളം – അസുരവാദ്യത്തെ അഭിജാതമാക്കുന്ന ക്ലാസ്സിക്കല്‍ സ്പര്‍ശം- അസാധാരണ പ്രകടന കൗശലം പാരമ്പര്യത്തിന്റെ ചിട്ടകള്‍ക്കും ശിക്ഷണത്തിന്റെ ശാസ്ത്രീയതകള്ക്കും ഒപ്പം പുതിയൊരു സൗന്ദര്യദര്‍ശനത്തിന്റെ മധുരം കൂടി കലര്‍ത്തി 75 വര്‍ഷമായി മേളാസ്വാദകരെ സന്തോഷിപ്പിക്കുകയും വിസ്മയിപ്പിക്കുകയും ചെയ്ത തൃപ്പേക്കുളത്തിന്റെ മേളകലാ ചാരുതയുടെ മുമ്പില്‍, കലാകേരളം അത്യാദരപൂര്‍വം ശിരസു നമിക്കുന്നു.
സി.മോഹന്‍ ദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: