ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപാധിയും ശിക്ഷിക്കപ്പെട്ടുകൂടാ എന്നുള്ളതാണ് ഇന്ത്യന്‍ ക്രിമിനല്‍ നീതിയുടെ അടിസ്ഥാന പ്രമാണം. കാലത്തിന്റെ ഗതിപ്രവാഹത്തില്‍ നീതിയുടെ അടിക്കല്ലുകള്‍ ആടിത്തെറിച്ച് അപകടസ്ഥതിയിലേക്കിവിടെ പോകുന്നുവോയെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. ഇന്ത്യയില്‍ നടക്കുന്ന അറസ്റ്റുകളില്‍ 60 ശതമാനത്തോളം അനധികൃതമോ അനാവശ്യമോ നിയമവിരുദ്ധമോ ആണെന്നുള്ള ദേശീയ പോലീസ് കമ്മീഷന്റെ കണ്ടെത്തല്‍ സുപ്രീം കോടതി തന്നെ 1994 ല്‍ അംഗീകരിച്ചിട്ടുള്ളതാണ്. അറസ്റ്റധികാരം പോലീസിന്റെ അഴിമതിക്കുള്ള ഏറ്റവും വലിയ സ്രോതസ്സാണെന്നും കമ്മീഷന് റിപ്പോര്‍ട്ടിലും കോടതിവിധിയിലും കാണാവുന്നതാണ്. കുറ്റാന്വേഷണത്തില്‍ കൃത്രിമം കാട്ടുക പോലീസിന്റെ സഹജസ്വഭാവമായി ഗാന്ധിജിയുടെ നാട്ടില്‍ മാറിക്കഴിഞ്ഞിരിക്കുന്നു. ഇപ്പോള്‍ ഇക്കാര്യത്തില്‍ കേരളം മുന്നിലാണുള്ളത്.
ഇന്ത്യയില്‍ 60 ശതമാനം അറസ്റ്റുകളും കൃത്രിമമോ അനാവശ്യമോ ആണെങ്കില്‍ പിന്നെങ്ങനെ നമുക്കൊരു മനുഷ്യാവകാശ സംരക്ഷണ സമൂഹമെന്നവകാശപ്പെടാന് സാധിക്കും. പോലീസ്-രാഷ്ട്രീയ-മാഫിയ കൂട്ടുകെട്ടുകള്‍ ക്രിമിനല്‍ നീതിയെ ഇവിടെ ഹൈജാക്ക് ചെയ്യുകയാണ്. കോടതി മുമ്പാകെ പോലീസ് എത്തിക്കുന്ന തെളിവുകള്‍ അതേപടി അംഗീകരിക്കപ്പെട്ടാല്‍ നിരപരാധികള്‍ ക്രൂശിക്കപ്പെടുമെന്ന സത്യത്തിലേക്കാണ് വര്‍ത്തമാന സാഹചര്യങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ നീതിയുടെ പെന്‍ഡുലം നേരെ നില്ക്കുന്നു എന്നുറപ്പുവരുത്താന്‍ സര്‍ക്കാരും കോടതികളും പൊതുസമൂഹവും കൂടുതല്‍ ജാഗ്രത കാട്ടേണ്ടതുണ്ട്. പക്ഷേ ജനങ്ങളുടെ മൗനം പലപ്പോഴും കുറ്റകരമാവുകയാണ്.
തലശ്ശേരി അതിവേഗ സെഷന്‍സ് കോടതി ജഡ്ജി ഇ. ബൈജു ശ്രദ്ധേയമായ ഒരു കൊലക്കേസ്സില്‍ സപ്തംബര്‍ 17ന് നല്കിയ വിധി സവിശേഷതകള്‍ ഉള്‍കൊള്ളുന്നതാണ്. ദാസന് എന്ന സി.പി.എം. പ്രവര്ത്തകന് കൊല്ലപ്പെട്ട കേസില്‍ ബോധപൂര്‍വ്വം നിരപരാധികളായ സ്വയംസേവകരേ കുടുക്കാന്‍ സി.പി.എം. എന്ന ഭരണകക്ഷിയും, പോലീസും കോടതി ജീവനക്കാരും ഒരുങ്ങി പുറപ്പെട്ട പ്രവര്‍ത്തിച്ചതിന്റെ അപകടകഥയാണ് കോടതി ഇപ്പോള്‍ അനാവരണം ചെയ്തിട്ടുള്ളത്. തലശ്ശേരി പ്രദേശത്ത് സി.പി.എം. – സംഘപരിവാര്‍ ഏറ്റുമുട്ടലില്‍ ജീവന് നഷ്ടപ്പെട്ടവര്‍ ഒട്ടേറെയുണ്ട്. രാഷ്ട്രീയ വൈര്യത്തിന്റെ ബലിക്കല്ലില്‍ ആര്‍ക്കും ആരേയും എങ്ങനെ വേണമെങ്കിലും ഇല്ലാതാക്കാനോ കേസ്സില്‍ കുടുക്കി വേട്ടയാടാനോ ഇവിടെ കഴിയും. കേരളത്തില്‍ പോലീസുദ്യോഗസ്ഥന്മാര് നിഷ്പക്ഷ കുറ്റാന്വേഷണത്തെ കുത്തിമലര്‍ത്തി സി.പി.എമ്മിന് മുന്നില്‍ അടിയറ വെച്ച സംഭവങ്ങള്‍ നിരവധിയുണ്ട്. ആഭ്യന്തരവകുപ്പ് കൈയ്യാളുന്ന കക്ഷിക്കുവേണ്ടി വിടുപണിചെയ്ത് നേട്ടങ്ങള്‍ കൊയ്ത പലരും പോലീസ് വകുപ്പില്‍ അനര്‍ഹമായി ഉന്നതന്മാരായിട്ടുണ്ട്. ഇത്തരം അട്ടിമറി കേസ്സുകളില്‍ നടപടിയെടുക്കണമെന്ന് കോടതികള്‍ ശുപാര്‍ശചെയ്തിട്ടും ചെറുവിരലനക്കാന്‍പോലും യൂ.ഡി.എഫ് – എല്‍.ഡി.എഫ്. ഭരണകൂടങ്ങള്‍ ഒരവസരത്തിലും തയ്യാറായിട്ടില്ല. കേരളത്തിലെ ക്രിമിനല്‍ നീതിരംഗം നേരിടുന്ന ഗുരുതരമായ വെല്ലുവിളികളിലൊന്നാണിത്.
തലശ്ശേരി അതിവേഗത കോടതിയുടെ ദാസന് കേസ്സിലെ കണ്ടെത്തലുകള്‍ കേരളീയ സമൂഹത്തെ ഒന്നടങ്കം ഇരുത്തി ചിന്തിപ്പിക്കേണ്ട ഗൗരവമേറിയ വിഷയമാണ്. ഒരു ക്രിമിനല്‍ കേസ്സിന്റെ കുറ്റാന്വേഷണത്തില്‍ ആദ്യമായി രജിസ്റ്റര്‍ ചെയ്യപ്പെടുന്ന എഫ്.ഐ.ആറും, പെട്ടെന്ന് തയ്യാറാക്കുന്ന ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടും കേസ്സിലെ ഏറ്റവും സുപ്രധാനമായ രേഖകളാണ്. അത്തരം രേഖകള്‍ പടുത്തുയര്‍ത്തുന്ന കേസ്സാകുന്ന എടുപ്പിന്റെ അസ്ഥിവാര ശിലകളായിട്ടാണ് പരിഗണിക്കപ്പെടുന്നത്. ഈ അടിത്തറ തകര്‍ന്നാല്‍ കേസ്സുതന്നെ നിലംപതിക്കുകയായിരിക്കും ഫലം. ക്രിമില്‍ കേസ്സിലെ എഫ്.ഐ,ആറും , ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടും, പിന്നീട് പ്രോസിക്യൂഷന്റെ സൗകര്യാര്‍ത്ഥം മാറ്റുകയോ രൂപഭേദം വരുത്തുകയോ ചെയ്യാന്‍ പാടില്ലാത്തതാണ്. ഇക്കാര്യത്തില്‍ നിയമം ജാഗ്രതയും മുന്‍കരുതലും വ്യവസ്ഥചെയ്തിട്ടുമുണ്ട്. ഈ മുന്‍കരുതലാണ് കര്‍ശനമായും രേഖ പെട്ടെന്ന് കോടതിയിലെത്തിക്കണമെന്ന് നിഷ്കര്‍ഷിക്കുന്നത്.
കുറ്റാന്വേഷകന് തയ്യാറാക്കുന്ന ഏത് റിപ്പോര്‍ട്ടും കാലതാമസം കൂടാതെ മജിസ്ട്രേറ്റ് കോടതിയില്‍ എത്തിക്കപ്പെടേണ്ടതുണ്ട്. ഇതിലുണ്ടാകുന്ന വീഴ്ചകള്‍ പ്രോസിക്യൂഷന് കേസ്സുകളുടെ അവിശ്വസനീയതയ്ക്ക് ഇടയാക്കുമെന്ന് സുപ്രീം കോടതി ഉദ്ഘോഷിച്ചിട്ടുണ്ട്. ഒരു പ്രതിയ്ക്ക് നിയമം അനുശാസിക്കുന്ന ഏറ്റവും വലിയ ഉറപ്പാണ് കാലതാമസം കൂടാതെ ഒറിജിനല്‍ ഏഫ്.ഐ.ആറും, ഇന്‍ക്വസ്റ്റും, മജിസ്ട്രേറ്റ് കോടതിയില്‍ എത്തിപ്പെടുക എന്നുള്ളത്. പ്രസ്തുത രേഖകള്‍ കിട്ടിയാലുടന്‍തന്നെ മജിസ്ട്രേട്ട് അതില്‍ കിട്ടിയ സമയം രേഖപ്പെടുത്തി ഇനീഷ്യലും, സീലും വെയ്ക്കണമെന്നുള്ളതും നിര്‍ബന്ധമാണ്. കുറ്റാന്വേഷണ സംവിധാനം പ്രതിയെ കുടുക്കാന്‍ കൃത്രിമം കാട്ടുന്നതിനെതിരേയുള്ള ശക്തമായ ഗ്യാരണ്ടിയാണ് ഈ നടപടിക്രമം. തലശ്ശേരി ദാസന് കേസ്സില്‍ അടിസ്ഥാനരേഖകളില്പ്പോലും കൃത്രിമം കാട്ടി എന്നതാണ് സെഷന്‍സ് കോടതിയുടെ കണ്ടത്തലായി വിധിന്യായത്തില്‍ വിവരിച്ചിട്ടുള്ളത്.
ദാസന് കേസ്സിലെ പ്രതികളായ 9 ആര്‍എസ്എസ് പ്രവര്‍ത്തകരേയും കുറ്റക്കാരല്ലെന്ന് കണ്ട് സെഷന്‍സ് കോടതി വിട്ടയച്ചിരിക്കയാണ്. രാഷ്ട്രീയ വിരോധത്താല്‍ നിരപരാധികളായ ആര്‍എസ്എസ് പ്രവര്‍ത്തകരെ ഭരണസ്വാധീനം ഉപയോഗിച്ച് സിപിഎം പ്രതികളാക്കുകയും വേട്ടയാടുകയും ചെയ്തു എന്നതായിരുന്നു പ്രതികളുടെ വാദം. ദാസന് മത്സ്യക്കച്ചവടത്തിനു പോയപ്പോള്‍ ഇടവഴിയില്‍വെച്ച് കൊല്ലപ്പെട്ടുവെന്നത് ശരിയല്ലെന്നും പ്രതിഭാഗം കോടതിയില്‍ ബോധിപ്പിച്ചു. മറ്റൊരു സംഭവത്തില്‍ കൊല്ലപ്പെട്ട ദാസന്റെ ശവശരീരം സംഭവസ്ഥലത്ത് കൊണ്ടിട്ട് കൃത്രിമമായി എതിരാളികളെ പ്രതികളാക്കി കേസ് മെനയുകയായിരുന്നു. എഫ്ഐആറിലും ഇന്‍ക്വസ്റ്റിലും കൃത്രിമം കാട്ടിയെന്നത് വ്യക്തമായിരുന്നു. കേസ്സില്‍ വിചാരണാ കോടതി കണ്ടെത്തിയ ഒരു വസ്തുത കോടതിയില്‍ ഹാജരാക്കി സൂക്ഷിച്ചിരുന്ന ഇന്‍ക്വസ്റ്റിന്റെ 5-ാം പേജ് മാറ്റി പകരം മറ്റൊരു പേജ് കൃത്രിമമായി കൂട്ടിച്ചേര്‍ത്തു എന്നതാണ്. ഈ കൃത്രിമത്തിന്റെപേരില് അന്വേഷണ ഉദ്യോഗസ്ഥനും, ബന്ധപ്പെട്ട കോടതി ജീവനക്കാരനുമെതിരേ നടപടിയെടുക്കാന്‍ സെഷന്‍സ് കോടതി ശുപാര്‍ശ ചെയ്തിരിക്കുകയാണ്. നമ്മുടെ ക്രിമിനല്‍ നീതി സമ്പ്രദായത്തിന്റെമേല് നിപതിച്ച ഒരു ഇടിത്തീയായി കോടതിമുറിയ്ക്കുള്ളിലെ കൃത്രിമത്തത്തേയും വ്യാജരേഖ നിര്മ്മിക്കലിനേയും കാണേണ്ടതാണ്.
ആഭ്യന്തര വകുപ്പ് കൈയ്യാളുന്ന കക്ഷിയും പോലീസും കോടതി ജീവനക്കാരനും ചേര്‍ന്ന് കോടതിയിലുള്ള ഒറിജിനല്‍ രേഖ നശിപ്പിച്ച് കൃത്രിമ തെളിവുണ്ടാക്കുന്നത് നമ്മുടെ നിയമചരിത്രത്തില്തന്നെ അത്യപൂര്‍വ്വമായ ഒരു പാപപങ്കിലതയാണ്. ഇതുകണ്ട് കോടതി തന്നെ ഞെട്ടിപ്പോയതായി വ്യക്തമാക്കിയിട്ടുണ്ട്.
കുറ്റാന്വേഷണവേളയില് ഭരണകൂടത്തിന്റെ കങ്കാണിമാരായി സത്യത്തേയും, ധര്‍മ്മത്തേയും, നിയമത്തേയും കുത്തിമലര്‍ത്തി കുഴിച്ചുമൂടുന്ന കാക്കികുപ്പായക്കാരുടെ നികൃഷ്ടകഥകളില് ഇതൊരു പുത്തന്‍ അദ്ധ്യായമാണ്. എന്നാല്‍ കോടതിമുറിക്കകത്ത് സുരക്ഷിതമായി സൂക്ഷിച്ച രേഖകള്‍പോലും അടിച്ചുമാറ്റപ്പെടുന്നു എന്നുവരുമ്പോള്‍ അതിന് ഗൗരവപൂര്‍വ്വം വീക്ഷിക്കാന്‍ ജനങ്ങളും ഉന്നതനീതിപീഠവും തയ്യാറാകേണ്ടിയിരിക്കുന്നു. ഇതുവഴി നീതിനിഷേധത്തിന്റെ ഇരകളായവര്ക്കുപോലും പൊരുതാന്‍ ശുഷ്കാന്തിയില്ലാത്തത് ദീര്‍ഘകാരം പൊരുതി തളര്‍ന്നതുകൊണ്ടാവാം.
തലശ്ശേരിയിലെ ബിജെപി ജില്ലാ സെക്രട്ടറിയായിരുന്ന പന്നന്ന്യൂര്‍ ചന്ദ്രന്റെ വധം, യുവമോര്‍ച്ചാ സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ജയകൃഷ്ണന് മാസ്റ്ററുടെ നിഷ്ഠൂരകൊലപാതകം, കൂത്തുപറമ്പിലെ വക്കീല്‍ ഗുമസ്ഥന് പി.മോഹനന്റെ അറുംകൊല എന്നീ കേസ്സുകള്‍ വിചാരണ ചെയ്ത സെഷന്‍സ് കോടതികള്‍ സിപിഎമ്മും പോലീസും ചേര്‍ന്ന് ആസുത്രിതമായി സത്യത്തെ അട്ടിമറിച്ച കഥകള്‍ വിധിന്യായത്തില്‍ വ്യക്തമായി വിവരിച്ചിട്ടുള്ളതാണ്. ഇത്തരം അട്ടിമറിക്കാര്‍ക്കും അവിടെ രാഷ്ട്രീയ യജമാനന്മാര്ക്കുമെതിരേ ശിക്ഷാ നടപടികള്‍ സ്വീകരിക്കണമെന്ന് കോടതികള്‍ ഉത്തരവുകള്‍വഴി ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ഇന്നുവരെ ഇക്കാര്യത്തില്‍ യാതൊരുവിധ മേല്‍ നടപടിയും ഉണ്ടായിട്ടില്ല. മാറിമാറി വന്ന യുഡിഎഫ്- എല്‍ഡിഎഫ് സര്‍ക്കാരുകള്‍ സൗകര്യപൂര്‍വ്വം കോടതികളുടെ ശുപാര്‍ശകള്‍ കണ്ടില്ലെന്ന് നടിച്ച് ഒഴിഞ്ഞുമാറുകയായിരുന്നു. സാക്ഷരകേരളത്തില്‍ ഇത്തരം കൊടിയ അനീതികള്‍ക്കെതിരേ ഉയരേണ്ട പ്രതിഷേധ-പ്രതിസ്പന്ദങ്ങള്‍ എവിടെയൊക്കെയോ തട്ടിമുട്ടി അവസാനിക്കുകയായിരുന്നു. രാഷ്ട്രീയ തലത്തിലും നിയമതലത്തിലും ഇരകള്‍ക്ക് ലഭിക്കേണ്ട നീതി അലസിപ്പോയ നാടാണിത്. മൗനത്തിന്റെ വല്മീകത്തില് അടയിരിക്കുന്നവര്‍ ആരായാലും ഇക്കാര്യത്തിലവരുടെ മൗനം കുറ്റകരമാണ്.
ദാസന് കൊലക്കേസ്സില്‍ കോടതിമുറിയ്ക്കുള്ളില്‍ അരങ്ങേറിയ ആസുത്രിത അട്ടിമറിവഴി രേഖകള്‍ നഷ്ടപ്പെടുകയും കൃത്രിമം കാട്ടുകയും ചെയ്തതായി കോടതി കണ്ടെത്തിയിട്ടും പ്രതിഷേധത്തിന്റെ കൊടുംകാറ്റുകളുയര്ന്നില്ല. നാടിന്റെ നീതിബോധം ഉള്വലിഞ്ഞ്പോയോ എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. അനീതിയ്ക്കെതിരേ ആഞ്ഞടിക്കാന്‍ പ്രതിജ്ഞാബദ്ധമായ പൊതുസമൂഹം ഇത്തരം കാര്യങ്ങളില്‍ പ്രതിഷേധത്തിന് തയ്യാറാവുന്നില്ലെങ്കില്‍ നിയമവാഴ്ചയുടെ തകര്‍ച്ചയിലേക്കായിരിക്കും കാര്യങ്ങളെത്തുക. നീതി ലഭിക്കേണ്ട ഇരകള്‍ക്ക് കൂടുതല്‍ മുറിവുകള്‍ പേറേണ്ടി വരികയായിരിക്കും ഭാവി ഫലം. ജയകൃഷ്ണന് മാസ്റ്റര്‍ കേസ്സിലും പന്നന്ന്യൂര്‍ ചന്ദ്രന് കേസ്സിലും, മോഹനന് വധക്കേസ്സിലും കോടതി ഉത്തരവുകള്‍ മുങ്ങിപ്പോയതുപോലെ ദാസന് കേസ്സില്‍ കോടതി വിധി നടപ്പാക്കപ്പെടാതെ കുഴിച്ചുമൂടപ്പെടാന്‍ അനുവദിച്ചുകൂടാ.
അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: